Football in Malayalam

'അവർ ഒരു‌ ഫുട്ബോളറായി തന്നെ പരിഗണിച്ചില്ല'; ബാഴ്സലോണക്കെതിരെ ആഞ്ഞടിച്ച് മത്തേവൂസ് ഫെർണാണ്ടസ്

By Gokul Manthara
FBL-EUR-C1-DYNAMO KIEV-BARCELONA
FBL-EUR-C1-DYNAMO KIEV-BARCELONA / SERGEI SUPINSKY/Getty Images
facebooktwitterreddit

കഴിഞ്ഞ വർഷം ജനുവരിയിൽ വലിയ പ്രതീക്ഷകളോടെ ബാഴ്സലോണയിലെത്തിയ താരമാണ് മത്തേവൂസ് ഫെർണാണ്ടസ്. എന്നാൽ ഒന്നര സീസണോളം ക്ലബ്ബിനൊപ്പമുണ്ടായിരുന്നെങ്കിലും വെറും 17 മിനുറ്റുകൾ മാത്രമാണ് അദ്ദേഹത്തിന് കറ്റാലൻ ക്ലബ്ബിനായി കളിക്കാൻ അവസരം ലഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയാൽ നട്ടം തിരിയുന്ന ക്ലബ്ബാകട്ടെ കഴിഞ്ഞ‌ മാസം അദ്ദേഹവുമായുള്ള കരാർ റദ്ദാക്കുകയും ചെയ്തു‌. ഇപ്പോളിതാ ബാഴ്സലോണ താനുമായുള്ള കരാർ റദ്ദാക്കിയത് യാതൊരു മുന്നറിയിപ്പും നൽകാതെയാണെന്നും അവർ ഒരിക്കലും തന്നെയൊരു ഫുട്ബോളറായി പരിഗണിച്ചിട്ടില്ലെന്നും തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഈ ബ്രസീലിയൻ താരം.

ബാഴ്സലോണയിൽ നിന്നുള്ള പുറത്താകൽ തീർത്തും അവിശ്വസനീയമായിരുന്നുവെന്ന് പറയുന്ന ഫെർണാണ്ടസ്, കറ്റാലൻ ക്ലബ്ബ് ഒരിക്കലും ഒരു പ്രൊഫഷണൽ ഫുട്ബോളറോട് പെരുമാറുന്നത് പോലെയല്ല തന്നോട് പെരുമാറിയതെന്നും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ഗ്ലോബോ സ്പോർട്ടിനോട്‌‌ സംസാരിക്കവെ ബാഴ്സലോണയിൽ നിന്നുള്ള പുറത്താകലിനെക്കുറിച്ച് ഫെർണാണ്ടസ് മനസ് തുറന്നത് ഇങ്ങനെ, "എനിക്കറിയില്ല, അവർ എന്നോട് അത് പറഞ്ഞപ്പോൾ (കരാർ റദ്ദാക്കിയ വിവരം) എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ ആ സമയം വീട്ടിലായിരുന്നു. ഭാര്യയുമായി പുറത്തേക്ക് പോകാനൊരുങ്ങുന്ന സമയം എന്റെ ഇ മെയിൽ വിലാസം അത് തന്നെയാണോയെന്ന് ചോദിച്ച് ക്ലബ്ബിൽ നിന്ന് സന്ദേശം ലഭിച്ചു. ഞാൻ അക്കാര്യം സ്ഥിരീകരിച്ച് മെയിൽ സ്വീകരിച്ചു. എനിക്ക് അത് (മെയിൽ) മനസിലായില്ല. ഞാൻ ആ മെയിൽ എന്റെ മാനേജർക്കും, അഭിഭാഷകനും അയച്ചു. അതെന്റെ പുറത്താക്കലാണെന്ന് അവർ പറഞ്ഞു. സമയം കടന്നു പോയി, എന്റെ പേര് പത്രങ്ങളിൽ വന്നു‌. യാതൊരു സംഭാഷണവും നടന്നില്ല. ഒരു ഹലോ പറയാനോ, ഗുഡ് ബൈ പറയാനോ പോലും അവർ വിളിച്ചില്ല."

"ബാഴ്സലോണക്ക് വേണ്ടി കളിക്കണമെന്ന ആഗ്രഹം എനിക്ക് എല്ലായ്പ്പോളുമുണ്ടായിരുന്നു. ഞാൻ അവിടെയെത്തിയത് മുതൽ അവരെന്നെ ഒരു ഫുട്ബോൾ താരമായി പരിഗണിച്ചില്ല. ഒരു‌ പ്രൊഫഷണൽ ബാഴ്സ കളികാരനെപ്പോലെയല്ല നിങ്ങൾ എന്നോട് പെരുമാറിയിരുന്നതെന്ന് ഞാൻ ഡയറക്ടറോട് പറഞ്ഞു."

"ഞാനൊരു ബാഴ്സലോണ താരമായിരുന്നു. ഒരു ബാഴ്സ താരത്തെപ്പോലെ പരിചരിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. മറ്റുള്ള കളികാർക്ക് പ്രെസന്റേഷൻ ലഭിച്ചിരുന്നു. എന്നാൽ എനിക്കത് ലഭിച്ചില്ല. എന്നെ അത് അസ്വസ്ഥനാക്കി." ഫെർണാണ്ടസ് പറഞ്ഞു നിർത്തി.

അതേ സമയം ബാഴ്സലോണയിൽ നിന്ന് പുറത്താക്കപ്പെട്ട മത്തേവൂസ്, ഈ മാസമാദ്യം തന്റെ മുൻ ക്ലബ്ബായ പാൽമിറാസിലേക്ക് തിരിച്ചെത്തിയിരുന്നു. നാലര വർഷത്തെ കരാറിലാണ് താരം ഇപ്പോൾ പാൽമിറാസുമായി ഒപ്പുവെച്ചിരിക്കുന്നത്. ഇത് പ്രകാരം 2025 ഡിസംബർ 31-ം തീയതി വരെ അദ്ദേഹം ബ്രസീലിയൻ ക്ലബ്ബിനായി കളിക്കും.

facebooktwitterreddit