സാവിയെത്തിയതിനു പിന്നാലെ അഞ്ചു ഫസ്റ്റ് ടീം പരിശീലകർ ബാഴ്‌സലോണയിൽ നിന്നും പുറത്ത്
By Sreejith N

ബാഴ്‌സലോണ പരിശീലകനായി സാവി ചുമതല ഏറ്റെടുത്തതിനു പിന്നാലെ അഞ്ചു ഫസ്റ്റ് ടീം പരിശീലകർ ക്ലബിൽ നിന്നും പുറത്ത്. നേരത്തെ ടീമിന്റെ രണ്ടു ഫിസിയോകളെ പുറത്താക്കിയെന്ന റിപ്പോർട്ടുകളാണ് വന്നിരുന്നതെങ്കിലും അതുൾപ്പെടെ അഞ്ചു ഫസ്റ്റ് ടീം പരിശീലകർ പുറത്തു പോയെന്നാണ് സ്‌പാനിഷ് മാധ്യമം മാർക്ക വെളിപ്പെടുത്തുന്നത്.
ബാഴ്‌സലോണ ടീമിനൊപ്പം വളരെക്കാലമായുള്ള ടീം ഫിസിയോ ജുവാൻഞ്ചോ ബ്രൗവാണു ഫസ്റ്റ് ടീമിൽ നിന്നും പുറത്താക്കപ്പെട്ട പ്രധാന വ്യക്തി. ഇതിനു പുറമെ ഐഎസ്എൽ ക്ലബുകളായ ബംഗളൂരു എഫ്‌സി, ഹൈദരാബാദ് എഫ്‌സി എന്നിവയുടെ മുൻ പരിശീലകനും ബാഴ്‌സയുടെ ഫിസിക്കൽ ട്രെയിനറുമായ ആൽബർട്ട് റോക്ക, അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ജൗമേ ബാർട്രെസ് എന്നിവരാണ് ടീമിന് പുറത്തായത്.
ഇതിനു പുറമെ സ്‌കൗട്ടിങ് ഡിപ്പാർട്മെന്റിലും സാവി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തന്റെ ശൈലിക്ക് അനുയോജ്യമായ താരങ്ങളെ കണ്ടെത്തുന്നത്തിനായി സ്വന്തം ടീമിനെയാണ് സാവിയിനി ക്ലബിന്റെ സ്‌കൗട്ടിങ്ങിനായി ഉപയോഗിക്കുക. ഇതോടെ മുൻപത്തെ സ്‌കൗട്ടുകളായ റൗൾ പെരസ്, ജോർദി മേലേറൊ എന്നിവർ ഫസ്റ്റ് ടീമിൽ നിന്നും പുറത്താകും.
ഒഴിവാക്കപ്പെട്ട എല്ലാവരെയും ബാഴ്‌സലോണ പൂർണമായും ക്ലബിൽ നിന്നും ഒഴിവാക്കുന്നില്ല. ഇതിൽ ചിലയാളുകൾക്ക് യൂത്ത് ടീമിൽ വിവിധ സ്ഥാനങ്ങൾ ലഭിച്ചേക്കും. എന്നാൽ സീനിയർ ടീമിനൊപ്പം ചേർന്ന് ഇതിലാരും ഇനി പ്രവർത്തിക്കാൻ സാധ്യതയില്ല.
താരങ്ങൾക്ക് നിരന്തരം പരിക്കു പറ്റുന്നതു മൂലം ഫിസിയോ ടീമിനെ മാറ്റണമെന്ന ആവശ്യം ആരാധകരും ഉയർത്തിയിരുന്നു. പ്രധാന താരങ്ങളെല്ലാം പരിക്കേറ്റു പുറത്തിരിക്കുന്നതാണ് ബാഴ്‌സയുടെ മോശം പ്രകടനത്തിന്റെ ഒരു പ്രധാന കാരണം. സാവിയുടെ വരവോടെ ഇതിലെല്ലാം മാറ്റങ്ങൾ ഉണ്ടാകുമെന്ന് ആരാധകർ വിശ്വസിക്കുന്നു.