2022 വിന്റർ ട്രാൻസ്ഫർ ജാലകത്തിലെ ഏറ്റവും മികച്ച അഞ്ചു സൈനിംഗുകൾ


ജനുവരി 31 പൂർത്തിയായതോടെ 2022 വിന്റർ ട്രാൻസ്ഫർ ജാലകവും അവസാനിച്ചിരിക്കയാണ്. നിരവധി ക്ലബുകൾ അവരുടെ സ്ക്വാഡ് ശക്തിപ്പെടുത്തുന്നതിനായി വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ പുതിയ താരങ്ങളെ സ്വന്തമാക്കി. ചില ക്ലബുകൾക്ക് തങ്ങളുടെ പ്രധാനപ്പെട്ട താരങ്ങളെ നഷ്ടമാവുകയും ചെയ്തു. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നടന്ന ഏറ്റവും മികച്ച അഞ്ചു സൈനിംഗുകളാണ് ഇവിടെ പ്രതിപാദിക്കപ്പെടുന്നത്.
1. ദുസൻ വ്ലാഹോവിച്ച് (ഫിയോറെന്റീന - യുവന്റസ്)
ഈ സീസണിൽ സീരി എയിലെ ടോപ് സ്കോററായ താരത്തെ വലിയ തുക നൽകിയാണ് യുവന്റസ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. 70 മില്യൺ യൂറോയും 10 മില്യൺ ആഡ് ഓണുമായി നാലു വർഷത്തെ കരാറിൽ സ്വന്തമാക്കിയ സെർബിയൻ താരം ഈ സീസണിൽ യുവന്റസിനെ മികച്ച ഫോമിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന് അവർ പ്രതീക്ഷിക്കുന്നു. 64 മത്സരങ്ങളിൽ നിന്നും 41 ഗോളുകൾ ഇതുവരെ നേടിയിട്ടുള്ള ഇരുപത്തിരണ്ടു വയസുള്ള താരത്തിന്റെ വരവോടെ സീരി എ ടോപ് ഫോർ ഉറപ്പിക്കാനും ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്താനും കഴിയുമെന്ന പ്രതീക്ഷ യുവന്റസിനുണ്ട്.
2. ഫെറൻ ടോറസ് (മാഞ്ചസ്റ്റർ സിറ്റി - ബാഴ്സലോണ)
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്സ ഫെറൻ ടോറസിനെ സ്വന്തമാക്കിയത് ആരാധകർക്കു വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമായിരുന്നു. സിറ്റിയിൽ അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുള്ള താരത്തെ അൻപത്തിയഞ്ചു മില്യൺ യൂറോയും പത്തു മില്യണിന്റെ ആഡ് ഓണുകളുമെന്ന കരാറിലാണ് ബാഴ്സ സ്വന്തമാക്കിയത്. ബാഴ്സയിൽ നല്ല തുടക്കം കുറിച്ച താരത്തിന്റെ ചിറകിൽ ടോപ് ഫോറും യൂറോപ്പ ലീഗും സ്വന്തമാക്കാനാവുമെന്ന് ആരാധകർ വിശ്വസിക്കുന്നു.
3. ലൂയിസ് ഡയസ് (പോർട്ടോ - ലിവർപൂൾ)
ടോട്ടനം ഹോസ്പർ രംഗത്തു വന്നതോടെയാണ് അടുത്ത സമ്മറിൽ സ്വന്തമാക്കാൻ നോട്ടമിട്ടു വെച്ചിരുന്ന കൊളംബിയ വിങ്ങറെ ലിവർപൂൾ ജനുവരിയിൽ തന്നെ സ്വന്തമാക്കിയത്. നാൽപ്പത്തിയഞ്ച് മില്യൺ യൂറോയാണ് കഴിഞ്ഞ കോപ്പ അമേരിക്കയിൽ ടോപ് സ്കോററായ താരത്തിനു വേണ്ടി ലിവർപൂൾ മുടക്കിയതെന്നാണ് വിവരം. ക്ളോപ്പിന്റെ ശൈലിക്കു വേണ്ട വേഗതയും സ്കില്ലുമുള്ള താരത്തിന് പ്രീമിയർ ലീഗിൽ തിളങ്ങാൻ കഴിഞ്ഞാൽ അതു ക്ലബിന് വലിയ കുതിപ്പാണു സമ്മാനിക്കുക.
4. ഫിലിപ്പെ കുട്ടീന്യോ (ബാഴ്സലോണ - ആസ്റ്റൺ വില്ല)
ലിവർപൂളിൽ മിന്നിത്തിളങ്ങി നിൽക്കുകയും അതിനു ശേഷം ബാഴ്സയിലേക്ക് ചേക്കേറി പഴയ ഫോമിന്റെ നിഴലിൽ ആകേണ്ടി വരികയും ചെയ്ത ഫിലിപ്പെ കുട്ടീന്യോക്ക് തന്റെ കരിയർ വീണ്ടെടുക്കാനുള്ള ഒരു അവസരമാണ് സ്റ്റീവൻ ജെറാർഡിനു കീഴിൽ ലഭിച്ചിരിക്കുന്നത്. ആറു മാസത്തെ ലോൺ കരാറിൽ ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറിയ കുട്ടീന്യോ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള ആദ്യ മത്സരത്തിൽ തന്നെ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു.
5. ബ്രൂണോ ഗുയ്മെറാസ് (ലിയോൺ - ന്യൂകാസിൽ യുണൈറ്റഡ്)
ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബുകളിൽ ഒന്നായ ന്യൂകാസിൽ യുണൈറ്റഡ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവുമുയർന്ന തുകയ്ക്കാണ് ബ്രസീലിയൻ മധ്യനിര താരത്തെ സ്വന്തമാക്കിയത്. യൂറോപ്പിലെ മികച്ച പ്ലേമേക്കർമാരിൽ ഒരാളായി വളർന്നു വരുന്ന താരത്തെ സ്വന്തമാക്കാൻ ന്യൂകാസിൽ അമ്പതു മില്യൺ യൂറോയോളമാണ് മുടക്കിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതുശക്തികളാകാൻ ന്യൂകാസിൽ ഒരുങ്ങുമ്പോൾ അതിന്റെ കപ്പിത്താനാകാൻ ബ്രൂണോ ഗുയ്മെറാസിനു കഴിയുമോയെന്നതു കണ്ടറിയേണ്ട കാര്യമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.