യുറുഗ്വായ് പരിശീലകന് ലയണൽ മെസിയെ തടുക്കാനുള്ള വഴി നിർദ്ദേശിച്ച് മുൻ താരം


യുറുഗ്വായും അർജന്റീനയും നാളെ രാവിലെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഏറ്റുമുട്ടാനിരിക്കെ യുറുഗ്വായ് പരിശീലകൻ ഓസ്കാർ ടെബാരസിനു ലയണൽ മെസിയെ തടുക്കാനുള്ള വഴി പറഞ്ഞു കൊടുത്ത് ദേശീയ ടീമിലെ മുൻ താരമായ സെബാസ്റ്റ്യൻ അബ്രിയു. 1986 ലോകകപ്പിൽ ഡീഗോ മറഡോണയെ തടുത്തതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു മെസിക്കെതിരെ തന്ത്രങ്ങൾ മെനയെണമെന്നാണ് അദ്ദേഹം പറയുന്നത്.
യുറുഗ്വായ്ക്കെതിരെ വിജയം നേടി ഖത്തർ ലോകകപ്പിനു യോഗ്യത നേടാൻ ഒരു വിജയം കൂടി മാത്രം മതിയെന്ന തരത്തിൽ തങ്ങളുടെ നില സുരക്ഷിതമാക്കാനാണ് രണ്ടാം സ്ഥാനക്കാരായ അർജന്റീന ഇറങ്ങുന്നത്. അതേസമയം ആറാം സ്ഥാനത്തുള്ള യുറുഗ്വായ്ക്ക് ഇനിയുള്ള ഓരോ മത്സരവും നിർണായകമാണ് എന്നതിനാൽ എല്ലാ ശക്തിയും ഉപയോഗിച്ചാവും അവർ പൊരുതുക.
??? Lionel Messi having fun in Argentina training ? pic.twitter.com/MgAIKOcOnD
— beIN SPORTS USA (@beINSPORTSUSA) November 11, 2021
കഴിഞ്ഞ മാസം ഇരുടീമുകളും അർജന്റീനയിൽ ഏറ്റുമുട്ടിയപ്പോൾ യുറുഗ്വായ് എതിരില്ലാത്ത മൂന്നു ഗോളുകളുടെ തോൽവി ഏറ്റു വാങ്ങിയിരുന്നു. ലയണൽ മെസി, റോഡ്രിഗോ ഡി പോൾ, ലൗടാരോ മാർട്ടിനസ് തുടങ്ങിയവർ ഗോളുകൾ കണ്ടെത്തി അർജന്റീന നേടിയ വിജയത്തിനു മറുപടി നൽകാൻ വേണ്ടി യുറുഗ്വായ് തയ്യാറെടുക്കുമ്പോഴാണ് അബ്രിയു മെസിയെ തടുക്കാനുള്ള തന്റെ നിർദ്ദേശം പ്രകടിപ്പിച്ചത്.
"1986 ഡീഗോയെ കൈകാര്യം ചെയ്തതു പോലെത്തന്നെയാണ് മെസിയെയും ചെയ്യേണ്ടത്. സ്കലോണിക്കു മുൻപ് അർജന്റീന മെസി മാത്രമായിരുന്നു: അദ്ദേഹത്തെ നിയന്ത്രിച്ചാൽ മത്സരം നമ്മുടെ വരുതിയിലാക്കാൻ കഴിയുമായിരുന്നു. എന്നാലിന്ന് ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങൾ വ്യക്തിഗത മികവിനു കരുത്തു നൽകുന്നു," ഇഎസ്പിഎൻ അർജന്റീനയോട് അബ്രിയു പറഞ്ഞു.
1986 ലോകകപ്പിൽ യുറുഗ്വായ് അർജന്റീനയോട് തോൽവി വഴങ്ങിയെങ്കിലും അന്നു ടീമിലെ പ്രധാന താരമായിരുന്ന മറഡോണയെ നിശബ്ദമാക്കാൻ അവർക്കു കഴിഞ്ഞിരുന്നു. അതേസമയം, നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ മെസി ഇറങ്ങുമോയെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല.