Football in Malayalam

മാൻസിനിയെ വെറുക്കുന്നു, ഇറ്റലി യൂറോ കിരീടം നേടിയതിൽ സന്തോഷമില്ലെന്ന് മുൻ മാഞ്ചസ്റ്റർ സിറ്റി താരം

Sreejith N
Italy v England - UEFA Euro 2020: Final
Italy v England - UEFA Euro 2020: Final / Claudio Villa/Getty Images
facebooktwitterreddit

കഴിഞ്ഞ ലോകകപ്പിനു യോഗ്യത പോലും നേടാൻ കഴിയാത്ത നിരാശയിൽ നിന്നും ഉയർത്തെഴുന്നേറ്റ് ഇത്തവണ യൂറോ കപ്പ് കിരീടം നേടിയ ഇറ്റലിയുടെ തിരിച്ചുവരവിൽ ഫുട്ബോൾ ആരാധകരിൽ വലിയൊരു വിഭാഗവും സന്തോഷിച്ചിരുന്നു. ടൂർണമെന്റിൽ ഏറ്റവും മികച്ച കളി കാഴ്‌ച വെച്ച ടീമെന്ന നിലയിൽ അർഹിച്ച വിജയമാണ് ഇംഗ്ലണ്ടിനെതിരായ ഫൈനലിൽ ഇറ്റലി നേടിയെടുത്തത്.

എന്നാൽ ഇറ്റലിയുടെ വിജയത്തിൽ ഒരു തരത്തിലും തനിക്ക് സന്തോഷിക്കാൻ കഴിയില്ലെന്നാണ് മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ വെയ്ൻ ബ്രിഡ്‌ജ്‌ പറയുന്നത്. മാഞ്ചസ്റ്റർ സിറ്റിയിൽ ഒരുവർഷം സ്ഥിരമായി ആദ്യ ഇലവനിൽ കളിച്ചിരുന്ന താരത്തിന് മാൻസിനി പരിശീലകനായി എത്തിയതോടെ സ്ഥാനം നഷ്‌ടമായിരുന്നു. തുടർന്ന് മറ്റു ക്ലബുകളിലേക്ക് ചേക്കേറേണ്ടി വന്ന ബ്രിഡ്‌ജ്‌ ഇപ്പോഴും ഇറ്റാലിയൻ പരിശീലകനോടു തനിക്ക് ദേഷ്യമുണ്ടെന്നു വ്യക്തമാക്കി.

"മാൻസിനിയെ വെറുക്കുന്നതു കൊണ്ടു തന്നെ ഇറ്റലിയുടെ വിജയം വേദനിപ്പിച്ചു. അദ്ദേഹത്തോട് എനിക്കൊരു സ്നേഹവുമില്ലെന്ന് എല്ലാവർക്കുമറിയാം. എനിക്കു ലഭിച്ചതിൽ ഏറ്റവും മോശം അദ്ദേഹമാണെന്ന് ഞാൻ പറയുന്നില്ല, പക്ഷെ മാൻസിനി വലിയൊരു തന്ത്രജ്ഞനല്ല. എനിക്കിഷ്ടമല്ലെങ്കിലും അദ്ദേഹം ചെയ്‌ത കാര്യങ്ങൾ മികച്ചതായിരുന്നു." വെയ്ൻ ബ്രിഡ്‌ജ്‌ പറഞ്ഞത് മിറർ റിപ്പോർട്ടു ചെയ്‌തു.

"എന്റെ കുടുംബാംഗങ്ങൾ ഇംഗ്ലണ്ടിനെ പിന്തുണക്കുന്നതു കൊണ്ടല്ല അത്. അവർ മാൻസിനി തോൽക്കാൻ വേണ്ടി കൂടിയാണ് ആർത്തു വിളിച്ചത്. അതുകൊണ്ടു തന്നെ ഇറ്റലിയുടെ വിജയം ഞങ്ങളെ കൂടുതൽ വേദനിപ്പിച്ചു. അദ്ദേഹത്തെ ഒരിക്കലും മികച്ചൊരു മാനേജരായി എനിക്കു ലഭിച്ചിട്ടില്ല." ബ്രിഡ്‌ജ്‌ വ്യക്തമാക്കി.

മാഞ്ചസ്റ്റർ സിറ്റി ആദ്യ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത് മാൻസിനിയുടെ കഴിവു കൊണ്ടല്ലെന്നും നിരവധി മികച്ച താരങ്ങൾ ടീമിലുള്ളതു കൊണ്ടു മാത്രമാണെന്നും തുറന്നടിച്ച ബ്രിഡ്‌ജ്‌ ഇറ്റാലിയൻ പരിശീലകനു കീഴിലുള്ള ട്രെയിനിങ് താൻ ഒരിക്കലും ആസ്വദിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

facebooktwitterreddit