Football in Malayalam

"റൊണാൾഡോ ഒരു വിഡ്ഢി, മൗറീന്യോയുടേത് വിചിത്ര സ്വഭാവം" - ഫ്ലോറന്റീനോ പെരസിന്റെ കൂടുതൽ സംഭാഷണങ്ങൾ പുറത്ത്

Sreejith N
Real Madrid's Portuguese coach Jose Mour
Real Madrid's Portuguese coach Jose Mour / JAVIER SORIANO/Getty Images
facebooktwitterreddit

റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ് വർഷങ്ങൾക്കു മുൻപ് ടീമിലെ താരങ്ങളായ റൗളിനെയും ഇകർ കസിയസിനെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നതിന്റെ ഓഡിയോ ചോർന്നതാണ് കഴിഞ്ഞ ദിവസം ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാ വിഷയമായി ഉണ്ടായിരുന്നത്. ഇതിനു പിന്നാലെ കൂടുതൽ ഓഡിയോകൾ ലീക്കാവുകയും പെരസിന്റെ കൂടുതൽ സംഭാഷണങ്ങൾ പുറത്തു വരികയും ചെയ്‌തിട്ടുണ്ട്‌.

പുതിയ ഓഡിയോയിൽ പെരസ് വിമർശിക്കുന്നത് റയൽ മാഡ്രിഡിന്റെ മുൻതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മുൻ പരിശീലകനായ ജോസെ മൗറീന്യോയെയുമാണ്. റൊണാൾഡോയെ വിഡ്ഢിയെന്നും മൗറീന്യോയെ സമനില തെറ്റിയ ആളെന്നും പറയുന്ന പെരസ് ഇരുവർക്കും വലിയ അഹംഭാവമാണെന്നും വ്യക്തമാക്കുന്നു. 2012ലാണ് ഈ സംഭാഷണങ്ങൾ നടന്നിരിക്കുന്നത്.

"റൊണാൾഡോക്ക് ഭ്രാന്താണ്, അയാളൊരു വിഡ്ഢിയാണ്, മനോനില തെറ്റിയിരിക്കുന്നു. അയാൾ നോർമലാണെന്ന് നമുക്ക് തോന്നുമെങ്കിലും അതങ്ങിനെയല്ല. നോർമലായിരുന്നെങ്കിൽ ഇപ്പോൾ ചെയ്‌തതൊന്നും ഉണ്ടാകുമായിരുന്നില്ല. അവസാനം ചെയ്‌ത മണ്ടത്തരം ലോകം മുഴുവൻ കണ്ടു കാണും. എന്തിനാണ് അയാളിങ്ങനെ വിഡ്ഢിത്തം കാണിക്കുന്നത്." പെരസ് പറയുന്നു.

"ജോർജ് മെൻഡസിന് റൊണാൾഡോയുടെയും മൗറീന്യോയുടെയും മേൽ യാതൊരു നിയന്ത്രണവുമില്ല. ഇന്റർവ്യൂകൾക്കും അവർ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കില്ല. വലിയ അഹംഭാവമുള്ള രണ്ടു പേരാണവർ. വലിയ തുക രണ്ടു പേരും സ്വന്തമാക്കുന്നതു കൊണ്ടു തന്നെ യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാൻ അവർ തയ്യാറല്ല." പെരസ് തുടരുന്നു.

എൽ കോൺഫിഡൻഷ്യൽ പുറത്തു വിട്ട ഈ ഓഡിയോയിൽ എന്തു വിഷയത്തിന്റെ പേരിലാണ് പെരസ് വിമർശിക്കുന്നതെന്നു വ്യക്തമല്ല. എന്നാൽ ഇരുവരുടെയും ഇമേജ് അവകാശത്തെ ചൊല്ലിയെല്ലാം പെരസ് ഇതിനിടയിൽ സൂചിപ്പിക്കുന്നു. മറ്റൊരു പോർച്ചുഗീസ് താരമായ ഫാബിയോ കോയൻട്രാവോയെയും ഇതിനൊപ്പം പെരസ് വിമർശിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം തന്റെ ഓഡിയോ ചോർന്നതു പുറത്തു വന്നപ്പോൾ അത് വലിയൊരു സംഭാഷണത്തിലെ ചെറിയ ശകലങ്ങൾ മാത്രമാണെന്നാണ് പെരസ് പ്രതികരിച്ചത്. ഇത്രയും കാലത്തിനു ശേഷം അത് പുറത്തുവിട്ടതിനു സൂപ്പർലീഗിലെ തന്റെ ഇടപെടലുമായി ബന്ധമുണ്ടോയെന്നു സംശയിക്കുന്നതായും ഇതിന്റെ നിയമവശങ്ങൾ തേടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


facebooktwitterreddit