Football in Malayalam

ലയണൽ മെസിയുമായി ഇണങ്ങിച്ചേർന്നാൽ പിഎസ്‌ജിക്കു ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയുമെന്ന് ഫ്രഞ്ച് ക്ലബിന്റെ മുൻ മേധാവി

Sreejith N
Paris Saint-Germain v Club Brugge KV: Group A - UEFA Champions League
Paris Saint-Germain v Club Brugge KV: Group A - UEFA Champions League / Sebastian Frej/MB Media/GettyImages
facebooktwitterreddit

വളരെ വർഷങ്ങൾ ബാഴ്‌സക്കു വേണ്ടി കളിച്ചതിനു ശേഷം കഴിഞ്ഞ സമ്മറിൽ പിഎസ്‌ജിയിലേക്കു ചേക്കേറിയ ലയണൽ മെസി ഫ്രഞ്ച് ക്ലബുമായി ഇണങ്ങിച്ചേരുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയ സമയമാണിപ്പോൾ. നെയ്‌മർ പരിക്കേറ്റു പുറത്തിരിക്കുന്ന ഈ സമയത്ത് എംബാപ്പയുമായി ചേർന്ന് ധാരണയുണ്ടാക്കിയെടുത്ത് പിഎസ്‌ജി ആക്രമണങ്ങൾക്കു ശക്തി പകരാൻ മെസി നടത്തുന്ന ശ്രമങ്ങൾ കളിക്കളത്തിൽ വ്യക്തമാണ്.

മെസിയുമായി പിഎസ്‌ജി ഒത്തിണങ്ങി പോവുകയാണു ടീമിനു ഗുണം ചെയ്യുകയെന്നു തന്നെയാണ് ഫ്രഞ്ച് ലീഗ് ക്ലബായ ആർസി ലെൻസിന്റെ മുൻ പ്രസിഡന്റായ ഗെർവൈസ് മാർട്ടൽ ഈ സമയത്ത് അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസം ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ ഡു സോയറിനോട് സംസാരിച്ച അദ്ദേഹം മെസിയുമായി പിഎസ്‌ജി ഇണങ്ങിച്ചേർന്നാൽ അവർക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയുമെന്നും അഭിപ്രായപ്പെട്ടു.

"പിഎസ്‌ജി മെസിയുമായി ഇണങ്ങിചേരണമെന്നാണ് ഞാൻ കരുതുന്നത്. എംബാപ്പടക്കമുള്ള താരങ്ങൾ താരത്തിനു ചുറ്റുമുണ്ടാകണം, ബുദ്ധിപൂർവം പന്തുകൾ നൽകുന്നത് എങ്ങിനെയെന്ന് മെസിക്കറിയാം. എങ്കിലും പിഎസ്‌ജിയുടെ മത്സരങ്ങൾ ചിലപ്പോഴൊക്കെ കാണുമ്പോൾ മെസിക്കും എംബാപ്പക്കുമിടയിൽ സ്വാജനപക്ഷപാതം ഉള്ളതായി തോന്നാറുണ്ട്."

"മെസി ഓഗസ്റ്റ് പത്തിനാണ് വന്നതെന്ന് നിങ്ങൾ മറന്നു പോകുന്നു. ഒരു തയ്യാറെടുപ്പും താരത്തിനുണ്ടായിരുന്നില്ല. ഇപ്പോൾ നിരവധി മത്സരങ്ങൾ കളിച്ച് താളം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണവൻ. മെസി ഏറ്റവും മികച്ചതായി വരുമെന്നും പിഎസ്‌ജിക്കൊപ്പം വിജയങ്ങൾ നേടുമെന്നും എനിക്കുറപ്പുണ്ട്. നമുക്കിഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും താരത്തിനു ചുറ്റും കളിക്കാരെ അണിനിരത്തിയാൽ ചാമ്പ്യൻസ് ലീഗ് വിജയിക്കാനും അവർക്കാവും," മാർട്ടൽ പറഞ്ഞു.

ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന പിഎസ്‌ജിയുടെ സ്വപ്‌നം നേടിക്കൊടുക്കാനുള്ള പ്രതിഭ മെസിക്കിപ്പോഴും ഉണ്ടെന്നതിൽ സംശയമില്ല. എന്നാൽ സീസണിന്റെ രണ്ടാം പകുതിയിൽ താരം നടത്തുന്ന പ്രകടനമായിരിക്കും അതിൽ നിർണായകമാവുക.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit