ഈ സീസണു ശേഷം ബാഴ്സലോണ വിടാൻ സാധ്യതയുള്ള അഞ്ചു താരങ്ങൾ


ബാഴ്സലോണയെ സംബന്ധിച്ച് സമ്മിശ്രമായൊരു സീസണാണ് ഇത്തവണത്തേത്. മോശം ഫോമും കൂമാന്റെ പരിശീലകസ്ഥാനം നഷ്ടമായതും ചാമ്പ്യൻസ് ലീഗിൽ നിന്നുമുള്ള പുറത്താകലുമെല്ലാം കഴിഞ്ഞതിനു ശേഷം സാവിയുടെ കീഴിൽ ഇപ്പോൾ മികച്ച ഫോമിലാണ് ടീം. അവസാന മൂന്നു മത്സരങ്ങളിലും നാല് ഗോൾ നേടാൻ കഴിഞ്ഞുവെന്നത് തിരിച്ചടികളെ മറികടന്ന് സാവിയുടെ കീഴിൽ ടീം ഉയർത്തെഴുന്നേൽക്കുന്നതിന്റെ വ്യക്തമായ സൂചന നൽകുന്നു.
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ നടത്തിയ സൈനിംഗുകളാണ് ബാഴ്സലോണയുടെ ഉയിർത്തെഴുന്നേൽപ്പിന് സഹായിച്ചതെന്ന കാര്യത്തിലും യാതൊരു സംശയവുമില്ല. അതിനാൽ തന്നെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലും പുതിയ കളിക്കാരെ എത്തിച്ച് ടീമിനെ കൂടുതൽ മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ബാഴ്സലോണ. അതിനായി നിലവിൽ ടീമിലുള്ള ഏതാനും താരങ്ങളെ ക്ലബ് ഒഴിവാക്കാനും സാധ്യതയുണ്ടെന്നിരിക്കെ ഈ സീസണു ശേഷം ക്ലബ് വിടാൻ സാധ്യതയുള്ള അഞ്ചു താരങ്ങൾ ഇവരാണ്.
1. മെംഫിസ് ഡീപേയ്
ലിയോണുമായുള്ള കരാർ അവസാനിച്ചതിനു ശേഷം ഫ്രീ ട്രാൻസ്ഫറിൽ ബാഴ്സലോണയിൽ എത്തിയ മെംഫിസ് ഡീപേയ് ഈ സീസണിൽ ബാഴ്സക്കു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരമാണെങ്കിലും സാവിയുടെ ശൈലിയിൽ ഡച്ച് താരത്തിന് ഇടം ലഭിക്കാനുള്ള സാധ്യത കുറവാണ്. സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുക്കുമ്പോൾ വേതനം കുറക്കാൻ വേണ്ടി മെംഫിസിനെ ബാഴ്സ ഒഴിവാക്കിയാൽ താരത്തെ സ്വന്തമാക്കാൻ യുവന്റസും പിഎസ്വിയും ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2. സെർജി റോബർട്ടോ
ഫുൾ ബാക്കായും മധ്യനിരയിലും കളിക്കാൻ കഴിയുന്ന സെർജി റോബർട്ടോ തന്റെ ശൈലിക്ക് ചേരുന്ന കളിക്കാരനായതിനാൽ തന്നെ താരത്തെ നിലനിർത്താൻ സാവിക്ക് താൽപര്യമുണ്ട്. എന്നാൽ ഈ സീസണു ശേഷം കരാർ അവസാനിക്കുന്ന, നിലവിൽ പരിക്കേറ്റു പുറത്തിരിക്കുന്ന താരം ഇതുവരെയും കരാർ പുതുക്കാൻ തയ്യാറായിട്ടില്ല. റോബർട്ടോയുടെ കരാർ പുതുക്കണമെന്ന് സാവി ആവശ്യപ്പെട്ടെങ്കിലും വേതനവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങൾ കാരണം താരം സമ്മറിൽ ക്ലബ് വിടാൻ തന്നെയാണ് സാധ്യത.
3. ഒസ്മാനെ ഡെംബലെ
ഈ സീസണോടെ കരാർ അവസാനിക്കുന്ന ഒസ്മാനെ ഡെംബലെ ജനുവരിയിൽ തന്നെ ക്ലബ് വിടണമെന്ന് ബാഴ്സലോണ ആവശ്യം ഉന്നയിച്ചെങ്കിലും താരം ക്ലബിൽ തന്നെ തുടരുകയാണ് ചെയ്തത്. സാവി വീണ്ടും അവസരങ്ങൾ നൽകിയതു മുതലെടുത്ത് മികച്ച പ്രകടനം നടത്തുന്ന ഫ്രഞ്ച് താരത്തിന്റെ കരാർ പുതുക്കാൻ ക്ലബ് നേതൃത്വത്തിന് താത്പര്യമുണെങ്കിലും അതിനുള്ള സാധ്യത വളരെ കുറവാണ്. ഡെംബലെ ഏതെങ്കിലും ക്ലബുമായി പ്രീ കോണ്ട്രാക്റ്റ് ഒപ്പിട്ടുവെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
4. ഫിലിപ്പെ കുട്ടീന്യോ
അടുത്ത സമ്മറിൽ എന്തായാലും ബാഴ്സലോണ വിടുമെന്ന് ഉറപ്പുള്ള താരങ്ങളിൽ ഒരാളാണ് ഫിലിപ്പെ കുട്ടീന്യോ. ലിവർപൂളിൽ നിന്നും ക്ലബിന്റെ റെക്കോർഡ് സൈനിങായി ബാഴ്സയിൽ എത്തിയ കുട്ടീന്യോക്കു പക്ഷെ ഇതുവരെയും തന്റെ മികവ് പുറത്തെടുക്കാൻ കഴിഞ്ഞില്ലായിരുന്നു. എന്നാൽ ജനുവരിയിൽ തന്റെ പഴയ തട്ടകമായ പ്രീമിയർ ലീഗിലേക്ക് ചേക്കേറി ആസ്റ്റൺ വില്ലക്കൊപ്പം മിന്നുന്ന പ്രകടനം നടത്തുന്ന താരത്തെ വില്ല തന്നെ സ്വന്തമാക്കാനാണ് സാധ്യത.
5. മാർക് ആന്ദ്രേ ടെർ സ്റ്റീഗൻ
ഈ സീസണിൽ ബാഴ്സലോണ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ താരം ടെർ സ്റ്റീഗനായിരിക്കും. തന്റെ പഴയ ഫോമിന്റെ അടുത്തെത്താൻ പോലും കഴിയാത്ത താരം പലപ്പോഴും ഗോൾമുഖത്ത് പരാജയപ്പെടുന്നത് ആരാധകർക്ക് പതിവു കാഴ്ച്ചയല്ല, പുതിയൊരു ഗോൾകീപ്പറെ ബാഴ്സലോണ സ്വന്തമാക്കണം എന്ന ആവശ്യം ആരാധകർ ഉയർത്തുന്നുമുണ്ട്. ഫോം തിരിച്ചു പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ താരത്തെ ബാഴ്സ ഒഴിവാക്കുമെന്നതിൽ യാതൊരു സംശയവുമില്ല,
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.