അസെൻസിയോക്കു വേണ്ടിയുള്ള പോരാട്ടം കനക്കുന്നു, അഞ്ചു വമ്പൻ ക്ലബുകൾ റയൽ മാഡ്രിഡ് താരത്തിനായി രംഗത്ത്

Rayo Vallecano v Real Madrid CF - La Liga Santander
Rayo Vallecano v Real Madrid CF - La Liga Santander / Eurasia Sport Images/GettyImages
facebooktwitterreddit

റയൽ മാഡ്രിഡ് മുന്നേറ്റനിര താരം മാർകോ അസെൻസിയോയെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബുകൾ രംഗത്ത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം യൂറോപ്പിലെ അഞ്ചു പ്രമുഖ ക്ലബുകൾ താരത്തിനായി രംഗത്തുണ്ട്. അടുത്ത സീസൺ കഴിയുന്നതോടെ റയൽ മാഡ്രിഡുമായി കരാർ അവസാനിക്കും എന്നിരിക്കെയാണ് ഈ സമ്മറിൽ താരത്തെ സ്വന്തമാക്കാൻ ക്ലബുകൾ രംഗത്തു വന്നിരിക്കുന്നത്.

സ്‌പോർട്, മുണ്ടോ ഡീപോർട്ടിവോ എന്നിവർ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ഇറ്റാലിയൻ ക്ലബുകളായ എസി മിലാൻ, യുവന്റസ് എന്നിവരാണ് താരത്തിനായി രംഗത്തുള്ളത്. ഇതിനു പുറമെ പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ, ആഴ്‌സണൽ എന്നിവരും ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടും അസെൻസിയോയെ ടീമിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അടുത്ത സീസണിൽ കരാർ അവസാനിക്കാനിരിക്കെ താരത്തെ വിറ്റ് ഏറ്റവും കൂടിയ തുക നേടാനുള്ള അവസാന അവസരമാണ് സമ്മർ ട്രാൻസ്‌ഫർ ജാലകം. എംബാപ്പെ, ഹാലൻഡ് എന്നിവരെ ഒരുമിച്ച് ടീമിലെത്തിക്കാൻ ശ്രമിക്കുന്ന റയൽ മാഡ്രിഡിനെ സംബന്ധിച്ച് വേതനബിൽ ചുരുക്കേണ്ടത് അത്യാവശ്യമായതിനാൽ അസെൻസിയോയെ വിൽക്കുന്ന കാര്യം അവർ പരിഗണിക്കാൻ സാധ്യതയുണ്ട്.

മുപ്പതു മില്യൺ യൂറോയോളം ട്രാൻസ്‌ഫർ മൂല്യമുള്ള താരം ടീമിനൊപ്പം തുടരുമോയെന്ന കാര്യത്തിൽ ഇതുവരെയും റയൽ മാഡ്രിഡ് തീരുമാനം എടുത്തിട്ടില്ല. ഈ സീസണിൽ പതിനാലു ലീഗ് മത്സരങ്ങളിൽ മാത്രം ആദ്യ ഇലവനിൽ ഇറങ്ങി ഏഴു ഗോളുകൾ നേടിയിട്ടുള്ള താരം ഖത്തർ ലോകകപ്പ് ലക്ഷ്യമിട്ട് റയൽ വിടാനുള്ള ശ്രമം നടത്താനും സാധ്യതയുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.