Football in Malayalam

പുതിയ തലമുറയിൽ നിന്നും ആരാധകർ കുറയുന്നു, ഫുട്ബോളിൽ വിചിത്രമായ മാറ്റം നിർദ്ദേശിച്ച് ഫ്ലോറന്റീനോ പെരസ്

Sreejith N
Real Madrid Unveil New Signing Reinier Jesus Carvalho
Real Madrid Unveil New Signing Reinier Jesus Carvalho / Quality Sport Images/Getty Images
facebooktwitterreddit

യൂറോപ്യൻ സൂപ്പർ ലീഗെന്ന പുതിയ ടൂർണമെന്റ് പ്രഖ്യാപിച്ചതിന്റെ വിവാദങ്ങൾ ഇനിയും അവസാനിക്കാതെ നിൽക്കുമ്പോൾ ഫുട്ബോൾ മത്സരങ്ങളിൽ മറ്റൊരു മാറ്റം കൂടി നിർദേശിച്ച് റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ്. പുതിയ തലമുറക്ക് ഫുട്ബോളിൽ താൽപര്യം കുറയുന്നത് മത്സരങ്ങൾ 90 മിനുട്ടിലധികം നീണ്ടു നിൽക്കുന്നതു കൊണ്ടാണെന്നും മത്സരങ്ങളുടെ സമയം കുറക്കുന്ന കാര്യം പരിഗണിക്കണമെന്നുമാണ് പെരസ് ആവശ്യപ്പെട്ടത്.

അടുത്ത നാല് വർഷത്തേക്കു കൂടി റയൽ മാഡ്രിഡിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഫ്ലോറന്റീനോ പെരസാണ് യൂറോപ്യൻ സൂപ്പർ ലീഗിന്റെയും മേധാവി. കഴിഞ്ഞ ദിവസം സ്‌പാനിഷ്‌ മാധ്യമമായ എൽ ചിരിങ്കുയിറ്റോക്ക് നൽകിയ സുദീർഘമായ അഭിമുഖത്തിൽ സൂപ്പർ ലീഗിനെക്കുറിച്ചും അതിനെതിരെ ഉയരുന്ന വിമർശനങ്ങൾക്കും മറുപടി നൽകവെയാണ് അദ്ദേഹം മത്സരങ്ങളുടെ സമയം കുറയ്ക്കണമെന്ന നിർദ്ദേശം മുന്നോട്ടു വെച്ചത്.

"ഫുട്ബോൾ മാറ്റങ്ങൾക്കു വിധേയമായി കാലാനുഗുണമായി മാറേണ്ടതുണ്ട്. എന്ത് കൊണ്ട് യുവാക്കൾ, പ്രത്യേകിച്ചും പതിനാറിനും ഇരുപത്തിനാലിനും ഇടയിലുള്ളവരിൽ നാൽപതു ശതമാനത്തിനും ഫുട്ബോളിൽ താല്പര്യമില്ലാത്തത്? നിലവാരമില്ലാത്ത ഒരുപാട് മത്സരങ്ങൾക്കു പുറമെ അവർക്ക് വിനോദത്തിനായി നിരവധി മാർഗങ്ങൾ വേറെയുമുള്ളതാണ് കാരണം," പെരെസ് അഭിപ്രായപ്പെട്ടു.

"അതൊരു യാഥാർഥ്യമാണ്. മത്സരങ്ങൾ ഒരുപാട് നീളമാണെന്നാണ് അവർ പറയുന്നത്. ഫുട്ബോൾ നിലനിൽക്കണമെങ്കിൽ അതിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. പല സമയത്തും നമുക്ക് നമ്മുടെ മക്കളെയും പേരക്കുട്ടികളെയും മനസിലാക്കാൻ കഴിയാറില്ല. മാറുന്ന ലോകത്തെ വ്യത്യസ്ത തലമുറയിലാണവർ ജീവിക്കുന്നത്.

"യുവാക്കൾ ഒരു മത്സരം മുഴുവനായും കാണുന്നില്ലെങ്കിൽ അതിനർത്ഥം മത്സരങ്ങൾ മികച്ചതല്ലെന്നു തന്നെയാണ്, അതല്ലെങ്കിൽ നമ്മൾ മത്സരങ്ങളുടെ സമയം കുറയ്ക്കണം. സത്യസന്ധമായി പറയുകയാണെങ്കിൽ ചില മത്സരങ്ങൾ എനിക്ക് പോലും മുഴുവനായും കാണാൻ തോന്നാത്ത അവസ്ഥയുണ്ട്."

ഫുട്ബോളിൽ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി തന്നെയാണ് പുതിയ ടൂർണമെന്റിന്റെ പദ്ധതി തയ്യാറാക്കിയതെന്നും പെരസ് പറഞ്ഞു. ആളുകൾക്ക് പേരു പോലുമറിയാത്ത ചില ഇന്റർനാഷണൽ ടൂർണമെന്റുകൾ ഇപ്പോൾ നടക്കുന്നുണ്ടെന്നു കളിയാക്കിയ പെരസ് യുവേഫയുടെ കീഴിൽ തന്നെ പുതിയ ടൂർണമെന്റും നടത്താമെന്നും വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit