ജന്മദിനാശംസകൾ ലയണൽ മെസി; അർജന്റീനിയൻ താരത്തിന്റെ പേരിലുള്ള അഞ്ച് അവിശ്വസനീയ റെക്കോർഡുകൾ
By Sreejith N

ചരിത്രം കണ്ടതിൽ വെച്ചേറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസി ഇന്നു തന്റെ മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുകയാണ്. എതിരാളികളെ വരെ കയ്യടിപ്പിക്കുന്ന പ്രകടനം തന്റെ കരിയറിലുടനീളം കാഴ്‌ച വെച്ചിട്ടുള്ള താരം എണ്ണമറ്റ റെക്കോർഡുകളും പുരസ്‌കാരങ്ങളുമാണ് സ്വന്തം പേരിൽ എഴുതിച്ചേർത്തിട്ടുള്ളത്. തന്റെ മുപ്പത്തിയഞ്ചാം വയസിലും കളിക്കളത്തിലെ മാന്ത്രികനീക്കങ്ങൾ താരത്തിന് കൈമോശം വന്നിട്ടുമില്ല.
കരിയറിന്റെ ഭൂരിഭാഗം ബാഴ്‌സലോണയിൽ ചിലവഴിച്ചതിനു ശേഷം കഴിഞ്ഞ സമ്മറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസിക്ക് തന്റെ ഏറ്റവും മികച്ച പ്രകടനം ഇക്കഴിഞ്ഞ സീസണിൽ പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും അടുത്ത സീസണിൽ അതിനു പരിഹാരം കാണാമെന്ന പ്രതീക്ഷയോടെയാണ് താരം തന്റെ ജന്മദിനം ആഘോഷിക്കുന്നത്. ഈ അവസരത്തിൽ മെസി സ്വന്തം പേരിലാക്കിയ അഞ്ച് അവിശ്വസനീയ റെക്കോർഡുകൾ നമുക്ക് പരിശോധിക്കാം.
1. ഏറ്റവുമധികം ബാലൺ ഡി ഓറുകൾ നേടിയ താരം
ഫുട്ബോൾ ലോകത്തെ ഏറ്റവും ഉന്നതമായ പുരസ്‌കാരമായി കണക്കാക്കപ്പെടുന്ന ബാലൺ ഡി ഓർ ഏറ്റവുമധികം തവണ സ്വന്തമാക്കിയ താരമെന്ന നേട്ടം മെസിയുടെ പേരിലാണുള്ളത്. 2021ലെ ബാലൺ ഡി ഓർ സ്വന്തമാക്കിയതോടെ ഏഴു തവണയാണ് മെസി പുരസ്‌കാരം നേടിയിട്ടുള്ളത്. അഞ്ചു തവണ പുരസ്‌കാരം നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇക്കാര്യത്തിൽ മെസിക്കു പിന്നിലുള്ളത്.
2. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം ഗോളുകൾ
ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം ഗോളുകളെന്ന ബയേൺ മ്യൂണിക്ക് താരം യെർദ് മുള്ളറുടെ റെക്കോർഡ് 2012ലാണ് മെസി തകർക്കുന്നത്. 1972ൽ മുള്ളർ സ്ഥാപിച്ച 85 ഗോളുകളുടെ റെക്കോർഡ് 2012ൽ 91 ഗോളുകൾ നേടിയാണ് മെസി തകർക്കുന്നത്. ആ വർഷത്തിൽ യൂറോപ്പിലെ വമ്പൻ ക്ലബുകളിൽ പലരും മെസിയേക്കാൾ കുറവ് ഗോളാണ് നേടിയതെന്നത് താരത്തിന്റെ മികവിനെ അടിവരയിട്ടു തെളിയിക്കുന്നു.
3. ഒരു ക്ലബിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ
കഴിഞ്ഞ സീസൺ ഒഴിച്ചു നിർത്തിയാൽ കരിയറിലെ ബാക്കിയെല്ലാ വർഷവും ബാഴ്‌സലോണക്കു വേണ്ടി കളിച്ച താരമായ മെസിയുടെ പേരിലാണ് ഒരു ക്ലബിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ്. സാന്റോസിനു വേണ്ടി പെലെ നേടിയിട്ടുള്ള 643 ഗോളുകളുടെ റെക്കോർഡ് 2020 ഡിസംബറിലാണ് മെസി മറികടക്കുന്നത്. ബാഴ്‌സലോണ ജേഴ്‌സിയിൽ 672 ഗോളുകളാണ് മെസിയുടെ പേരിലുള്ളത്.
4. അർജന്റീനയ്ക്കു വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം
അർജന്റീന നായകനായ ലയണൽ മെസിയാണ് ദേശീയ ടീമിനു വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം. 151 മത്സരങ്ങൾ അർജന്റീനക്കൊപ്പം കളിച്ച താരം ഒരു കോപ്പ അമേരിക്കയും ഒരു ഫിനലിസിമ കിരീടവും ടീമിനൊപ്പം നേടിയിട്ടുണ്ട്. 147 മത്സരങ്ങൾ കളിച്ചിട്ടുള്ള ഹാവിയർ മഷറാനോയാണ് മെസിക്കു പിന്നിൽ രണ്ടാമതു നിൽക്കുന്നത്.
5. ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ഹാട്രിക്കുകൾ
നാല് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയ ലയണൽ മെസി ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ഹാട്രിക്ക് നേടിയ താരമെന്ന റെക്കോർഡും കൈവശം വെക്കുന്നു. എട്ട് ഹാട്രിക്കുകളാണ് മെസി ഇതുവരെ ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടുള്ളത്. അടുത്ത സീസണിൽ പിഎസ്‌ജിക്കൊപ്പം ഒരു ചാമ്പ്യൻസ് ലീഗ് കൂടി നേടുകയെന്നതാണ് മെസിയുടെ ലക്ഷ്യം.
കഴിഞ്ഞ സീസണിൽ തന്റെ കഴിവിന്റെ പരമാവധി മികച്ച പ്രകടനം നടത്താനായില്ലെങ്കിലും തന്റെ കാലം കഴിഞ്ഞു പോയിട്ടില്ലെന്ന് അർജന്റീനക്കൊപ്പം മെസി തെളിയിക്കുന്നുണ്ട്. അടുത്ത സീസണിൽ കൂടുതൽ മികവു കാണിച്ച് പിഎസ്‌ജിക്ക് ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടവും അർജന്റീനക്ക് ലോകകപ്പും നേടിക്കൊടുക്കാമെന്ന പ്രതീക്ഷ മെസിക്കുള്ളപ്പോൾ താരത്തിനത് കഴിയട്ടെയെന്ന പ്രാർത്ഥനയാണ് ഈ ജന്മദിനത്തിൽ ഓരോ ആരാധകനമുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.