Football in Malayalam

സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ സാധ്യതാ ടീമിൽ നിന്നുള്ള 5 അപ്രതീക്ഷിത ഒഴിവാക്കലുകൾ

By Gokul Manthara
India v United Arab Emirates - AFC Asian Cup Group A
India v United Arab Emirates - AFC Asian Cup Group A / Zhizhao Wu/Getty Images
facebooktwitterreddit

ഈ മാസാവസാനം ഒമാൻ, യു എ ഇ ‌ടീമുകൾക്കെതിരെ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള 35 അംഗ ഇന്ത്യൻ സാധ്യതാ ടീമിനെ ഇന്നലെയാണ് പരിശീലകൻ ഇഗോർ സ്റ്റിമാക്ക് പ്രഖ്യാപിച്ചത്. രാഹുൽ കെപി, മഷൂർ ഷെരീഫ്, ആഷിഖ് കുരുനിയൻ എന്നീ 3 മലയാളി താരങ്ങൾക്ക് ടീമിലേക്ക് വിളിയെത്തിയപ്പോൾ, പരിക്കിനെത്തുടർന്ന് മലയാളി സൂപ്പർ താരം സഹൽ അബ്ദുൾ സമദ്, ബ്രാണ്ടൻ ഫെർണാണ്ടസ്, രാഹുൽ ഭേക്കെ എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല.

2019 നവംബറിന് ശേഷം ഇതാദ്യമായി അന്താരാഷ്ട്ര മത്സരം കളിക്കാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന്റെ തിരഞ്ഞെടുപ്പ് പക്ഷേ കുറച്ച് പേർക്കെങ്കിലും ദഹിച്ചിട്ടില്ല എന്നതാണ് സത്യം.‌ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ച ചില താരങ്ങൾ ഈ‌ ടീമിൽ നിന്ന് തഴയപ്പെട്ടതാണ് ഇതിന് കാരണം. അത്തരത്തിൽ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ സാധ്യതാ ടീമിൽ നിന്ന് അപ്രതീക്ഷിതമായി‌ തഴയപ്പെട്ട 5 കളികാർ ആരൊക്കെയെന്ന് നമുക്ക് നോക്കാം,

1. ജെറി മാവിംഗ്താംഗ

ഏഴാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ് സിക്ക് വേണ്ടി തകർത്തു കളിച്ച താരമാണ് ജെറി. സീസണിൽ ഏറ്റവുമധികം അസിസ്റ്റുകൾ നൽകിയ ഇന്ത്യൻ താരം കൂടിയായ ജെറിയെ ഇന്ത്യൻ ടീമിൽ നിന്ന് തഴഞ്ഞതിന് ഒരു ന്യായവുമില്ല. ഇത്തവണത്തെ ഐ എസ് എല്ലിൽ 17 മത്സരങ്ങൾ കളിച്ച ഈ 23 കാരൻ രണ്ട് ഗോളുകളും, അഞ്ച് അസിസ്റ്റുകളുമാണ് നേടിയത്. കഴിഞ്ഞ കുറച്ച് നാളുകളായി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തു കൊണ്ടിരിക്കുന്ന ജെറി സെറ്റ്പീസുകളുടെ കാര്യത്തിലും ഏറെ മികവ് കാട്ടുന്ന കളികാരനാണ്. ബ്രാണ്ടൻ ഫെർണാണ്ടസ്, സഹൽ തുടങ്ങിയ കളികാർ പരിക്ക് മൂലം പുറത്തിരിക്കുന്ന സാഹചര്യത്തിൽ ജെറിയെ ടീമിലെടുത്തിരുന്നെങ്കിൽ സെറ്റ് പീസുകളുടെ കാര്യത്തിൽ ഇന്ത്യൻ ടീമിന് അത് ഏറെ ഗുണം ചെയ്തേനെ. മിന്നും ഫോമിലുള്ള ഈ ഇരുപത്തിമൂന്നുകാരന് നിലവിൽ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷം മധ്യനിര താരങ്ങളേക്കാളും അർഹത ദേശീയ ടീമിൽ ഇടം നേടാനുണ്ട്.

2. അരിന്ദം ഭട്ടാചാര്യ

ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ മോഹൻ ബഗാന്റെ ഗോൾ വലയ്ക്ക് മുന്നിൽ മാന്ത്രിക പ്രകടനം കാഴ്ച വെച്ച കളികാരനാണ് അരിന്ദം ഭട്ടാചാര്യ. 20 ലീഗ് മത്സരങ്ങളിലും എടികെ മോഹൻബഗാന്റെ ഗോൾവല കാത്ത അരിന്ദം, 10 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയപ്പോൾ, 15 ഗോളുകൾ മാത്രമാണ് വഴങ്ങിയത്. 50 സേവുകൾ ഇതിനോടകം നടത്തിക്കഴിഞ്ഞ ഈ മുപ്പത്തിയൊന്നുകാരൻ തന്നെയാണ് ഗോൾഡൻ ഗ്ലൗ അവാർഡിലും മുന്നിട്ട് നിൽക്കുന്നത്. ധീരജ് സിംഗിനെപ്പോലെയുള്ളവർക്ക് ടീമിലേക്ക് വിളിയെത്തിയ സാഹചര്യത്തിലും മാരക ഫോമിലുള്ള അരിന്ദം ഭട്ടാചാര്യയെ ദേശീയ ടീമിൽ നിന്ന് തഴഞ്ഞതിന്റെ കാരണം വ്യക്തമല്ല.

3. സേവിയർ ഗാമ

2020-21 സീസൺ ഐ എസ് എല്ലിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ യുവ താരങ്ങളിലൊരാളാണ് സേവിയർ ഗാമ. 19 ലീഗ് മത്സരങ്ങളിൽ എഫ് സി ഗോവയുടെ പ്രതിരോധം കാക്കാനിറങ്ങിയ ഗാമ, മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കി മുന്നേറ്റത്തിലും ടീമിനെ സഹായിച്ചു. നിലവിലെ ഫോമിന്റെ അടിസ്ഥാനത്തിൽ ഗാമ ഇന്ത്യൻ ടീമിലേക്കുള്ള വിളി അർഹിച്ചിരുന്നു‌. അതുണ്ടാകാത്തത് ഇന്ത്യൻ ഫുട്ബോളിനെ അടുത്ത് നിന്ന് വീക്ഷിക്കുന്ന ഏതൊരാൾക്കും വലിയ നിരാശ‌ സമ്മാനിക്കുന്നുണ്ട്.

4. അർഷ്ദീപ് സിംഗ്

ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം സേവുകൾ നടത്തിയ ഗോൾകീപ്പറാണ് അർഷ്ദീപ് സിംഗ്. സീസണിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ് സിക്ക് വേണ്ടി വല കാത്ത ഈ ഇരുപത്തിമൂന്നുകാരൻ 64 സേവുകളാണ് ഇക്കുറി നടത്തിയത്. ഐ എസ് എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ ക്യാമ്പിലേക്ക് അർഷ്ദീപിന് വിളിയെത്തുമെന്ന് കരുതപ്പെട്ടെങ്കിലും അതുണ്ടായില്ല.

5. റെഡീം ട്ലാംഗ്

ഇരുപത്തിയാറുകാരനായ ഈ മധ്യനിര താരം എഫ് സി ഗോവയ്ക്ക് വേണ്ടി ശ്രദ്ധേയ പ്രകടനമാണ് ഏഴാം സീസൺ ഐ എസ് എല്ലിൽ പുറത്തെടുക്കുന്നത്. ഐ എസ് എല്ലിന്റെ കഴിഞ്ഞ 2 സീസണുകളിലും സ്ഥിരതയോടെ കളിച്ച ഈ മധ്യനിര താരം ഈ സീസണിലും മികച്ച പ്രകടനം കാഴ്ച വെച്ചതോടെ ദേശീയ ടീമിലെത്തുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.

facebooktwitterreddit