ലിവർപൂളിനെതിരെ ബെൻസിമയുടെ ഗോൾ നിഷേധിച്ചത് തെറ്റായ തീരുമാനമെന്ന് മുൻ റഫറി
By Sreejith N

ഇന്നലെ രാത്രി നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആദ്യ പകുതിയിൽ റയൽ മാഡ്രിഡ് താരം ബെൻസിമ നേടിയ ഗോൾ നിഷേധിച്ച റഫറിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് മുൻ റഫറിയും സ്‌പാനിഷ് മാധ്യമം മാർക്കയുടെ അനലിസ്റ്റുമായ പാവൽ ഫെർണാണ്ടസ്. ബെൻസിമയിലേക്ക് ആ പന്തെത്തിയത് ലിവർപൂൾ താരമായ ഫാബിന്യോയുടെ കാലുകളിൽ നിന്നാണെന്നാണ് അദ്ദേഹം പറയുന്നത്.
ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെയാണ് ബോക്‌സിനുള്ളിൽ നടന്ന ഒരു പൊരിച്ചിലിനൊടുവിൽ ബെൻസിമ ഗോൾ നേടിയത്. എന്നാൽ ലൈൻ റഫറി അത് ഓഫ്‌സൈഡ് വിളിക്കുകയും വീഡിയോ അസിസ്റ്റന്റ് റഫറി ദൃശ്യങ്ങൾ പരിശോധിച്ച് അതുറപ്പാക്കുകയും ചെയ്‌തു. പാസ് സ്വീകരിക്കുന്ന സമയത്ത് ലാസ്റ്റ് ഡിഫെൻഡർക്കും സെക്കൻഡ് ലാസ്റ്റ് ഡിഫെൻഡർക്കും ഇടയിലായിരുന്നു ബെൻസിമ എന്നതാണ് ഗോൾ നിഷേധിക്കാൻ കാരണമായത്.
എന്നാൽ ആ പാസ് നൽകിയത് ഫാബിന്യോയാണെന്നും അതിനാൽ റഫറിയുടെ തീരുമാനം തെറ്റായിരുന്നു എന്നുമാണ് പാവേൽ ഫെർണാണ്ടസ് പറയുന്നത്. അതേസമയം ആ നീക്കത്തിന്റെ തുടക്കത്തിൽ ഒരു ഓഫ്‌സൈഡ് ഉണ്ടോയെന്നു സംശയം പ്രകടിപ്പിച്ച അദ്ദേഹം ദൃശ്യങ്ങൾ കൃത്യമല്ലെന്നും റേഡിയോ മാർക്കയോട് പറഞ്ഞു. തുടക്കത്തിൽ ഓഫ്‌സൈഡ് ഇല്ലെങ്കിൽ ആ ഗോൾ അനുവദിക്കേണ്ടതാണെന്നും ബെൻസിമ ഓൺസൈഡ് ആണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
ബെൻസിമയുടെ ഗോൾ നിശേഷിക്കപ്പെട്ടു എങ്കിലും മത്സരത്തിൽ റയൽ മാഡ്രിഡിന്റെ വിജയം നിഷേധിക്കാൻ ആർക്കും കഴിഞ്ഞില്ല. അൻപത്തിയൊമ്പതാം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ നേടിയ ഗോളിലൂടെ റയൽ മാഡ്രിഡ് വിജയവും പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.