2022 ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവുമധികം തുക ചിലവഴിച്ച അഞ്ചു ക്ലബുകൾ


സീസണിൽ കൂടുതൽ മികച്ച പ്രകടനം നടത്തുന്നതിനു വേണ്ടി ക്ലബുകൾക്ക് പുതിയ താരങ്ങളെ ടീമിലെത്തിക്കാനും സ്ക്വാഡിനെ ശക്തിപ്പെടുത്താനുമുള്ള അവസരമാണ് ജനുവരി ട്രാൻസ്ഫർ ജാലകം നൽകുന്നത്. ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലും നിരവധി മികച്ച സൈനിംഗുകൾ യൂറോപ്പിലെ മിക്ക ക്ലബുകളും നടത്തിയിട്ടുണ്ട്. ജനുവരി ട്രാൻസ്ഫർ ജാലകം അവസാനിച്ചിരിക്കെ ഇത്തവണ ഏറ്റവുമധികം തുകയുടെ ട്രാൻസ്ഫറുകൾ നടത്തിയ അഞ്ചു ക്ലബുകളെ അറിയാം.
1. ന്യൂകാസിൽ യുണൈറ്റഡ് (102.1 മില്യൺ യൂറോ)
സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഏറ്റെടുത്തതിനു ശേഷം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഫുട്ബാൾ ക്ലബായി മാറിയ ന്യൂകാസിൽ യുണൈറ്റഡ് ടീമിനെ ശക്തമാക്കാൻ ലഭിച്ച ആദ്യത്തെ അവസരം വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. തരം താഴ്ത്തൽ മേഖലയിൽ നിന്നും രക്ഷപ്പെടാൻ പൊരുതുന്ന അവർ ജനുവരിയിൽ അവർ അഞ്ചു താരങ്ങളെയാണ് സ്വന്തമാക്കിയത്. കീറൻ ട്രിപ്പിയർ, ബ്രൂണോ ഗുയ്മെറാസ്, ക്രിസ് വുഡ്, മാറ്റ് ടാർഗറ്റ്, ഡാൻ ബേൺ എന്നിവരാണ് ന്യൂകാസിലിന്റെ സൈനിംഗുകൾ.
2. യുവന്റസ് (97.7 മില്യൺ യൂറോ)
ഇറ്റലിയിൽ തങ്ങളുടെ ആധിപത്യം തിരിച്ചു പിടിക്കാൻ വേണ്ടി ഈ വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ നടന്ന ഏറ്റവും ഉയർന്ന തുകയുടെ ട്രാൻസ്ഫറിൽ സീരി എ ടോപ് സ്കോററായ ഫിയോറെന്റീന താരം ദുസൻ വ്ലാഹോവിച്ചിനെ യുവന്റസ് സ്വന്തമാക്കിയിരുന്നു. എൺപതു മില്യൺ യൂറോയിലധികമാണ് സെർബിയൻ താരത്തിനായി ബാഴ്സലോണ മുടക്കിയത്. ഇതിനു പുറമെ ഡെനിസ് സക്കറിയ, ഫെഡറിക്കോ ഗാട്ടി തുടങ്ങിയവർ അടക്കം മൊത്തം അഞ്ചു താരങ്ങളാണ് ജനുവരിയിൽ യുവന്റസിൽ എത്തിയത്. ഇതിൽ ഗാട്ടി ഫ്രോസിനോണിൽ തന്നെ ലോണിൽ തുടരും
3. ബാഴ്സലോണ (55 മില്യൺ യൂറോ)
വിന്റർ ട്രാൻസ്ഫർ ജാലകത്തിനു മുൻപേ തന്നെ ഡാനി ആൽവസിനെ ടീമിലെത്തിച്ച ബാഴ്സലോണ ജനുവരിയിൽ മൂന്നു താരങ്ങളെയാണ് ടീമിലെത്തിച്ചത്. അതിൽ 55 മില്യൺ യൂറോ മുടക്കി സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി താരം ഫെറൻ ടോറസ് ഈ വിന്റർ ജാലകത്തിൽ ഏറ്റവുമുയർന്ന രണ്ടാമത്തെ തുകയുടെ സൈനിങാണ്. അതിനു പുറമെ ലോൺ കരാറിൽ അഡമ ട്രയോറയെയും ഫ്രീ ട്രാൻസ്ഫറിൽ ഒബാമയങ്ങിനെയും ബാഴ്സലോണ ടീമിലെത്തിച്ചു.
4. ലിവർപൂൾ (45 മില്യൺ യൂറോ)
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പൊതുവെ നിശബ്ദരായി തുടർന്നിരുന്നു ലിവർപൂൾ വളരെ പെട്ടന്നാണ് പോർട്ടോയുടെ കൊളംബിയ താരമായ ലൂയിസ് ഡയസിനെ സ്വന്തമാക്കിയത്. ടോട്ടനം ഹോസ്പർ താരത്തിനു വേണ്ടി സമ്മർദ്ദം ചെലുത്താൻ ആരംഭിച്ചതോടെയാണ് അടുത്ത സമ്മറിൽ നടത്താനുദ്ദേശിച്ച ഡീൽ ജനുവരിയിൽ തന്നെ ലിവർപൂൾ പൂർത്തിയാക്കിയത്. പ്രീമിയർ ലീഗിൽ തിളങ്ങാൻ കഴിഞ്ഞാൽ അടുത്ത കാലത്ത് ലിവർപൂൾ നടത്തിയ മികച്ച ട്രാൻസ്ഫറുകളിൽ ഒന്നായി ഡയസ് മാറും.
5. എവർട്ടൺ (37.5 മില്യൺ യൂറോ)
ഫ്രാങ്ക് ലംപാർഡ് പരിശീലകനായി വരുന്നതിനൊപ്പം ടീമിനെ ശക്തിപ്പെടുത്തി എവർട്ടൺ ആറു താരങ്ങളെയാണ് ജനുവരി ജാലകത്തിൽ ടീമിലെത്തിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ലോണിൽ ടീമിലെത്തിയ വാൻ ഡി ബീക്ക്, ടോട്ടനം ഹോസ്പറിൽ നിന്നും വന്ന ദെലെ അലി എന്നിവർക്കു പുറമെ ബില്ലി ക്രെലിൻ, അൻവർ എൽ ഗാസി, നഥാൻ പീറ്റേഴ്സൺ, വിറ്റാലി മൈകോലിങ്കോ എന്നിവരാണ് ഏവർട്ടണിൽ എത്തിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.