Football in Malayalam

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ ഉറപ്പായും വിൽക്കേണ്ട 5 താരങ്ങൾ

Gokul Manthara
Real Sociedad v FC Barcelona - La Liga Santander
Real Sociedad v FC Barcelona - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

കഴിഞ്ഞ സീസണിൽ തങ്ങളുടെ സ്വതസിദ്ധമായ മികവിലേക്കുയരാൻ കഷ്ടപ്പെട്ട ബാഴ്സലോണക്ക് കോപ്പ ഡെൽ റേയിൽ മാത്രമായിരുന്നു കിരീടം ചൂടാൻ കഴിഞ്ഞത്. താരസമ്പന്നമായ ടീമാണെങ്കിലും പേരിനും പ്രശസ്തിക്കുമനുസരിച്ച് സൂപ്പർ താരങ്ങളുടെ കളിമികവ് ഉയരാത്തത് പോയ സീസണിൽ ടീമിന് കനത്ത തിരിച്ചടിയായി. അത് കൊണ്ടു തന്നെ വരും സീസണ് മുന്നോടിയായി ടീമിൽ ചില നിർണായക അഴിച്ചു പണികൾ നടത്തേണ്ടത് ബാഴ്സലോണക്ക് അനിവാര്യമാണ്.

ക്ലബ്ബ് ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിച്ചു കഴിഞ്ഞ താരങ്ങളെ രെജിസ്റ്റർ ചെയ്യുന്നതിനും ഇനിയും താരങ്ങളെ എത്തിക്കുന്നതിനും ടീമിന്റെ ഇപ്പോളത്തെ വേതനബിൽ ബാഴ്സലോണക്ക് കുറക്കേണ്ടതുണ്ട്. അതിന് നിലവിൽ ടീമിലുള്ള ഒരു പറ്റം താരങ്ങളെ വിൽക്കാൻ അവർ നിർബന്ധിതരുമാകും‌. ഇതു വരെ ക്ലബ്ബിൽ തിളങ്ങാനായിട്ടില്ലാത്ത, ക്ലബ്ബിന്റെ കളി ശൈലിയോട് ഇണങ്ങിച്ചേരാനാകാത്ത, ഉയർന്ന പ്രതിഫലം പറ്റുന്ന താരങ്ങളെ വിൽക്കാനാകും ബാഴ്സലോണ ശ്രമിക്കുക. അത്തരത്തിൽ അവർ വിൽക്കേണ്ട/വിൽക്കാൻ സാധ്യതയുള്ള 5 താരങ്ങളെ നോക്കാം,

1. അന്റോയിൻ ഗ്രീസ്മാൻ

Antoine Griezmann
FC Barcelona v Getafe CF - La Liga / Eric Alonso/Getty Images

2019 ൽ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ബാഴ്സലോണയിലെത്തിയ അന്റോയിൻ ഗ്രീസ്മാൻ, ക്ലബ്ബിനൊപ്പമുള്ള ആദ്യ സീസണിൽ നിരാശപ്പെടുത്തിയെങ്കിലും കഴിഞ്ഞ സീസണിൽ മോശമല്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഫ്രഞ്ച് താരത്തിന്റെ കഴിവിലും പ്രകടന മികവിലും ആർക്കും സംശയങ്ങളൊന്നുമില്ലെങ്കിലും നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ അദ്ദേഹത്തെ ടീമിൽ നിന്നൊഴിവാക്കുന്നതാവും ബാഴ്സലോണക്ക് ഉചിതം. മെംഫിസ് ഡീപേ മുന്നേറ്റത്തിൽ എത്തിയിരിക്കുന്നതിനാൽ ഗ്രീസ്മാൻ പോയാലും അത് ബാഴ്സലോണയുടെ കരുത്തിനെ ബാധിക്കില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ‌

2. ഫിലിപ് കുട്ടീഞ്ഞോ

Philippe Coutinho
FC Barcelona v SD Eibar - La Liga Santander / Alex Caparros/Getty Images

2018 ൽ ബാഴ്സലോണ വലിയ പ്രതീക്ഷകളോടെ ലിവർപൂളിൽ നിന്ന് ടീമിലെത്തിച്ച താരമാണ് ഫിലിപ് കുട്ടീഞ്ഞോ. എന്നാൽ പരിക്കും, ഫോം നഷ്ടവും മൂലം അദ്ദേഹത്തിന്റെ ബാഴ്സലോണ കരിയർ തീർത്തും നിരാശാജനകമായി. ക്ലബ്ബിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായ കുട്ടീഞ്ഞോയെ വിൽക്കാൻ കഴിഞ്ഞാൽ സാമ്പത്തികപരമായി ബാഴ്സക്ക് അത് വലിയ ആശ്വാസമാകും. ഒപ്പം ബാഴ്സയിൽ നിന്ന് പോകുന്നത് താരത്തിന്റെ കരിയറിനും ഗുണകരമാകും.

3. ഔസ്മാൻ ഡെംബലെ

Ousmane Dembele
FC Barcelona v Real Betis - La Liga Santander / Eric Alonso/Getty Images

ബാഴ്സലോണയിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ് ഔസ്മാൻ ഡെംബലെ. ക്ലബ്ബിൽ നെയ്മറിന് പകരക്കാരനാകുമെന്ന ഒരിക്കൽ വിശേഷിക്കപ്പെട്ട താരം പിന്നീട് തന്റെ പ്രകടനങ്ങളിലൂടെ ക്ലബ്ബിനേയും ആരാധകരേയും നിരാശപ്പെടുത്തി‌. ഭൂരിഭാഗം ബാഴ്സലോണ ആരാധകരും ഇപ്പോൾ ഡെംബലെയെ ടീം വിൽക്കണമെന്ന പക്ഷക്കാരാണ്‌. ഈ ഫ്രഞ്ച് താരത്തെ വിൽക്കുന്നതിലൂടെ ക്ലബ്ബിന് തങ്ങളുടെ വേതനബില്ലിലും മികച്ച രീതിയിൽ കുറവ് വരുത്താനാകും.

4. സാമുവൽ ഉംറ്റിറ്റി

Samuel Umtiti
FC Barcelona v Granada CF - La Liga Santander / Quality Sport Images/Getty Images

2016 ൽ ബാഴ്സലോണയിലെത്തിയ ഉംറ്റിറ്റിക്ക് 2018 ൽ സംഭവിച്ച പരിക്കിന് ശേഷമാണ് ക്ലബ്ബിലെ കഷ്ടകാലം തുടങ്ങിയത്. നിലവിൽ ടീമിന്റെ ഫസ്റ്റ് ഇലവൻ പദ്ധതികളിലില്ലാത്ത ഉംറ്റിറ്റിയെ ഇക്കുറി വിൽപ്പനക്ക് വെച്ചാലും മോശമല്ലാത്ത തുക ക്ലബ്ബിന് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

5. മിറാലം പ്യാനിച്ച്

Miralem Pjanic
SD Eibar v FC Barcelona - La Liga Santander / Quality Sport Images/Getty Images

കഴിഞ്ഞ വർഷം യുവന്റസിൽ നിന്ന് സ്വാപ് ഡീലിൽ ബാഴ്സലോണയിലെത്തിയ താരമാണ് ബോസ്നിയൻ മിഡ്ഫീൽഡറായ മിറാലം പ്യാനിച്ച്. കഴിഞ്ഞ സീസണിൽ 19 ലാലീഗ മത്സരങ്ങളിൽ മാത്രം കളിക്കാനിറങ്ങിയ പ്യാനിച്ച് ഇക്കുറി ടീമിന്റെ പ്രധാന തന്ത്രങ്ങളിലുണ്ടാവാനുള്ള സാധ്യത കുറവാണ്. ഉയർന്ന ശമ്പളവും പ്രായവും അദ്ദേഹത്തെ ഇക്കുറി വിൽക്കാൻ ബാഴ്സലോണയെ പ്രേരിപ്പിച്ചേക്കും


facebooktwitterreddit