മൊഹമ്മദ് സലാ ഈജിപ്‌തിനു വേണ്ടി ഒന്നും ചെയ്‌തിട്ടില്ലെന്ന് മുൻ ദേശീയടീം പരിശീലകൻ
By Sreejith N

ലിവർപൂൾ സൂപ്പർതാരമായ മൊഹമ്മദ് സലാ ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെങ്കിലും ഈജിപ്‌ത് ദേശീയ ടീമിനു വേണ്ടി ഒന്നും ചെയ്‌തിട്ടില്ലെന്ന് ഫറവോസിന്റെ മുൻ പരിശീലകനായ ഹസൻ ഷെഹാത്ത. കൂടുതൽ മികച്ച പ്രകടനം നടത്തി ഇതിനേക്കാൾ കൂടുതൽ ദേശീയ ടീമിന് സംഭാവന നൽകാൻ സലാ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി യൂറോപ്യൻ ഫുട്ബോളിൽ ലിവർപൂൾ നടത്തുന്ന കുതിപ്പിനു പിന്നിലെ നിർണായക സാന്നിധ്യമായ സലാ. എങ്കിലും ഈജിപ്‌തിനൊപ്പമുള്ള താരത്തിന്റെ പ്രകടനം ഏറ്റവും മികച്ചതല്ലെന്നാണ് സലാ സീനിയർ ടീമിലെത്തും മുൻപ് ദേശീയ ടീമിന് മൂന്ന് ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് സമ്മാനിച്ച് വിടപറഞ്ഞ ഷെഹാത്ത പറയുന്നത്.
"ഞാനിതു പറയുന്നതിൽ ക്ഷമ ചോദിക്കുന്നു. പക്ഷെ മൊഹമ്മദ് സലാ ദേശീയടീമിനൊപ്പം ഒന്നും ചെയ്‌തിട്ടില്ല. താരം ഇപ്പോൾ നൽകുന്നതിനേക്കാൾ കൂടുതൽ മികച്ച രീതിയിൽ ചെയ്യണം. രാജ്യത്തിനായി കളിക്കുമ്പോൾ കൂടുതൽ ചെയ്യാൻ താരം എന്തായാലും ശ്രമിക്കണം." ഈജിപ്‌ത് ഇന്ഡിപെന്ഡന്റെയോട് ഷെഹാത്ത പറഞ്ഞു.
"താരമല്ല കളിക്കാരെ തിരഞ്ഞെടുക്കുന്നതെങ്കിലും ഇക്കാര്യം ഒഫിഷ്യൽസിനോട് പറയേണ്ടതാണ്. ഇവിടെയുള്ള കളിക്കാർ ഇംഗ്ലണ്ടിലുള്ള കളിക്കാരെ പോലെയല്ലെന്ന് പറയണം. എങ്കിൽ മാത്രമേ സലാക്ക് കൂടുതൽ ഇടം ലഭിക്കുന്നതു പോലെ പരിശീലകർക്ക് പദ്ധതിയുണ്ടാക്കാൻ കഴിയൂ. മൈതാനത്ത് ഏറ്റവും നല്ല രീതിയിൽ തുടരാൻ താരത്തെ സഹായിക്കണം." ഷെഹാത്ത വ്യക്തമാക്കി.
ഈ വർഷം ഈജിപ്‌ത് ദേശീയടീമിനൊപ്പം രണ്ടു തിരിച്ചടികളാണ് സലാ നേരിട്ടത്. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കപ്പിൽ സെനഗലിനോട് തോറ്റ സലാ അതിനു പിന്നാലെ നടന്ന ലോകകപ്പ് യോഗ്യത പ്ലേ ഓഫിലും അവരോടു തന്നെ തോറ്റ് ടൂർണമെന്റിൽ സ്ഥാനം ലഭിക്കാതെ പുറത്താവുകയും ചെയ്‌തു. സലായുള്ളപ്പോൾ 2017, 2021 വർഷങ്ങളിലും ഈജിപ്‌ത് ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിൽ എത്തിയിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.