സെർജിയോ റാമോസ് ഈ സീസണിലിനി പിഎസ്ജിക്കു വേണ്ടി കളിക്കാൻ സാധ്യതയില്ലെന്ന് മുൻ പിഎസ്ജി താരം


സെർജിയോ റാമോസ് പിഎസ്ജിക്കു വേണ്ടി ഈ സീസണിലിനി കളിച്ചേക്കില്ലെന്ന് ഫ്രഞ്ച് ക്ലബിന്റെ മുൻ താരമായ അലൈൻ റോഷെ. റയൽ മാഡ്രിഡിൽ നിന്നും ഫ്രീ ഏജന്റായി ഈ സമ്മറിൽ പിഎസ്ജിയിലേക്ക് ചേക്കേറിയ സ്പാനിഷ് താരത്തിന് നിരന്തരം പരിക്കുകൾ പറ്റി മത്സരങ്ങൾ നഷ്ടമാകുന്ന സാഹചര്യത്തിലാണ് റോഷെയുടെ പ്രതികരണം.
"റാമോസ് ഒരു വമ്പൻ മത്സരത്തിൽ പോലും ഇതുവരെ കളിച്ചിട്ടില്ല, ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിലും കളത്തിലിറങ്ങിയിട്ടില്ല. അത് വളരെ ദുഃഖകരമാണ്. താരം ക്ലബിലുള്ളത് സന്തോഷമാണെങ്കിലും ആ പന്തയം വിജയിച്ചില്ല. ഇനി അത്ഭുതങ്ങളിൽ വിശ്വസിക്കുക മാത്രമേ ഞങ്ങൾക്ക് ചെയ്യാനുള്ളൂ. എന്നെ സംബന്ധിച്ച് റാമോസിന്റെ സീസൺ അവസാനിച്ചു." ലെ പാരീസിയൻ ഡി ഹൊറിനോട് റോഷെ പറഞ്ഞത് മാർക്ക റിപ്പോർട്ട് ചെയ്തു.
Sergio Ramos branded "failed bet" at PSG as "season is over" suggestion is madehttps://t.co/FbLYz5yosN pic.twitter.com/fKi0nMvN1D
— Mirror Football (@MirrorFootball) February 23, 2022
കഴിഞ്ഞ സീസണിൽ ചെൽസിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെയേറ്റ പരിക്കിനു ശേഷം റാമോസിന് പഴയതു പോലെ കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞിട്ടില്ല. പരിക്കിനെ തുടർന്ന് യൂറോ കപ്പിനുള്ള സ്പെയിൻ ടീമിലെ സ്ഥാനമടക്കം നഷ്ടമായ താരം ഈ സീസണിൽ ആകെ അഞ്ചു മത്സരങ്ങളിൽ മാത്രമാണ് പിഎസ്ജി ജേഴ്സിയിൽ ഇറങ്ങിയത്.
റാമോസിനെ സംബന്ധിച്ച് നഷ്ടപ്പെട്ട പ്രധാന മത്സരം റയൽ മാഡ്രിഡിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടമായിരുന്നു. പരിക്കു മൂലം ആ മത്സരത്തിൽ കളിക്കാതിരുന്ന റാമോസ് എന്നാണു ഫിറ്റ്നസ് വീണ്ടെടുക്കുക എന്ന കാര്യത്തിൽ വ്യക്തത ഇല്ലാത്തതിനാൽ റയൽ മാഡ്രിഡിന്റെ മൈതാനത്തു നടക്കുന്ന രണ്ടാം പാദത്തിലും താരം കളിക്കാൻ സാധ്യത കുറവാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.