വിനീഷ്യസ് ബാഴ്സലോണ ആരാധകൻ, പിഎസ്ജിയോടുള്ള തിരിച്ചുവരവിൽ താരം സന്തോഷം കൊണ്ടു കരഞ്ഞിട്ടുണ്ടെന്ന് ബ്രസീലിയാൻ ഏജന്റ്


ഈ സീസണിലെ ആദ്യത്തെ എൽ ക്ലാസിക്കോ മത്സരത്തിലെ താരമായത് വിനീഷ്യസ് ജൂനിയറായിരുന്നു. ഗോളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ബാഴ്സലോണ പ്രതിരോധം താരത്തിനു മുന്നിൽ മുട്ടുകുത്തിയെന്നു തന്നെ വേണം പറയാൻ. അതുകൊണ്ടു തന്നെ ക്യാമ്പ് ന്യൂവിൽ എത്തിയിരുന്ന ബാഴ്സലോണ ആരാധകർ താരത്തിനെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
എന്നാൽ വിനീഷ്യസ് യഥാർത്ഥത്തിൽ ഒരു ബാഴ്സലോണ ആരാധകൻ ആണെന്നാണ് കാറ്റലൻ ക്ലബിനു വേണ്ടി ബ്രസീലിൽ നിന്നും താരങ്ങളെ സ്കൗട്ട് ചെയ്തിരുന്ന ആന്ദ്രേ ക്യൂറി പറയുന്നത്. വിനീഷ്യസ് ബാഴ്സലോണയിൽ എത്തേണ്ടതായിരുന്നു എന്നും എന്നാൽ താരത്തിന്റെ ഏജന്റുമാർ അവസാന നിമിഷത്തിൽ കാലുമാറി തന്നെ വഞ്ചിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
Vinicius himself denies the claims. https://t.co/WW2OgKE7js
— MARCA in English (@MARCAinENGLISH) October 25, 2021
"വിനീഷ്യസ് ഒരു ക്യൂൾ ആണ്, ഒരു യഥാർത്ഥ ക്യൂൾ. ബാഴ്സലോണ പിഎസ്ജിക്കെതിരെ 6-1നു വിജയം നേടി തിരിച്ചു വന്നപ്പോൾ താരം പറയുകയുണ്ടായി. വിനീഷ്യസ് ബാഴ്സലോണയിലേക്ക് വരാൻ തയ്യാറായിരുന്നു. താരത്തിന്റെ രണ്ട് ഏജന്റുമാരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ അവസാന നിമിഷത്തിൽ അവരെന്നെ വഞ്ചിച്ചു. 2017നു ശേഷം ഞങ്ങൾ സംസാരിച്ചിട്ടുമില്ല." ക്യൂറി കദന സെറിനോട് പറഞ്ഞു.
അതേസമയം ബാഴ്സലോണയെ താൻ തഴയാനുണ്ടായ സാഹചര്യം വിനീഷ്യസ് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മാതാപിതാക്കൾ ബാഴ്സയിലും റയലിലും പോയിരുന്നുവെന്നും കൂടുതൽ മികച്ച സൗകര്യങ്ങളും ലോകത്തിലെ ഏറ്റവും മികച്ച ക്ലബെന്ന ഖ്യാതിയും കൊണ്ട് റയലിനെ തിരഞ്ഞെടുത്തുവെന്നുമാണ് വിനീഷ്യസ് പറഞ്ഞത്. താൻ റയൽ മാഡ്രിഡ് ആരാധകനാണെന്നും താരം അന്നു വ്യക്തമാക്കിയിരുന്നു.
2013ൽ നെയ്മറെ ബാഴ്സലോണയിൽ എത്തിച്ച ഏജന്റായ ക്യൂറി അതിനെക്കുറിച്ചും സംസാരിച്ചു. "നെയ്മറെ സ്വന്തമാക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഈ ക്ലബിനോട് സ്നേഹമുള്ളതു കൊണ്ടാണ് അദ്ദേഹം ഇവിടെയെത്തിയത്. മറിച്ച് സാധാരണ സാഹചര്യങ്ങൾ ആയിരുന്നുവെങ്കിൽ അദ്ദേഹം ബാഴ്സയിൽ എത്തില്ലായിരുന്നു. റയൽ മാഡ്രിഡ് താരത്തിന് നൂറു മില്യൺ യൂറോ അധികം ഓഫർ ചെയ്തിട്ടുണ്ട്." ക്യൂറി വ്യക്തമാക്കി.