Football in Malayalam

അർജന്റീനക്ക് വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ചിട്ടുള്ള 5 താരങ്ങൾ

Gokul Manthara
Argentina v Ecuador: Quarterfinal - Copa America Brazil 2021
Argentina v Ecuador: Quarterfinal - Copa America Brazil 2021 / Alexandre Schneider/Getty Images
facebooktwitterreddit

ഫുട്ബോളിൽ ഏറ്റവുമധികം ചരിത്രം അവകാശപ്പെടാൻ കഴിയുന്ന രാജ്യങ്ങളിലൊന്നാണ് അർജന്റീന. സൗന്ദര്യ ഫുട്ബോളിന്റെ വക്താക്കന്മാരെന്ന് വിശേഷിക്കപ്പെടുന്ന അവർ ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോൾ രാജ്യങ്ങളിലൊന്ന് കൂടിയാണ്. 1902 ൽ ഉറുഗ്വെക്കെതിരെ കളിച്ച് അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച അർജന്റീന, ഫുട്ബോൾ ലോകം എക്കാലത്തും ഓർത്തിരിക്കാൻ പോന്ന ഒരു പിടി ഇതിഹാസ താരങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്‌. ഡിയഗോ മറഡോണയും, ലയണൽ മെസിയും അവരിൽ ചിലർ മാത്രം. 2 ലോകകപ്പുകളും 14 കോപ്പ അമേരിക്ക കിരീടങ്ങളും നേടിയിട്ടുള്ള അർജന്റീനക്കായി ഇതു വരെ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ 5 താരങ്ങൾ ആരൊക്കെയെന്ന് നമുക്ക് നോക്കാം,

1. ലയണൽ മെസി - 149 മത്സരങ്ങൾ

Argentina v Ecuador: Quarterfinal - Copa America Brazil 2021
Argentina v Ecuador: Quarterfinal - Copa America Brazil 2021 / MB Media/Getty Images

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെന്ന് വിശേഷിക്കപ്പെടുന്ന ലയണൽ മെസിയാണ് അർജന്റീനക്കായി ഏറ്റവുമധികം‌ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള താരം. അർജന്റീനൻ ജേഴ്സിയിൽ ഇതു വരെ 149 മത്സരങ്ങൾ കളിച്ചിട്ടുള്ള മെസി 76 ഗോളുകൾ നേടിയതിനൊപ്പം 53 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്. രാജ്യം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണെങ്കിലും അന്താരാഷ്ട്ര ഫുട്ബോളിൽ ഇതു വരെ ഒരു പ്രധാന കിരീടം നേടാൻ മെസിക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ ബ്രസീലിൽ നടന്നു കൊണ്ടിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെക്കുന്ന മെസി ഇക്കുറി ആ കുറവ് പരിഹരിക്കുമെന്നാണ് കരുതപ്പെടുന്നത്.

2. ഹാവിയർ മഷറാനോ - 147 മത്സരങ്ങൾ

Javier Mascherano
France v Argentina: Round of 16 - 2018 FIFA World Cup Russia / Alexander Hassenstein/Getty Images

അർജന്റീന കണ്ട എക്കാലത്തെയും മികച്ച ഫുട്ബോളർമാരിലൊരാളായ ഹാവിയർ മഷറാനോ രാജ്യത്തിനായി 147 മത്സരങ്ങളിലാണ് ജേഴ്സിയണിഞ്ഞത്. 2008 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ ടീമിന്റെ നായകൻ കൂടിയായിരുന്ന അദ്ദേഹം 2014 ൽ ടീമിനെ ഫിഫ ലോകകപ്പിന്റെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 2018 ൽ അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന്‌ വിരമിച്ചു.

3. ഹാവിയർ സനേറ്റി - 143 മത്സരങ്ങൾ

SOCCER-ARGENTINA-JAPAN-ZANETTI-JUBO
SOCCER-ARGENTINA-JAPAN-ZANETTI-JUBO / KAZUHIRO NOGI/Getty Images

അർജന്റൈൻ ആരാധകർക്കും എതിരാളികൾക്കും ഒരു പോലെ പ്രിയപ്പെട്ട താരമായിരുന്നു ഹാവിയർ സനേറ്റി. നേതൃത്വ മികവായിരുന്നു താരത്തിന്റെ പ്രധാന പ്ലസ് പോയിന്റ്. ക്ലബ്ബ് കരിയറിലുടനീളം ഇന്റർ മിലാന്റെ താരമായിരുന്ന അദ്ദേഹം അവർക്കൊപ്പം നിരവധി കിരീടങ്ങൾ നേടിയെങ്കിലും അർജന്റീനൻ ജേഴ്സിയിൽ പ്രധാന ട്രോഫികളൊന്നും നേടാൻ കഴിഞ്ഞില്ല.

4. റോബർട്ടോ അയാള - 116 മത്സരങ്ങൾ

Argentinian defender Roberto Ayala celeb
Argentinian defender Roberto Ayala celeb / PATRIK STOLLARZ/Getty Images

തന്റെ കാലഘത്തിൽ ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളായിരുന്നു റോബർട്ടോ അയാള. അന്താരാഷ്ട്ര ഫുട്ബോളിൽ 115 മത്സരങ്ങളിൽ അർജന്റീനക്കായി ബൂട്ടുകെട്ടിയ താരം അതിൽ 63 എണ്ണത്തിലും ടീമിന്റെ നായകനായിരുന്നു. ക്ലബ്ബ് ഫുട്ബോളിൽ എസി മിലാൻ, വലൻസിയ, നാപ്പോളി എന്നിവർക്കായി കളിച്ചിട്ടുള്ള അയാള നിരവധി കിരീടങ്ങളും അവർക്കൊപ്പം നേടിയിട്ടുണ്ട്.

5. ഡിയഗോ സിമിയോണി - 108 മത്സരങ്ങൾ

Diego Simeone
Diego Simeone / Stu Forster/Getty Images

അർജന്റൈൻ ഫുട്ബോൾ ടീമിന്റെ എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിലൊരാളായ ഡിയഗോ സിമിയോണി 108 മത്സരങ്ങളാണ് അവർക്കായി കളിച്ചിട്ടുള്ളത്. ടീമിനൊപ്പം 2 കോപ്പ അമേരിക്ക കിരീടങ്ങൾ നേടിയിട്ടുള്ള സിമിയോണി ക്ലബ്ബ് ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ ഇതിഹാസ താരമായിട്ടാണ് കരിയർ അവസാനിപ്പിച്ചത്.

facebooktwitterreddit