ഐഎസ്എല്ലിൽ കോവിഡ് പ്രതിസന്ധി രൂക്ഷം, അഞ്ചു ടീമുകൾ പൂർണമായും ഐസൊലേഷനിൽ

FBL-IND-ISL-KOLKATA-KERALA-FINAL
FBL-IND-ISL-KOLKATA-KERALA-FINAL / SAJJAD HUSSAIN/GettyImages
facebooktwitterreddit

ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളിലെ താരങ്ങൾക്കും സ്റ്റാഫുകൾക്കും ഇടയിൽ കോവിഡ് തരംഗം രൂക്ഷമായതിനെ തുടർന്ന് മത്സരങ്ങൾ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കോവിഡ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് ഏതാണ്ട് അഞ്ചോളം ടീമുകൾ പൂർണമായും ഐസൊലേഷനിൽ ആണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നത്.

എടികെ മോഹൻ ബഗാനും ബംഗളൂരുവും തമ്മിലുള്ള മത്സരം വരാനിരിക്കെ കഴിഞ്ഞ ആറു ദിവസമായി ഒരു പരിശീലന സെഷൻ പോലും നടത്താതെ ബഗാൻ താരങ്ങളെല്ലാം റൂമിനുള്ളിൽ തന്നെ തുടരുകയാണ്. നേരത്തെ ഒരു കളിക്കാരനു കോവിഡ് പോസിറ്റിവ് കണ്ടെത്തിയതിനെ തുടർന്ന് ഒഡിഷ എഫ്‌സിയുമായുള്ള ഇവരുടെ മത്സരം മാറ്റി വെക്കുകയും ടീം മുഴുവൻ ഐസൊലേഷനിലേക്ക് പോവുകയും ചെയ്‌തിരുന്നു. ഇപ്പോൾ അഞ്ചോളം താരങ്ങൾക്ക് കോവിഡ് അണുബാധ കണ്ടെത്തിയിട്ടുണ്ട്.

മത്സരത്തിനായുള്ള ബംഗളൂരുവിന്റെ തയ്യാറെടുപ്പുകളും അത്ര മികച്ചതല്ല. ബയോ ബബിളിലുള്ള ഒരു ഹോട്ടൽ സ്റ്റാഫിനു കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് ഐസൊലേഷനിൽ ആയ ടീമിലെ ഒരു താരത്തിന് റാപിഡ് ആന്റിജൻ പരിശോധനാഫലം പോസിറ്റിവ് ആയിട്ടുണ്ട്. ഇതിന്റെ ആർടി പിസിആർ ടെസ്റ്റിനു വേണ്ടി മറ്റുള്ളവർ ആകാംക്ഷയോടെ കാത്തിരിക്കയാണ്.

നാല് കേസുകൾ കണ്ടെത്തിയെങ്കിലും ഒഡിഷ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ ടീമിനെ ഇറക്കിയിരുന്നു. ചൊവ്വാഴ്‌ച ഒരു താരത്തിന് പോസിറ്റിവ് ആയതിനു ശേഷം മറ്റു മൂന്നു താരങ്ങൾക്ക് മത്സരത്തിനു മുൻപാണ് പോസിറ്റിവ് ഫലം ലഭിച്ചത്. ഇവരോട് ഡ്രസിങ് റൂം ഉപയോഗിക്കരുതെന്ന നിർദ്ദേശം നൽകിയിരുന്നു. വ്യാഴാഴ്‌ച രണ്ടു സ്റ്റാഫുകൾക്കു കൂടി കോവിഡ് പോസിറ്റിവ് ആയിട്ടുണ്ട്.

ബയോ ബബിളിലെ ഹോട്ടൽ സ്റ്റാഫിനു പോസിറ്റിവ് ഫലം ലഭിച്ചതിനെ തുടർന്ന് ഈസ്റ്റ് ബംഗാൾ താരങ്ങളും നിലവിൽ ഐസൊലേഷനിൽ തുടരുകയാണ്. എഫ്‌സി ഗോവ താരങ്ങൾ പന്ത്രണ്ടു ദിവസമായി ഐസൊലേഷനിൽ തുടരുകയാണ്. പരിശീലനത്തിന് വളരെ അടുത്തുള്ള മൈതാനത്തേക്ക് ഒരു ബസിൽ എട്ടു താരങ്ങൾ മാത്രം എന്ന രീതിയിൽ മാത്രമാണ് അവർ പുറത്തിറങ്ങുന്നത്.

നിലവിലെ സാഹചര്യങ്ങൾ നോക്കുമ്പോൾ മത്സരങ്ങളിൽ ചിലത് മാറ്റി വെക്കേണ്ട സാഹചര്യമുണ്ടെന്നതിൽ സംശയമില്ല. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം എടികെ മോഹൻ ബഗാനും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള മത്സരം മാറ്റി വെച്ചിട്ടുണ്ട്. ഓരോ ദിവസവും കോവിഡ് കേസുകൾ ഉയരുകയും പുതിയ നിയന്ത്രണം നടപ്പാക്കുകയും ചെയ്യുമ്പോൾ ടൂർണമെന്റ് ഒഴിവാക്കപ്പെടുമോ എന്ന ആശങ്കയും ആരാധകർക്കുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.