നാല് രാജ്യങ്ങളിൽ നിന്നുമുള്ള അഞ്ചു ക്ലബുകൾ മാഴ്‌സലോക്കു വേണ്ടി രംഗത്ത്
By Sreejith N

റയൽ മാഡ്രിഡ് കരാർ അവസാനിച്ചതോടെ ക്ലബ് വിട്ട ബ്രസീലിയൻ ലെഫ്റ്റ് ബാക്കായ മാഴ്‌സലോക്ക് ആവശ്യക്കാർ വർധിക്കുന്നു. മുപ്പത്തിനാല് വയസുള്ള താരത്തിനു വേണ്ടി നാല് രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് ക്ലബുകൾ ഓഫറുമായി രംഗത്തുണ്ടെന്നാണ് ദി അത്‌ലറ്റിക് റിപ്പോർട്ടു ചെയ്യുന്നത്.
കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് നേടിയതോടെ റയൽ മാഡ്രിഡിന്റെ ചരിത്രത്തിൽ ഏറ്റവുമധികം കിരീടങ്ങൾ നേടിയ താരമെന്ന റെക്കോർഡ് മാഴ്‌സലോ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ക്ലബ് കരാർ പുതുക്കുന്നില്ലെന്നു തീരുമാനിച്ചതോടെ താരം റയൽ വിടുകയായിരുന്നു.
ദി അത്ലറ്റികിന്റെ റിപ്പോർട്ടുകൾ പ്രകാരം തുർക്കിഷ് ക്ലബ് ഫെനർബാഷെ, ട്രാബ്സോൻസ്പോർ എന്നിവരും ഇറ്റാലിയൻ ക്ലബായ മിലാൻ, ഫ്രഞ്ച് ക്ലബായ മാഴ്‌സ, ബ്രസീൽ മുൻ താരം റൊണാൾഡോ ഉടമയായ ലാ ലിഗ ക്ലബ് റയൽ വയ്യഡോളിഡ് എന്നിവരാണ് മാഴ്‌സലോക്കു വേണ്ടി രംഗത്തുള്ളത്.
ചരിത്രത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന മാഴ്‌സലോ ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസിൽ നിന്നാണ് റയൽ മാഡ്രിഡിലെത്തുന്നത്. റയൽ മാഡ്രിഡിനു വേണ്ടി 545 മത്സരങ്ങൾ കളിച്ച് 38 ഗോളും 103 അസിസ്റ്റും സ്വന്തമാക്കിയ താരം ബ്രസീൽ ദേശീയ ടീമിനു വേണ്ടി 58 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.
അതേസമയം തന്റെ ഭാവിയുടെ കാര്യത്തിൽ മാഴ്‌സലോ യാതൊരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന ക്ലബ്ബിലേക്ക് ചേക്കേറി ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടം നേടുകയാവും താരത്തിന്റെ ലക്‌ഷ്യം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.