ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ താൽപര്യമുണ്ടെന്ന് ബ്രസീലിയൻ ക്ലബായ ഫ്ളമങ്ങോ പ്രസിഡന്റ്


മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തയ്യാറെടുക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ താൽപര്യമുണ്ടെന്ന് ബ്രസീലിയൻ ക്ലബായ ഫ്ളമങ്ങോയുടെ വൈസ് പ്രസിഡന്റായ മാർക്കോസ് ബ്രാസ്. എന്നാൽ തന്റെ ക്ലബിന് ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്ത ട്രാൻസ്ഫറാണതെന്നും അദ്ദേഹം പറഞ്ഞു.
ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സമ്മറിൽ ക്ലബ് വിടാൻ ആഗ്രഹിക്കുന്നത്. നേരത്തെ നിരവധി ക്ലബുകളെയും താരത്തെയും ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അവരെല്ലാം ട്രാൻസ്ഫർ നീക്കങ്ങളിൽ നിന്നും പിന്മാറിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബ്രാസിന്റെ പ്രതികരണം.
"എനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കാൻ ആഗ്രഹമുണ്ട്. എന്നാൽ അതേക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല, ഞങ്ങൾ ചിന്തിക്കുന്നുമില്ല. റൊണാൾഡോയോട് ഞങ്ങൾ സംസാരിച്ചിട്ടില്ല. ഞാനതു ചിന്തിക്കുന്നുമില്ല. ഞാൻ യൂറോപ്പിൽ ആയിരുന്ന സമയത്ത് മെദീരയിലെ ഒരു റെസ്റ്റോറന്റിൽ വെച്ച് താരത്തിന്റെ അമ്മയെ കണ്ടിരുന്നു, അതു മാത്രമാണ് സംഭവിച്ചത്." ബ്രാസ് പറഞ്ഞു.
റൊണാൾഡോ ഫ്ളമങ്ങോയിൽ എത്താൻ യാതൊരു സാധ്യതയും ഇല്ലെങ്കിലും താരത്തിന്റെ അടുത്ത ടീം ഏതായിരിക്കും എന്നറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കയാണ്. ചെൽസി, ബയേൺ, പിഎസ്ജി, അത്ലറ്റികോ മാഡ്രിഡ് തുടങ്ങിയ ടീമുകളെല്ലാം ട്രാൻസ്ഫർ നീക്കങ്ങളിൽ നിന്നും പിന്മാറിയിട്ടുണ്ട്.
അതേസമയം റൊണാൾഡോയുടെ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിൽക്കാനില്ലെന്ന നിലപാടാണ് ആവർത്തിച്ചു വ്യക്തമാക്കുന്നത്. തന്റെ അടുത്ത സീസണിലെ പദ്ധതികളിൽ റൊണാൾഡൊയുമുണ്ടെന്ന് കഴിഞ്ഞ ദിവസം പരിശീലകൻ എറിക് ടെൻ ഹാഗ് വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.