ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അഞ്ചു ഫുട്ബോൾ താരങ്ങൾ


വളരെയധികം സംഭവബഹുലമായ ഒരു സമ്മർ ട്രാൻസ്ഫർ ജാലകമാണ് ഈ വർഷം കടന്നു പോയത്. ലയണൽ മെസി ബാഴ്സ വിട്ടു പിഎസ്ജിയിലേക്ക് ചേക്കേറിയതും റൊണാൾഡോ ഇറ്റലി വിട്ട് മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചു വന്നതുമെല്ലാം ഈ സമ്മർ ജാലകത്തിൽ സംഭവിച്ച പ്രധാന കാര്യങ്ങളാണ്. കോവിഡ് മഹാമാരി ഒന്നൊതുങ്ങിയതിനു ശേഷം ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലുണ്ടായ വഴിത്തിരിവുകൾ ഫുട്ബോളിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു തിരിച്ചു വന്നതോടെ നിലവിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമെന്ന നേട്ടം സ്വന്തമാക്കിയ റൊണാൾഡൊയടക്കം നിലവിൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന അഞ്ചു ഫുട്ബോൾ താരങ്ങളെയാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്.
1. ക്രിസ്റ്റ്യാനോ റൊണാൾഡോ - 108 മില്യൺ യൂറോ
മുപ്പത്തിയാറാം വയസിലും ഏറ്റവും മികച്ച പ്രകടനം നടത്തി ഫുട്ബോൾ ലോകത്തിന്റെ നിറുകയിൽ നിൽക്കുന്ന റൊണാൾഡോ യുവന്റസിൽ നിന്നും തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയതോടെയാണ് ലോകത്തിലെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന താരമായി മാറിയത്. ഇതിനു പുറമെ സ്പോൺസർഷിപ്പ്, കൊമേഴ്സ്യൽ ഡീലുകളിലൂടെയും വലിയ തുക പോർച്ചുഗീസ് നായകൻ സമ്പാദിക്കുന്നുണ്ട്.
2. ലയണൽ മെസി - 95 മില്യൺ യൂറോ
റൊണാൾഡോക്കൊപ്പം ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന മെസി തന്റെ പ്രതിഫലത്തിന്റെ പകുതി വെട്ടിക്കുറക്കാൻ തയ്യാറായിട്ടും ക്ലബിൽ നിലനിർത്താൻ ബാഴ്സക്കു കഴിയാതിരുന്നതിനെ തുടർന്നാണ് പിഎസ്ജിയിലേക്ക് ചേക്കേറിയത്. നിലവിൽ കളിച്ചു കൊണ്ടിരിക്കുന്നതിൽ ഏറ്റവും മികച്ച താരമായ മെസിയെ ഇരുകയ്യും നീട്ടി സ്വീകരിച്ച ഫ്രഞ്ച് ക്ലബ് അവരുടെ താരങ്ങളിൽ ഏറ്റവുമുയർന്ന പ്രതിഫലമാണ് മെസിക്കു നൽകിയത്.
3. നെയ്മർ - 82 മില്യൺ യൂറോ
ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കിയ നെയ്മർക്കു പക്ഷെ ഇതുവരെയും ക്ലബിന് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി നൽകാൻ കഴിഞ്ഞില്ല എങ്കിലും അവസാനം നൽകിയ കരാറിലൂടെ ഏറ്റവുമുയർന്ന മൂന്നാമത്തെ പ്രതിഫലം വാങ്ങുന്ന താരമായി ബ്രസീലിയൻ താരം മാറി. മെസി കൂടിയെത്തിയതോടെ ചാമ്പ്യൻസ് ലീഗ് കിരീടവും ഇത്തവണ സ്വന്തമാക്കാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
4. കെയ്ലിയൻ എംബാപ്പെ - 37 മില്യൺ യൂറോ
നിലവിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരമായ ഫ്രഞ്ച് മുന്നേറ്റനിര താരം പിഎസ്ജിയുമായി കരാർ പുതുക്കാൻ തയ്യാറായിട്ടില്ല എന്നതു കൊണ്ടാണ് പ്രതിഫലത്തിന്റെ കാര്യത്തിൽ ഇത്രയും പുറകിൽ നിൽക്കുന്നത്. അടുത്ത സീസണിൽ പിഎസ്ജിയിൽ തന്നെ തുടർന്നാലും മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറിയാലും ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായി എംബാപ്പെ മാറാനിടയുണ്ട്.
5. മൊഹമ്മദ് സലാ - 35 മില്യൺ യൂറോ
പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവിൽ പുതിയ ഉയരങ്ങൾ കീഴടക്കിയ മൊഹമ്മദ് സലാ നിലവിൽ ലോകഫുട്ബോളിൽ തന്നെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന താരമാണ്. സലാ ലിവർപൂളുമായി പുതിയ കരാർ ഒപ്പിട്ടാൽ താരത്തിന്റെ പ്രതിഫലം ഇതിനേക്കാൾ ഉയരങ്ങളിലെത്തും.