ഈ സീസണു ശേഷം ഫ്രീ ഏജന്റാകുന്ന അഞ്ചു വമ്പൻ താരങ്ങൾ


ജനുവരി ട്രാൻസ്‌ഫർ ജാലകം വളരെയധികം സംഭവബഹുലം ആയിരുന്നുവെന്ന് പറയാൻ കഴിയില്ലെങ്കിലും നിലവിലുള്ള സ്‌ക്വാഡിനെ മെച്ചപ്പെടുത്താൻ നിരവധി സൈനിംഗുകൾ പല ക്ലബുകളും പൂർത്തിയാക്കിയിട്ടുണ്ട്. ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് അവർ കാത്തിരിക്കുന്നത് ഇനി വരാനിരിക്കുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തെയാണ്. അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി വമ്പൻ സൈനിംഗുകൾ ക്ലബുകൾ നടത്തും എന്നതിനൊപ്പം പല സൂപ്പർതാരങ്ങളും ഫ്രീ ഏജന്റായി മാറാനും ഒരുങ്ങുകയാണ്. അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി മാറുന്ന അഞ്ചു വമ്പൻ താരങ്ങളെയാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്.
1. കിലിയൻ എംബാപ്പെ (പിഎസ്‌ജി)
നിലവിൽ ലോകത്ത് കളിച്ചു കൊണ്ടിരിക്കുന്നതിൽ ഏറ്റവും മികച്ച യുവസ്ട്രൈക്കർ എന്ന വിശേഷണം സ്വന്തമായുള്ള എംബാപ്പെ ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ താരങ്ങളിൽ ഒരാൾ കൂടിയാണ്. ഫ്രാൻസിനും പിഎസ്‌ജിക്കും വേണ്ടി മികച്ച പ്രകടനം നടത്തി ലോകകപ്പ് അടക്കമുള്ള നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരത്തിന്റെ കരാർ പുതുക്കാൻ പിഎസ്‌ജി ശ്രമങ്ങൾ നടത്തിയെങ്കിലും ഇതുവരെയും താരം അതിനു തയ്യാറായിട്ടില്ല. അടുത്ത സമ്മറിൽ ഫ്രീ ഏജന്റാകുന്ന താരം റയലിലേക്ക് ചേക്കേറാനാണു സാധ്യത.
2. പോൾ പോഗ്ബ (മാഞ്ചസ്റ്റർ യുണൈറ്റഡ്)
യുവന്റസിൽ മിന്നും ഫോമിൽ കളിച്ചിരുന്ന പോഗ്ബക്കു തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചു വന്നതിനു ശേഷം മികവു പൂർണമായും പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇതുവരെയും ഒരു കിരീടം പോലും സ്വന്തമാക്കാനും കഴിയാത്തതിനാൽ ഈ സീസണോടെ അവസാനിക്കുന്ന കരാർ പുതുക്കാൻ പോഗ്ബക്ക് താൽപര്യം കുറവാണ്. എന്നാൽ പുതിയ പരിശീലകനായ റാൾഫ് റാങ്നിക്കിൽ പോഗ്ബക്ക് താൽപര്യമുണ്ടെന്ന റിപ്പോർട്ടുകൾ താരം തുടരുമെന്ന പ്രതീക്ഷ ആരാധകർക്ക് നൽകുന്നു.
3. പൗളോ ഡിബാല (യുവന്റസ്)
2015ൽ പലർമോയിൽ നിന്നും യുവന്റസിൽ എത്തിയതിനു ശേഷം ഇറ്റാലിയൻ ക്ലബിന്റെ പ്രധാന താരമായി മാറാൻ ഡിബാലക്ക് കഴിഞ്ഞിട്ടുണ്ട്. 277 മത്സരങ്ങളിൽ നിന്നും യുവന്റസിനു വേണ്ടി നൂറിലധികം ഗോളുകൾ നേടിയിട്ടുള്ള ഡിബാലയുമായി കരാർ പുതുക്കാൻ യുവന്റസ് ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും അതിനോട് അർജന്റീന താരം അനുകൂല തീരുമാനം എടുത്തിട്ടില്ല.
4. ഒസ്മാനെ ഡെംബലെ (ബാഴ്‌സലോണ)
ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ വാർത്തകളിൽ നിറഞ്ഞു നിന്ന താരമാണ് ബാഴ്‌സലോണയുടെ ഒസ്മാനെ ഡെംബലെ. കരാർ പുതുക്കാൻ തയ്യാറാവാത്ത താരം ജനുവരിയിൽ തന്നെ ക്ലബ് വിടണമെന്ന് ബാഴ്‌സലോണ നേതൃത്വം ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാവാതെ ക്ലബിനൊപ്പം തന്നെ തുടർന്ന താരത്തിന് അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി ക്ലബ് വിടാനാണ് ആഗ്രഹമെന്നു വ്യക്തമാണ്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തിനായി നിരവധി വമ്പൻ ക്ലബുകളും രംഗത്തുണ്ട്.
5. ഫ്രാങ്ക് കെസീ (എസി മിലാൻ)
എസി മിലാൻ വീണ്ടും സീരി എയിൽ ആധിപത്യം പുലർത്തി തിരിച്ചു വന്നുകൊണ്ടിരിക്കെ അതിന്റെ പിന്നിൽ കെസീയുടെ കാലുകളും ഉണ്ടായിരുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന താരം ഫ്രീ ഏജന്റാകുന്നതിനാൽ തന്നെ യൂറോപ്പിലെ നിരവധി ക്ലബുകൾ കെസീക്കായി രംഗത്തുണ്ട്. എന്നാൽ ഇരുപത്തിയഞ്ചു വയസുള്ള താരം അടുത്ത സമ്മറിൽ മിലാൻ വിടുമെന്നാണ് സൂചനകൾ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.