ഇറ്റലിക്കെതിരെ ജർമനി നേടിയ വമ്പൻ വിജയത്തിൽ സംതൃപ്‌തി പ്രകടിപ്പിച്ച് ഹാൻസി ഫ്ലിക്ക്
By Sreejith N

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ യൂറോ കിരീടം നേടിയ ഇറ്റലിയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കു തകർത്ത ജർമനിയുടെ പ്രകടനത്തെ പ്രശംസിച്ച് പരിശീലകൻ ഹാൻസി ഫ്ലിക്ക്. ഇത്തവണത്തെ നേഷൻസ് ലീഗിൽ കളിച്ച കഴിഞ്ഞ മൂന്നു മത്സരങ്ങളിലും സമനില വഴങ്ങിയ ജർമനി നേടുന്ന ആദ്യത്തെ വിജയം കൂടിയായിരുന്നു ഇത്.
കളിയുടെ പത്താം മിനുട്ടിൽ തന്നെ മുന്നിലെത്തിയ ജർമനി ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്കാണ് മുന്നിൽ നിന്നിരുന്നത്. അതിനു ശേഷം രണ്ടാം പകുതിയിൽ അവർ മൂന്നു ഗോളുകൾ കൂടി കുറിച്ചതിനു ശേഷമാണ് ഇറ്റലിയുടെ ആശ്വാസഗോളുകൾ വരുന്നത്. ജർമനിക്കു വേണ്ടി ടിമോ വെർണർ ഇരട്ടഗോളുകൾ നേടിയപ്പോൾ കിമ്മിച്ച്, ഗുണ്ടോഗൻ, മുള്ളർ എന്നിവർ മറ്റു ഗോളുകൾ കുറിച്ചു. ഇറ്റലിയുടെ ഗോളുകൾ നോണ്ടോയും ബാസ്‌റ്റോണിയുമാണ് നേടിയത്.
Germany went OFF against Italy 😲🇩🇪 pic.twitter.com/FC8i4g3x28
— 433 (@433) June 14, 2022
"ടീമിനു ഞാൻ വലിയ അഭിനന്ദനങ്ങൾ നേരുകയാണ്. വളരെ നീണ്ടൊരു സീസണു ശേഷം കളിക്കുന്ന നാലാമത്തെ മത്സരത്തിൽ ഇത്തരമൊരു പ്രകടനം നടത്തിയതിനെ അഭിനന്ദിക്കണം. ഞങ്ങൾ ഒരുക്കിയ എല്ലാതും അവർ വളരെ മികച്ച രീതിയിൽ കളിക്കളത്തിൽ ആവിഷ്‌കരിച്ചു." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഫ്ലിക്ക് പറഞ്ഞു.
"ഒരു വിജയം നേടി ഒഴിവുദിവസങ്ങൾക്കു പോകുന്നത് പ്രധാന കാര്യമാണ്. ഞങ്ങൾ ലോകകപ്പിലേക്കുള്ള പാതയിലാണ്. സെപ്‌തംബറിൽ ഞങ്ങൾക്കിനിയും പ്രധാനപ്പെട്ട രണ്ടു മത്സരങ്ങളുണ്ട്, അവിടെ ഞങ്ങൾ വീണ്ടും വെല്ലുവിളിക്കപ്പെടും. ഞങ്ങൾക്ക് എന്തിലൊക്കെ മെച്ചപ്പെടാൻ കഴിയുമെന്നു നോക്കാം." ഫ്ലിക്ക് വ്യക്തമാക്കി.
വമ്പൻ വിജയത്തോടെ ആറു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്താൻ ജർമനിക്ക് കഴിഞ്ഞു. ഇംഗ്ലണ്ടിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത ഹംഗറി ഏഴു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതു നിൽക്കുമ്പോൾ അഞ്ചു പോയിന്റുള്ള ഇറ്റലി മൂന്നാമതും രണ്ടു പോയിന്റ് മാത്രം നേടിയ ഇംഗ്ലണ്ട് അവസാന സ്ഥാനത്തുമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.