ലോകകപ്പിൽ മെസിക്ക് പകരക്കാരനായാവും അർജന്റീന ടീമിൽ ഇടമുണ്ടാവുകയെന്ന് മുൻ പോളണ്ട് പരിശീലകൻ


ഈ വർഷാവസാനം ഖത്തറിൽ വെച്ചു നടക്കുന്ന ഫിഫ ലോകകപ്പ് 2022ൽ ലയണൽ മെസിയെ അർജന്റീന പകരക്കാരനായി ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന് മുൻ പോളണ്ട് പരിശീലകൻ ആന്റണി പീഷ്നിസെക്ക്. ലയണൽ മെസിക്ക് പ്രായമേറിയെന്നതും താരം പിഎസ്ജിക്കൊപ്പം നടത്തുന്ന മോശം പ്രകടനവും കണക്കിലെടുത്താണ് ആന്റണി ഈ അനുമാനത്തിൽ എത്തിയത്.
"സത്യസന്ധമായി പറയുകയാണെങ്കിൽ, മെസിയീ കാട്ടിലെ മുത്തച്ഛനാണ്. ഏതാനും വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന താരമേയല്ല അദ്ദേഹമിപ്പോൾ. ലോകകപ്പിൽ താരം എന്ത് വേഷമാണ് ചെയ്യുകയെന്ന് കണ്ടറിയേണ്ട കാര്യമാണ്." മാർക്കയോട് ആന്റണി പറഞ്ഞു. ഏതാനും വർഷങ്ങൾക്കു മുൻപുള്ള മെസിയെ പോളണ്ടിന് എതിരാളികളായി ലഭിച്ചിരുന്നെങ്കിൽ നന്നായേനെയെന്നും അദ്ദേഹം പറഞ്ഞു.
"ഇപ്പോഴത്തെ നിലവാരം നോക്കുബോൾ സ്കലോണി താരത്തെ ബെഞ്ചിൽ ഇരുത്താനുള്ള സാധ്യത കൂടുതലാണ്. സ്വീഡനിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ചെയ്തതു പോലൊരു വേഷം താരത്തിന് ചെയ്യാൻ കഴിയും. ഒരു സബ്സ്റ്റിറ്റ്യൂട്ടായി വന്ന അവസാനത്തെ പതിനഞ്ചോ ഇരുപതോ മിനുട്ടുകൾ കളിക്കാൻ താരത്തിനാവും."
അതേസമയം മെസി മികച്ച പ്രകടനം നടത്താനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. "മെസിക്കിതൊരു വമ്പൻ ലോകകപ്പ് ആയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. ഇപ്പോഴും അത്ഭുതങ്ങൾ ഉണ്ടായേക്കാം. എന്നാൽ പിഎസ്ജിയിൽ കാണുന്നതു വെച്ച് താരം മുൻപത്തെ മെസിയല്ല." ആന്റണി വ്യക്തമാക്കി.
ഇത്തവണത്തെ ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ ഇടം പിടിച്ച അർജന്റീനയുടെ ഒരു എതിരാളികൾ പോളണ്ടാണ്. ഇതിനു പുറമെ സൗദി അറേബ്യ, മെക്സിക്കോ എന്നിവരും ഗ്രൂപ്പിലുണ്ട്. അർജന്റീനയുടെ നിലവിലെ ഫോമിൽ ഗ്രൂപ്പ് ഘട്ടം വലിയ ബുദ്ധിമുട്ടുണ്ടാകാൻ സാധ്യതയില്ലെങ്കിലും ഒരു ടീമിനെയും എഴുതി തള്ളാൻ കഴിയുകയില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.