37ാം വയസിലും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തകര്‍ക്കാന്‍ കഴിയുന്ന അഞ്ച് റെക്കോര്‍ഡുകള്‍

37ാം വയസിലും ഫുട്ബോളില്‍ ഇതിഹാസങ്ങള്‍ രചിച്ചുകൊണ്ട് മുന്നേറുകയാണ് പോര്‍ച്ചുഗലിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രാജ്യന്തര ഫുട്ബോളിലും ക്ലബ് ഫുട്ബോളിലും ശോഭിച്ച് നില്ക്കുന്ന റൊണാൾഡോ ഇതിനോടകം ഒട്ടനവധി റെക്കോര്‍ഡുകളാണ് പഴങ്കഥകളാക്കിയിട്ടുള്ളത്. എന്നാല്‍ 37ാം വയസിലും താരത്തിന് തകര്‍ക്കാന്‍ കഴിയുന്ന അഞ്ച് റെക്കോര്‍ഡുകളെ കുറിച്ചാണ് ഇനി പറയുന്നത്.
ലാലിഗയിലും പ്രീമിയര്‍ ലീഗിലും നൂറ് ഗോളുകൾ തികക്കുന്ന ആദ്യ താരം
ലാലിഗയിലും പ്രീമിയര്‍ ലീഗിലും 100 ഗോളുകൾ തികക്കാന്‍ ഒരു താരത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ റൊണാൾഡോക്ക് ഈ നേട്ടത്തിലെത്താന്‍ ഇനി വെറും എട്ട് പ്രീമിയർ ലീഗ് ഗോളുകള്‍ മാത്രം മതി. റയല്‍ മാഡ്രിഡിന് വേണ്ടി 311 ലീഗ് ഗോളുകൾ നേടിയ റൊണാൾഡോ, മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇത് വരെ 92 ഗോളുകളാണ് പ്രീമിയർ ലീഗിൽ നേടിയിട്ടുള്ളത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ടോപ് ചാംപ്യന്‍സ് ലീഗ് ഗോള്‍ സ്കോറര്‍
ഡച്ച് താരമായിരുന്ന റൂഡ് വാന്‍ നിസ്റ്റല്‍ റൂയിയുടെ പേരിലാണ് ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ തേടിയ താരമെന്ന റെക്കോർഡുള്ളത്. 43 മത്സരങ്ങളിൽ നിന്ന് 35 ഗോളുകളാണ് ചാംപ്യന്‍സ് ലീഗില്‍ യുണൈറ്റഡിന് വേണ്ടി ഡച്ച് താരം നേടിയിട്ടുള്ളത്. എന്നാല്‍ ചാമ്പ്യൻസ് ലീഗിൽ യുണൈറ്റഡിനായി15 ഗോളുകള്‍ കൂടി നേടിയാല്‍ റൊണാൾഡോക്ക് ഈ നേട്ടം സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കാന്‍ കഴിയും.
ഏറ്റവും പ്രായമേറിയ പ്രീമിയർ ലീഗ് ഗോള്‍ഡന്‍ ബൂട്ട് ജേതാവ്
ഈ സീസണില്‍ പ്രീമിയർ ലീഗ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുകയാണെങ്കില്‍ ഏറ്റവും പ്രായമേറിയ ഗോള്‍ഡന്‍ ബൂട്ട് ജേതാവാകാന് റൊണാൾഡോക്ക് കഴിയും. 2019-20 സീസണില്‍ 33ാം വയസില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ ലെസ്റ്റര്‍ സിറ്റി താരം ജെയ്മി വാര്‍ഡിയുടെ പേരിലാണ് ഇപ്പോള്‍ ഈ റെക്കോര്‍ഡ്.
പ്രീമിയര്‍ ലീഗില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായമേറിയ താരം
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായിരുന്ന ടെഡി ഷെറിങ്ഹാമിന്റെ പേരിലാണ് ഇപ്പോള്‍ ഈ റെക്കോര്‍ഡുള്ളത്. 37 വയസും 146 ദിവസും ഉണ്ടായിരുന്നപ്പോഴായിരുന്നു ഷെറിങ്ഹാം ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. എന്നാല്‍ ഈ റെക്കോര്‍ഡിന് ശ്രമിക്കണമെങ്കില്‍ ക്രിസ്റ്റ്യാനോക്ക് 145 ദിവസംകൂടി കാത്തിരിക്കണം.
ഏറ്റവും കൂടുതല്‍ ചാംപ്യന്‍സ് ലിഗ് നേടിയ താരം
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുകയാണെങ്കില്‍ കരിയറില്‍ ആറു തവണ ചാംപ്യന്‍സ് ലിഗ് കിരീടം സ്വന്തമാക്കി റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ക്രിസ്റ്റ്യാനോക്ക് കഴിയും. ആറ് യൂറോപ്യൻ കിരീടം നേടിയിട്ടുള്ള റയല്‍ മാഡ്രിഡ് ഇതിഹാസം പാകോ ജെന്റോയുടെ പേരിലാണ് നിലവിൽ ഈ ഈ റെക്കോര്‍ഡ്.