Football in Malayalam

ബാഴ്‌സയിലേക്ക് ചേക്കേറുക സ്വപ്‌നമാണെന്ന്‌ അലബ പറഞ്ഞിരുന്നു, കാറ്റലൻ ക്ലബ് തങ്ങളുടെ മാതൃകയല്ലെന്ന് മുൻ ബയേൺ മേധാവി

Sreejith N
Levante UD v Real Madrid CF - La Liga Santander
Levante UD v Real Madrid CF - La Liga Santander / Eric Alonso/Getty Images
facebooktwitterreddit

നിലവിൽ റയൽ മാഡ്രിഡിൽ കളിക്കുന്ന ഓസ്ട്രിയൻ താരമായ ഡേവിഡ് അലബ ബാഴ്‌സലോണയിലേക്ക് ചേക്കേറുക തന്റെ സ്വപ്‌നമാണെന്ന് പറഞ്ഞിരുന്നുവെന്ന് മുൻ ബയേൺ മ്യൂണിക്ക് പ്രസിഡന്റ് ഉളി ഹോനെസ്. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിച്ച കാറ്റലൻ ക്ലബ്ബിലേക്ക് ചേക്കേറാനുള്ള താരത്തിന്റെ ശ്രമത്തെ താൻ നിരുത്സാഹപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻപുണ്ടായിരുന്ന നേതൃത്വത്തിന്റെ കുത്തഴിഞ്ഞ സാമ്പത്തിക നയങ്ങൾ കാരണം നിലവിൽ ബാഴ്‌സ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചു സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. സ്പെയിനിനു പകരം ബാഴ്‌സലോണ ജർമനിയിൽ ആയിരുന്നു എങ്കിൽ അവർ കോടതിയിൽ എത്തുമായിരുന്നുവെന്നും ഉളി ഹോനെസ് അഭിപ്രായപ്പെട്ടു.

"ബാഴ്‌സലോണ യഥാർത്ഥത്തിൽ തകർന്നിരിക്കുന്നു. അവർ ജർമനിയിൽ ആയിരുന്നെങ്കിൽ പാപ്പരത്തത്തിനു ജഡ്‌ജിയുടെ മുന്നിൽ കേസ് ആകുമായിരുന്നു. അവർ ഇനിയൊരിക്കലും ഞങ്ങൾക്കൊരു മാതൃകയാണ്." റേഡിയോ സ്റ്റേഷനായ ബയേൺ വണിനോട് സംസാരിക്കുമ്പോൾ അറുപത്തിയൊമ്പതുകാരനായ ഹോനെസ് പറഞ്ഞു.

"ഉദാഹരണത്തിന് ഡേവിഡ് അലബ എന്നോടൊരിക്കൽ പറഞ്ഞു ബാഴ്‌സലോണയിൽ കളിക്കുകയെന്നതാണ് സ്വപ്‌നമെന്ന്. അപ്പോൾ ഞാനദ്ദേഹത്തോട് ചോദിച്ചത് 'നിങ്ങൾക്കു സംസാരിക്കേണ്ടത് അവരുടെ പ്രസിഡന്റിനോടാണോ അതോ പാപ്പരത്ത ഭരണാധികാരിയോടാണോ' എന്നാണു." ഹോനെസ് വ്യക്തമാക്കി.

ഇന്ന് രാത്രി നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബാഴ്‌സലോണക്കെതിരെ ബയേൺ മ്യൂണിക്ക് തന്നെ വിജയിക്കുമെന്ന് ഹൊനെസ്‌ പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങളും പ്രധാന താരങ്ങളുടെ വിൽപ്പനയും മൂലം ബാഴ്‌സലോണ ഇപ്പോൾ അവരുടെ മികച്ച അവസ്ഥയിൽ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

facebooktwitterreddit