ഇംഗ്ലണ്ടിന്റെ പെനാൽറ്റി ഗോളിനു മുൻപ് ഹാരി കേൻ ഓഫ്‌സൈഡ് ആയിരുന്നു, വിവാദം പുകയുന്നു

Flick Questions Why England Were Awarded A Penalty
Flick Questions Why England Were Awarded A Penalty / Alexander Hassenstein/GettyImages
facebooktwitterreddit

ജർമനിയും ഇംഗ്ലണ്ടും തമ്മിൽ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ ജർമനിയുടെ വിജയം നിഷേധിച്ച് ഹാരി കേൻ നേടിയ ഗോൾ ഓഫ്‌സൈഡ് ആയിരുന്നുവെന്ന വിമർശനവുമായി ജർമൻ പരിശീലകൻ ഹാൻസി ഫ്ലിക്ക്. പെനാൽറ്റിക്കു കാരണമായ ഇംഗ്ലണ്ടിന്റെ നീക്കത്തിൽ കേൻ ഓഫ്‌സൈഡ് ആയിരുന്നുവെന്ന വാദം ആരാധകർ സോഷ്യൽ മീഡിയയിലൂടെയും ഉയർത്തുന്നുണ്ട്.

അൻപതാം മിനുറ്റിൽ ജർമനി മുന്നിലെത്തിയതിനു ശേഷം എൺപത്തിയെട്ടാം മിനുട്ടിലാണ് ഇംഗ്ലണ്ടിന്റെ സമനില ഗോൾ വരുന്നത്. പെനാൽറ്റി ബോക്‌സിൽ ഹാരി കേനിനെ നിക്കോ ഷ്ലോട്ടർബെക്ക് വീഴ്ത്തിയതിനെ തുടർന്ന് റഫറി ആദ്യം പെനാൽറ്റി അനുവദിച്ചില്ലെങ്കിലും പിന്നീട് വീഡിയോ ദൃശ്യങ്ങൾ കണ്ടതിനു ശേഷം സ്പോട്ടിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു.

എന്നാൽ ബോക്‌സിലേക്കു പന്തെത്തിച്ച ഇംഗ്ലണ്ടിന്റെ ബിൽഡ് അപ്പ് പ്ലേയിൽ ഹാരി കേൻ ഓഫ്‌സൈഡ് ആയിരുന്നുവെന്നാണ് ജർമൻ പരിശീലകനും ആരാധകരും വാദിക്കുന്നത്. എന്നാൽ ഒരു ജർമൻ താരം മനഃപൂർവം പന്ത് കളിക്കാൻ ശ്രമിച്ചതിനു ശേഷമാണ് പന്ത് കേനിന്റെ കാലിൽ എത്തുന്നത് എന്നു പരിഗണിച്ചാണ് റഫറി ഓഫ്‌സൈഡ് കണക്കാക്കാതെ പെനാൽറ്റി അനുവദിച്ചത്.

അതേസമയം മത്സരത്തിനു ശേഷം ഓഫ്‌സൈഡ് അനുവദിക്കാത്ത റഫറിയുടെ തീരുമാനത്തിനെതിരെ ജർമൻ പരിശീലകൻ ഹാൻസി ഫ്ലിക്ക് രംഗത്തു വന്നിരുന്നു. റഫറിയോട് ഇക്കാര്യം മത്സരത്തിനു ശേഷം സംസാരിച്ചിരുന്നുവെന്ന് പറഞ്ഞ ഫ്ലിക്ക് മത്സരം കഴിഞ്ഞ് ഇതുപോലെയുള്ള കാര്യങ്ങൾ ചർച്ച ചെയ്‌തതു കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കില്ലെന്നും കൂട്ടിച്ചേർത്തു.

അതേസമയം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനു വേണ്ടി ബെൻസിമ നേടിയ ഗോളുമായി ഇതിനെ ആരാധകർ താരതമ്യം ചെയ്യുന്നുണ്ട്. ഏറെക്കുറെ സമാനമായ സംഭവങ്ങളാണ് അന്നത്തെ ഗോളിലും ഉണ്ടായതെങ്കിലും വീഡിയോ പരിശോധിച്ച റഫറി അതിൽ ഓഫ്‌സൈഡ് വിളിക്കുകയാണുണ്ടായത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.