"ഈ എംബാപ്പെ എനിക്കു വേണ്ട താരമല്ല"- ഫ്രഞ്ച് താരത്തെ സ്വന്തമാക്കാൻ കഴിയാത്തതിനെക്കുറിച്ച് ഫ്ലോറന്റീനോ പെരസ്
By Sreejith N

ഫ്രഞ്ച് മുന്നേറ്റനിരതാരമായ കിലിയൻ എംബാപ്പെക്ക് കഴിഞ്ഞ ആഴ്‌ചകളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഫ്ലോറന്റീനോ പെരസ്. റയലിലേക്ക് വരാൻ വളരെയധികം താൽപര്യപ്പെട്ടു കൊണ്ടിരുന്ന കളിക്കാരനല്ല ഇപ്പോൾ എംബാപ്പയെന്നും അതുകൊണ്ടാണ് പിഎസ്‌ജി കരാർ പുതുക്കാൻ താരം തയ്യാറായതെന്നും പെരസ് പറഞ്ഞു.
ജൂണിൽ പിഎസ്‌ജി കരാർ അവസാനിക്കാനിരുന്ന എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിൽ എത്തിയിരുന്നു എങ്കിലും അവസാന നിമിഷത്തിൽ തീരുമാനം മാറ്റിയ താരം പിഎസ്‌ജിയുമായി കരാർ പുതുക്കുകയായിരുന്നു. കരാർ പുതുക്കുന്നതിന്റെ പതിനഞ്ചു ദിവസം മുൻപ് വരെ റയൽ മാഡ്രിഡിലേക്ക് വരാനുള്ള താൽപര്യം എംബാപ്പെ അറിയിച്ചിരുന്നു എന്നാണു പെരസ് പറയുന്നത്.
"താരത്തിന്റെ സ്വപ്‌നം റയൽ മാഡ്രിഡിനു വേണ്ടി കളിക്കുക എന്നതായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ താരത്തിന് അതു വേണമായിരുന്നെങ്കിലും അവർ വിട്ടു കൊടുക്കാൻ തയ്യാറായില്ല. റയൽ മാഡ്രിഡിനു വേണ്ടി കളിക്കണമെന്ന് താരം ആവർത്തിച്ചു കൊണ്ടിരിക്കുകയും പതിനഞ്ചു ദിവസങ്ങൾക്കു മുൻപ് താരം സാഹചര്യങ്ങൾ മാറ്റുകയുമാണുണ്ടായത്." എൽ ചിരിങ്കുയിറ്റോ ടിവിയോട് പെരസ് പറഞ്ഞു.
"ഇതു ഞാൻ ടീമിലെത്തിക്കാൻ ആഗ്രഹിച്ച എംബാപ്പയല്ല, മറ്റൊരാളാണ്, തന്റെ സ്വപ്‌നങ്ങളെ താരം മാറ്റിക്കഴിഞ്ഞിരിക്കുന്നു. താരം മാറിക്കഴിഞ്ഞു, സമ്മർദ്ദത്തിനു വഴങ്ങി മറ്റൊരു താരമായി മാറിയിരിക്കുന്നു. റയൽ മാഡ്രിഡിൽ ഒരു താരവും ക്ലബിന് മുകളിലല്ല. മഹത്തായ താരമാണ് അദ്ദേഹം, മറ്റുള്ളവരെക്കാൾ വിജയങ്ങൾ നേടാൻ കഴിയും. പക്ഷെ ഇത് ഒരുമിച്ചു നിൽക്കേണ്ട കളിയാണ്. ഞങ്ങൾ മൂല്യങ്ങളും തത്വങ്ങളും മാറ്റില്ല."
"ഈ എംബാപ്പെ ഇവിടെ വരണമെന്നാഗ്രഹിച്ച താരമല്ല. താരം പിഎസ്‌ജിയിൽ തുടരണം എന്നാണു ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് സ്വപ്‌നങ്ങളുള്ള താരത്തെയാണ് വേണ്ടത്. മൂന്നു വർഷത്തിനുള്ളിൽ അതിനു കഴിയുമോ? ഈ എംബാപ്പെ എന്റെ എംബാപ്പയല്ല, ദേശീയ ടീമിനൊപ്പം ഒരു പബ്ലിസിറ്റി സ്റ്റണ്ടിനു തയ്യാറാവാത്ത താരം. എനിക്കതിന്റെ ആവശ്യമില്ല. എന്റെ നാക്കുപിഴ ആയിരിക്കാം, പക്ഷെ താരത്തിന് തെറ്റു പറ്റിയിട്ടുണ്ട്." പെരസ് വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.