Football in Malayalam

ലയണൽ മെസി ബാഴ്‌സലോണ വിട്ടതിനു പിന്നിൽ താൻ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് ഫ്ലോറന്റീനോ പെരസ്

Sreejith N
Real Madrid president Florentino Perez
Real Madrid president Florentino Perez / Mateo Villalba/Quality Sport Images/Getty Images
facebooktwitterreddit

ലയണൽ മെസി ബാഴ്‌സലോണ വിട്ടതിനു പിന്നിൽ തന്റെ സ്വാധീനവുമുണ്ടെന്ന ആരോപണങ്ങളെ തള്ളിക്കളഞ്ഞ് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ്. മെസിയെ ബാഴ്‌സ വീണ്ടും സൈൻ ചെയ്യാതിരുന്നതിനു പിന്നിൽ ക്ലബിന്റെ സിഇഒയായ ഫെറൻ റെവെർട്ടറും റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസും പ്രവർത്തിച്ചിട്ടുണ്ടെന്ന ബാഴ്‌സ മുൻ ഡയറക്റ്റർ ജൗമേ യൊപ്പിസിന്റെ പ്രസ്‌താവനക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

മെസിയെ ബാഴ്‌സലോണ വീണ്ടും ടീമിന്റെ ഭാഗമാക്കുമെന്ന് ഏവരും കരുതിയിരുന്ന സമയത്താണ് കാര്യങ്ങൾ മലക്കം മറിയുന്നത്. ലാ ലീഗയുടെ നിയന്ത്രണങ്ങളാണ് മെസിയെ സ്വന്തമാക്കുന്നതിൽ തടസം സൃഷ്‌ടിച്ചതെന്ന് ബാഴ്‌സലോണ വ്യക്തമാക്കിയെങ്കിലും അതു സത്യമല്ലെന്നും ക്ലബിന്റെ സിഇഒയായ റെവെർട്ടറും റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസും ഇതിനായി ലപോർട്ടക്കു മേൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് യൊപ്പിസ് ആരോപിച്ചിരുന്നു.

എന്നാൽ ഔദ്യോഗിക പ്രസ്‌താവനയിലൂടെയാണ് ഈ ആരോപണങ്ങളോട് പെരസ് പ്രതികരിച്ചത്. "മെസി ക്ലബ് [ബാഴ്‌സ] വിട്ടതിൽ ഞാൻ ഏതെങ്കിലും തരത്തിൽ സ്വാധീനം ചെലുത്തിയെന്നത് അസാധ്യമാണ്. അത്തരം വാർത്തകളെല്ലാം തെറ്റാണ്."

"ബാഴ്‌സലോണ സിഇഒ ആയ ഫെറൻ റെവെർട്ടർ എന്റെ സുഹൃത്ത് പോലുമല്ല. ജീവിതത്തിൽ അദ്ദേഹത്തെ ഞാൻ രണ്ടു തവണ മാത്രമേ കണ്ടിട്ടുള്ളു. നാല് മാസങ്ങൾക്കു മുൻപാണ് ഞാനദ്ദേഹത്തെ ആദ്യമായി കാണുന്നത്. അതിനു ശേഷം കണ്ടത് കഴിഞ്ഞ ശനിയാഴ്‌ചയാണ്‌, മെസി ക്ലബ് വിടുകയാണെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു ശേഷം," പെരസിന്റെ പ്രസ്‌താവന വ്യക്തമാക്കുന്നു.

മെസിക്കു ക്ലബ് വിടേണ്ടി വന്നത് ലാ ലിഗ നേതൃത്വത്തിന്റെ കടുംപിടുത്തം കൊണ്ട് തന്നെയാണെന്നാണ് പെരസിന്റെ പ്രസ്‌താവന വ്യക്തമാക്കുന്നത്. മെസിയെ സ്വന്തമാക്കണമെങ്കിൽ സിവിസി കരാറിനെ അനുകൂലിക്കണമെന്ന ആവശ്യം ടെബാസ് മുന്നോട്ടു വെച്ചുവെന്നും എന്നാൽ ക്ലബുകൾക്ക് ദൂരവ്യാപകമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഈ കരാറിനെതിരെ ബാഴ്‌സ നിന്നതാണ് മെസിയെ സ്വന്തമാക്കുന്നതിൽ തടസം സൃഷ്ടിച്ചതെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit