Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് തിരിച്ചു പോകുന്നതാണ് ഏറ്റവും നല്ലതെന്ന് പോർച്ചുഗൽ സഹതാരം

Sreejith N
Fonte Urges Ronaldo To Return Real Madrid
Fonte Urges Ronaldo To Return Real Madrid / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടാൽ മുൻ ക്ലബായ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതാണ് കൂടുതൽ നല്ലതെന്ന് പോർച്ചുഗൽ ദേശീയ ടീമിലെ സഹതാരമായ ജോസെ ഫോണ്ടെ. കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സമ്മറിൽ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫോണ്ടെ.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള താൽപര്യം ക്ലബ് നേതൃത്വത്തെ അറിയിച്ച റൊണാൾഡോ ഇതുവരെയും ക്ലബിന്റെ പ്രീ സീസൺ ട്രെയിനിങ് ക്യാംപിനൊപ്പം ചേർന്നിട്ടില്ല. റൊണാൾഡോയുടെ ഏജന്റായ ജോർജ് മെൻഡസ് താരത്തിന്റെ ട്രാൻസ്‌ഫറിന്റെ കാര്യത്തിനായി മറ്റു ക്ലബുകളുമായി ചർച്ചകൾ നടത്തുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് റൊണാൾഡോ റയൽ മാഡ്രിഡിൽ തിരിച്ചു പോകാൻ ഫോണ്ടെ ആവശ്യപ്പെട്ടത്.

"റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് തിരിച്ചു പോകുമോ? താരത്തിന് ഏറ്റവും മികച്ചത് അതായിരിക്കുമെന്ന് എനിക്കു തോന്നുന്നു. എന്നാൽ അവർക്ക് താരത്തെ വേണ്ടി വരുമോ ഇല്ലയോ എന്നത് മറ്റൊരു ചോദ്യമാണ്." റൊണാൾഡോയുടെ ഭാവിയെ സംബന്ധിച്ച് ടോക്ക്സ്പോർട്ടിനോട് സംസാരിക്കുമ്പോൾ ഫോണ്ടെ പറഞ്ഞു.

കഴിഞ്ഞ സമ്മറിൽ യുവന്റസ് വിടാനിരുന്ന റൊണാൾഡോയെ താൻ കളിക്കുന്ന ക്ലബായ ലില്ലെയിലേക്ക് കൊണ്ടു വരാൻ താൻ ശ്രമിച്ചിരുന്നുവെന്നും ഫോണ്ടെ വെളിപ്പെടുത്തി. ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള റൊണാൾഡോയുടെ താൽപര്യത്തെ കുറിച്ചും ഫോണ്ടെ സംസാരിച്ചു.

"റൊണാൾഡോക്ക് ചാമ്പ്യൻസ് ലീഗിനോട് വളരെ ഇഷ്‌ടമുണ്ടെന്ന് എനിക്കറിയാം. ബാലൺ ഡി ഓർ വിജയിക്കാൻ അതാണ് ഏറ്റവും സാധ്യത നൽകുന്നതെന്നും ലോകത്തിലെ ഏറ്റവും വലിയ മത്സരമാണതെന്നും റൊണാൾഡോ വിശ്വസിക്കുന്നു. കിരീടങ്ങൾ നേടാനും കിരീടങ്ങൾക്കായി പൊരുതാനും റൊണാൾഡോ താൽപര്യപ്പെടുന്നു." ഫോണ്ടെ വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit