Football in Malayalam

ഈ സീസൺ കഴിയുന്നതിന് മുൻപ് റൊണാൾഡോക്ക് പൂർത്തിയാക്കാനുള്ള നാലു പ്രധാന വെല്ലുവിളികൾ

Sreejith N
Udinese Calcio v Juventus  - Serie A
Udinese Calcio v Juventus - Serie A / Alessandro Sabattini/Getty Images
facebooktwitterreddit

റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലേക്ക് ചേക്കേറുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻപിലുണ്ടായിരുന്ന പ്രധാന വെല്ലുവിളിയായിരുന്നു ഇറ്റാലിയൻ ക്ലബിന് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി നൽകുകയെന്നത്. എന്നാൽ മൂന്നാമത്തെ സീസൺ യുവന്റസിനൊപ്പം പൂർത്തിയാക്കാനൊരുങ്ങുന്ന റൊണാൾഡോക്ക് ഇതുവരെയും ആ വെല്ലുവിളി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. മൂന്നു സീസണുകളിൽ മൂന്നു പരിശീലകർക്കു കീഴിൽ കളിക്കേണ്ടി വന്നതടക്കം നിരവധി പ്രതിസന്ധികളാണ് റൊണാൾഡോയുടെ സ്വപ്‌നങ്ങൾക്ക് തടസ്സമായത്.

ഈ സീസണു ശേഷം റൊണാൾഡോ യുവന്റസിലുണ്ടാകുമോയെന്ന കാര്യത്തിൽ യാതൊരുറപ്പും നിലവിലെ സാഹചര്യത്തിലില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെയുള്ള പുറത്താവലും സീരി എ കിരീടം നഷ്ടമായതുമെല്ലാം റൊണാൾഡോ യുവന്റസ് വിടാനുള്ള സാധ്യത വർധിപ്പിക്കുന്നു. താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ, ഈ സീസൺ കഴിയുന്നതിന് മുൻപ് ഇറ്റാലിയൻ ക്ലബിനൊപ്പം റൊണാൾഡോക്ക് ചെയ്‌തു തീർക്കാൻ നാല് പ്രധാന കാര്യങ്ങൾ ബാക്കിയാണ്.

1. യുവന്റസിനു ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കുക

Wojciech Szczesny, Cristiano Ronaldo
Juventus v FC Porto - UEFA Champions League Round Of 16 Leg Two / Jonathan Moscrop/Getty Images

കഴിഞ്ഞ ഒൻപതു വർഷമായി സീരി എ കിരീടം സ്വന്തമാക്കുന്ന യുവന്റസ് പക്ഷെ ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും ഉറപ്പില്ലാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്. നിലവിൽ മൂന്നാം സ്ഥാനത്താണെങ്കിലും ആറാം സ്ഥാനത്തുള്ള ടീമിനു വരെ യുവന്റസിനെ മറികടക്കാൻ അവസരമുണ്ട്. ഇനിയുള്ള നാലു സീരി എ പോരാട്ടങ്ങളിൽ മൂന്നും കടുപ്പമേറിയ എതിരാളികൾക്കെതിരെയാണ് എന്നിരിക്കെ കഴിഞ്ഞ മത്സരത്തിൽ യുഡിനസിനെതിരെ നടത്തിയതു പോലൊരു പ്രകടനം ആവർത്തിച്ച് യുവന്റസിനെ ചാമ്പ്യൻസ് ലീഗിലെത്തിക്കേണ്ടത് റൊണാൾഡോക്ക് അനിവാര്യമാണ്.

2. യുവന്റസിനൊപ്പം അഞ്ചാം കിരീടം

Juventus v SSC Napoli - Italian PS5 Supercup
Juventus v SSC Napoli - Italian PS5 Supercup / MB Media/Getty Images

ചാമ്പ്യൻസ് ലീഗ്, സീരി എ കിരീടങ്ങൾ നഷ്‌ടമായെങ്കിലും യുവന്റസിനൊപ്പം ഒരു കിരീടം നേടാൻ ഈ സീസണിൽ റൊണാൾഡോക്ക് അവസരമുണ്ട്. മെയ് 19നു കോപ്പ ഇറ്റാലിയ ഫൈനലിൽ അറ്റലാന്റായെ നേരിടുമ്പോൾ കിരീടമല്ലാതെ മറ്റൊരു ലക്ഷ്യവും റൊണാൾഡോക്ക് മുന്നിലില്ല. റൊണാൾഡോക്ക് യുവന്റസിനൊപ്പം അഞ്ചാമത്തെ കിരീടം നേടാനുള്ള അവസരം എന്നതിലുപരിയായി പരിശീലകൻ പിർലോക്കും കോപ്പ ഇറ്റാലിയ ഫൈനൽ നിർണായകമാണ്.

3. മൂന്നു ലീഗുകളിൽ ടോപ് സ്കോററാകുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കാൻ അവസരം

Cristiano Ronaldo
Udinese Calcio v Juventus - Serie A / Alessandro Sabattini/Getty Images

യുവന്റസിലെത്തിയതിനു ശേഷം റൊണാൾഡോ 79 ഗോളുകളാണ് ലീഗിൽ നേടിയിരിക്കുന്നത്. ഈ മൂന്നു വർഷത്തിനിടയിൽ ഇതിനേക്കാൾ ഗോളുകൾ മറ്റൊരു താരവും നേടിയിട്ടില്ലെങ്കിലും കഴിഞ്ഞ രണ്ടു തവണയും ലീഗ് ടോപ് സ്‌കോറർ സ്ഥാനം താരത്തിന് അന്യമായിരുന്നു. ആദ്യ സീസണിൽ റൊണാൾഡോ നാലാം സ്ഥാനത്തായിരുന്നപ്പോൾ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്താണ് എത്തിയത്. ഈ സീസണിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള താരം ടോപ് സ്കോററായാൽ യൂറോപ്പിലെ പ്രധാനപ്പെട്ട മൂന്നു ലീഗുകളിൽ ടോപ് സ്‌കോറർ സ്ഥാനം നേടിയ ആദ്യ താരമെന്ന റെക്കോർഡ് റൊണാൾഡോക്ക് സ്വന്തമാകും.

4. യുവന്റസിൽ സെഞ്ചുറി നേടാൻ അവസരം

Cristiano Ronaldo
Juventus FC v SSC Napoli - Serie A / MB Media/Getty Images

129 മത്സരങ്ങളിൽ നിന്നും യുവന്റസിനു വേണ്ടി 99 ഗോളുകൾ നേടിയ താരം നൂറു ഗോൾ നേട്ടത്തിന് തൊട്ടരികിലാണ്. പൗളോ ഡിബാല നേടിയ ഗോളുകൾക്കൊപ്പമെത്താൻ താരത്തിന് മൂന്നു സീസൺ കൊണ്ടു തന്നെ കഴിഞ്ഞിട്ടുണ്ട്. സീസണിൽ ഇനിയും നാല് മത്സരങ്ങൾ ബാക്കിയുള്ളതു കൊണ്ടു തന്നെ ഗോളുകളുടെ എണ്ണം ഇനിയും വർധിപ്പിക്കാൻ റൊണാൾഡോക്ക് അവസരമുണ്ട്.

facebooktwitterreddit