ചാമ്പ്യൻസ് ലീഗെന്ന ലക്ഷ്യം പൂർത്തിയാക്കാതെ നെയ്മർ പിഎസ്ജി വിടില്ലെന്ന് ബ്രസീലിയൻ താരത്തിന്റെ മുൻ ഏജന്റ്


പിഎസ്ജിക്ക് ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി നൽകുകയെന്നത് ഇപ്പോഴും നെയ്മറുടെ പ്രധാന ലക്ഷ്യമാണെന്നും അതു പൂർത്തിയാക്കാതെ താരം ക്ലബ് വിടുമെന്ന് കരുതുന്നില്ലെന്നും താരത്തിന്റെ മുൻ ഏജന്റായ വാഗ്നർ റിബേറോ. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ ഒഴിവാക്കാൻ പിഎസ്ജി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ടുകളുടെ ഇടയിലാണ് റിബേറോയുടെ പ്രതികരണം.
222 മില്യൺ യൂറോ റിലീസിംഗ് ക്ലോസ് നൽകി 2017ൽ പിഎസ്ജി സ്വന്തമാക്കിയ നെയ്മർക്ക് പ്രതീക്ഷകളെ സാധൂകരിക്കുന്ന പ്രകടനം ഫ്രഞ്ച് ക്ലബിനൊപ്പം നടത്താൻ കഴിഞ്ഞിട്ടില്ല. ഇതിനു പുറമെ അടിക്കടിയുള്ള പരിക്കുകളും മൈതാനത്തും പുറത്തുമുള്ള പ്രശ്നങ്ങളുമൊക്കെ കാരണമാണ് താരത്തെ ഒഴിവാക്കാൻ പിഎസ്ജി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 2025 വരെ കരാറുള്ള താരം ക്ലബ് വിടാൻ സാധ്യതയില്ലെന്നാണ് റിബേറോ പറയുന്നത്.
Super agent, Wagner Ribeiro on PSG forward, Neymar's future#SportsMinute pic.twitter.com/FiEIW5V3Dt
— YFM KUMASI 🇬🇭 (@y1025fm) June 23, 2022
"നെയ്മർക്കൊരു സ്വപ്നമുണ്ട്, പിഎസ്ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയെന്നത്. ക്ലബ് വിടുമെന്ന തരത്തിലുള്ള എല്ലാ അഭ്യൂഹങ്ങൾക്കും അപ്പുറത്ത്, അതിനു വേണ്ടി പോരാടാൻ താരം പ്രചോദിതനാണ്, അതു നേടുന്നതു വരെ താരത്തെ മറ്റൊന്നിനും തടഞ്ഞു നിർത്താനുമാകില്ല," ഇപ്പോൾ മാർക്കറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റിബേറോ ഗോളിനോട് പറഞ്ഞു.
നെയ്മർക്ക് പിഎസ്ജി പ്രോജെക്റ്റിൽ വളരെ താൽപര്യമുണ്ടെന്നും റിബേറോ പറഞ്ഞു. "തീർച്ചയായും, ഓരോ വർഷവും പ്രസിഡന്റ് അൽ ഖലൈഫി പിഎസ്ജിയെ എല്ലാ മേഖലയിലും കൂടുതൽ മികച്ചതാക്കി മാറ്റുന്നു. അവർ ഏറ്റവും മികച്ച നിലവാരത്തിലുള്ള ട്രെയിനിങ് സെന്റർ പൂർത്തിയാക്കി, ഇനി മികച്ച ഫ്രഞ്ച് താരങ്ങളെ ടീമിലെത്തിക്കാൻ നോക്കുകയാണ്." റിബേറോ വ്യക്തമാക്കി.
സൂപ്പർതാര പദവിയിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്ന റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറെ കുറിച്ചും റിബേറോ സംസാരിച്ചു. കൂടുതൽ പക്വത കൈവരിച്ച താരം സമ്മർദ്ദമൊന്നും ഇല്ലാതെയാണ് റയലിൽ കളിക്കുന്നതെന്നും താരത്തിന്റെ വളർച്ചയിൽ ക്ലബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനു വലിയ പങ്കുണ്ടെന്നും റിബേറോ പറയുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.