തുടർച്ചയായി ഏറ്റവുമധികം ലീഗ് മത്സരങ്ങളിൽ ഗോൾ നേടിയിട്ടുള്ള അഞ്ചു താരങ്ങൾ


ഫുർത്തിനെതിരെ ഇന്നലെ നടന്ന ബുണ്ടസ്ലിഗ മത്സരത്തിൽ പത്തു പേരായി ചുരുങ്ങിയ ബയേൺ മ്യൂണിക്ക് വിജയം സ്വന്തമാക്കിയെങ്കിലും സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിയെ സംബന്ധിച്ച് ചെറിയൊരു നിരാശയാണ് മത്സരം സമ്മാനിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ ഗോൾ നേടാൻ കഴിയാതിരുന്നതോടെ ബയേൺ മ്യൂണിക്കിനു വേണ്ടി തുടർച്ചയായി ഏറ്റവും കൂടുതൽ ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കാൻ ലെവൻഡോസ്കിക്ക് കഴിഞ്ഞില്ല.
ഇന്നലെ വരെ പതിനഞ്ചു ലീഗ് മത്സരങ്ങളിലായിരുന്നു ബയേണിനു വേണ്ടി ലെവൻഡോക്സി ഗോൾ നേടിയത്. എന്നാൽ പതിനാറാം മത്സരത്തിൽ ഗോൾ കണ്ടെത്താൻ പരാജയപ്പെട്ടതോടെ ബയേൺ മ്യൂണിക്ക് ഇതിഹാസം യെർദ് മുള്ളറുടെ റെക്കോർഡ് മറികടക്കാൻ കഴിയാതിരുന്ന പോളണ്ട് താരത്തിന് ലയണൽ മെസിയുടെ ഇരുപത്തിയൊന്ന് ലീഗ് മത്സരങ്ങളിൽ തുടർച്ചയായ ഗോളുകളെന്ന റെക്കോർഡിന് ഭീഷണിയുയർത്താനും കഴിഞ്ഞില്ല.
തുടർച്ചയായി ഏറ്റവുമധികം ലീഗ് മത്സരങ്ങളിൽ ഗോൾ നേടിയിട്ടുള്ള അഞ്ചു താരങ്ങൾ:
1. ലയണൽ മെസി - ലാ ലിഗ - 21 മത്സരങ്ങൾ
2012-13 സീസണിലായിരുന്നു ഒരു ഫുട്ബോൾ താരത്തിന് അസാധ്യമെന്നു കരുതിയ നേട്ടം മുൻ ബാഴ്സലോണ നായകൻ സ്വന്തമാക്കിയത്. ആ സീസണിൽ നവംബർ പകുതിയോടെ തുടർച്ചയായ മത്സരങ്ങളിൽ ഗോൾവേട്ടയാരംഭിച്ച മെസി 21 മത്സരങ്ങളിൽ നിന്നും 33 ഗോളുകൾ നേടിയാണ് അതിന് അവസാനം കുറിച്ചത്. യൂറോപ്പിലെ പ്രധാന ലീഗുകളിലെല്ലാം ഒരു ടീം പരമാവധി 38 മത്സരങ്ങളാണ് കളിക്കുക എന്നിരിക്കെ അതിൽ 21 എണ്ണത്തിൽ തുടർച്ചയായി ഗോൾ കണ്ടെത്തുകയെന്ന റെക്കോർഡ് മറ്റൊരു താരത്തിന് തകർക്കാൻ പ്രയാസമാകും എന്നാണു കരുതപ്പെടുന്നത്.
2. യെർദ് മുള്ളർ - ബുണ്ടസ്ലിഗ - 16 മത്സരങ്ങൾ
ബയേൺ മ്യൂണിക്കിനു വേണ്ടി ഏറ്റവുമധികം ലീഗ് മത്സരങ്ങളിൽ തുടർച്ചയായി ഗോൾ കണ്ടെത്തുകയെന്ന യെർദ് മുള്ളറിന്റെ റെക്കോർഡിന് തൊട്ടരികിലാണ് ഇന്നലെ ലെവൻഡോസ്കി വീണത്. 1969-70 സീസണിലായിരുന്നു ഫുട്ബോൾ ലോകം ഇന്നുവരെ കണ്ടതിൽ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി കരുതപ്പെടുന്ന ജർമൻ ഇതിഹാസത്തിന്റെ റെക്കോർഡ് ഗോൾവേട്ട സംഭവിച്ചത്.
3. തിയോഡോർ പെറ്റരെക്ക് - പോളിഷ് ലീഗ് - 16 മത്സരങ്ങൾ
ഇന്നലെ നടന്ന മത്സരത്തിൽ ഗോൾ നേടാൻ പരാജയപ്പെട്ടതോടെ തുടർച്ചയായി ഏറ്റവുമധികം ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന പോളിഷ് താരമെന്ന റെക്കോർഡിന് ഒപ്പമെത്താനുള്ള അവസരം കൂടിയാണ് ലെവൻഡോകിക്ക് ഇല്ലാതായത്. 1937-38 സീസണിൽ റൂഷ് സൊർഷോക്ക് വേണ്ടി കളിക്കുമ്പോഴാണ് പെരെറ്റെക്ക് പതിനാറു മത്സരങ്ങളിൽ തുടർച്ചയായി ഗോൾ കണ്ടെത്തിയത്.
4. റോബർട്ട് ലെവൻഡോസ്കി - ബയേൺ മ്യൂണിക്ക് - 15 മത്സരങ്ങൾ
തുടർച്ചയായ ലീഗ് മത്സരങ്ങളിൽ ഗോൾ നേടുകയെന്ന ലെവൻഡോസ്കിയുടെ റെക്കോർഡ് നേട്ടം ആരംഭിച്ചത് ഫെബ്രുവരി 15നു അർമേനിയ ബാൻഫീൽഡിന് എതിരെയാണ്. അതിനു ശേഷം ഐന്തരാഷ്ട ഫ്രാങ്ക്ഫർട്ട്, എഫ്സി കോൾൻ, ഡോർട്മുണ്ട്, വെർഡർ ബ്രെമൻ, സ്റ്റുറ്റ്ഗാർട്ട്, മൈൻസ്, ഗ്ലാഡ്ബാഷ്, ഫ്രീബർഗ്, ഓസ്ബർഗ്, ഗ്ലാഡ്ബാഷ്, കോൾൻ, ഹെർത്ത ബെർലിൻ, ലീപ്സിഗ്, ബൊച്ചും എന്നീ ടീമുകൾക്ക് എതിരെയാണ് താരം ഗോൾ കണ്ടെത്തിയത്.
5. ജോസെഫ് മാർട്ടിനസ് - എംഎൽഎസ് - 15 മത്സരങ്ങൾ
ഇറ്റാലിയൻ ക്ലബായ ടോറിനോയിൽ മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന വെനെസ്വല താരം എംഎൽഎസിൽ ചേർന്നതു മുതൽ തകർപ്പൻ പ്രകടനമാണ് നടത്തിയിട്ടുള്ളത്. 2017ൽ അറ്റലാന്റ യുണൈറ്റഡിൽ എത്തിയതിനു ശേഷം ഇതുവരെ 124 മത്സരങ്ങളിൽ നിന്നും 99 ഗോളുകൾ നേടിയിട്ടുള്ള താരം 2019ലാണ് 15 മത്സരങ്ങളിൽ തുടർച്ചയായി ഗോൾ കണ്ടെത്തുന്നത്.