കണക്കുകളിൽ ബെൻസിമക്കു മുകളിൽ മെസി, യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ അഞ്ചു താരങ്ങൾ


ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലേക്ക് ചേക്കേറിയതിനു ശേഷം തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ലയണൽ മെസിക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ പേരിൽ വളരെയധികം വിമർശനങ്ങളും താരം ഏറ്റുവാങ്ങിയിരുന്നു. റയൽ മാഡ്രിഡിനോടു തോറ്റ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിനു ശേഷം പിഎസ്ജി ആരാധകരുടെ കൂക്കിവിളികൾക്കും താരം ഇരയായി.
ലയണൽ മെസിയുമായി താരതമ്യം ചെയ്യുമ്പോൾ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് റയൽ മാഡ്രിഡ് താരമായ കരിം ബെൻസിമ. ഈ സീസണിൽ റയൽ മാഡ്രിഡിനെ ലാ ലിഗ കിരീടത്തിലേക്കും ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലേക്കും നയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച താരം സീസണിൽ നാൽപ്പതിലധികം ഗോളുകൾ നേടി അടുത്ത തവണ ബാലൺ ഡി ഓർ നേടാനുള്ള സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ട്.
എന്നാൽ ഹുസ്കോർഡ്.കോമിന്റെ കണക്കുകൾ പ്രകാരം ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ കരിം ബെൻസിമക്കും മുകളിലാണ് ലയണൽ മെസിയുള്ളത്. യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ചു ലീഗുകളിലെ കണക്കുകൾ എടുക്കുമ്പോൾ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ മെസിക്കു മുകളിൽ നിൽക്കുന്നത് ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോസ്കിയും കിലിയൻ എംബാപ്പയും മാത്രമാണ്.
ലീഗ് മാച്ചുകളിലെ ഗോളുകൾ അസിസ്റ്റുകൾ, പാസിംഗ് കൃത്യത, കളിയിലെ താരമായ പ്രകടനം എന്നിവ കണക്കിലെടുത്താണ് റാങ്കിങ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹുസ്കോർഡ്.കോമിന്റെ കണക്കുകൾ പ്രകാരം ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളുടെ റേറ്റിങ് പ്രകാരമുള്ള അഞ്ചു കളിക്കാർ ഇവരാണ്.
1. റോബർട്ട് ലെവൻഡോസ്കി
ഈ സീസണിൽ കളിച്ച മത്സരങ്ങളിൽ എല്ലാം കൂടി 7.93 റേറ്റിങ് നേടിയ ബയേൺ മ്യൂണിക്ക് സ്ട്രൈക്കറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. 31 മത്സരങ്ങളിൽ നിന്നും 33 ഗോളുകളാണ് ഈ സീസണിൽ കളിച്ച ലീഗ് മത്സരങ്ങളിൽ നിന്നും പോളിഷ് താരം നേടിയത്. താരത്തിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ സീസണിൽ ബുണ്ടസ്ലീഗ കിരീടം നേടാൻ ബയേൺ മ്യൂണിക്കിനു കഴിഞ്ഞിരുന്നു.
2. കിലിയൻ എംബാപ്പെ
പിഎസ്ജി മുന്നേറ്റനിര താരത്തിനു സീസണിൽ റേറ്റിങ് ലഭിച്ചിരിക്കുന്നത് 7.91 ആണ്. ലയണൽ മെസിക്ക് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും പിഎസ്ജിയെ ഈ സീസണിൽ മുന്നോട്ടു നയിക്കാൻ പിഎസ്ജിയുടെ കാലുകൾക്ക് കഴിഞ്ഞിരുന്നു. 31 ലീഗ് മത്സരങ്ങളിൽ നിന്നും 22 ഗോളുകളും പതിനാലു അസിസ്റ്റുകളും ഈ സീസണിൽ എംബാപ്പെ പിഎസ്ജിക്കു വേണ്ടി നേടിയിട്ടുണ്ട്.
3. ലയണൽ മെസി
ഹുസ്കോർഡ്.കോമിന്റെ കണക്കുകൾ പ്രകാരം ഈ സീസണിൽ 7.71 ആണ് മെസിയുടെ റേറ്റിങ്. സീസണിൽ ആകെ 22 ലീഗ് മത്സരങ്ങളിൽ മാത്രം കളിച്ച താരത്തിന് നാല് ഗോളുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂവെങ്കിലും പതിമൂന്നു ഗോളുകൾക്ക് വഴിയൊരുക്കാൻ മെസിക്ക് കഴിഞ്ഞിട്ടുണ്ട്. നാല് തവണ കളിയിലെ താരമാകാനും അർജന്റീനിയൻ താരത്തിന് കഴിഞ്ഞു.
4. കരിം ബെൻസിമ
ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരമെന്ന നിലയിൽ ശ്രദ്ധാകേന്ദ്രമായി മാറിയെങ്കിലും 7.68 റേറ്റിങ്ങിൽ ലയണൽ മെസിക്ക് പിന്നിലാണ് കരിം ബെൻസിമയുടെ സ്ഥാനം. സീസണിൽ 29 ലീഗ് മത്സരങ്ങൾ കളിച്ച ബെൻസിമ 25 ഗോളുകളും പതിനൊന്ന് അസിസ്റ്റുകളുമാണ് ഇതുവരെ നേടിയിട്ടുള്ളത്. ഇതിൽ പത്ത് മത്സരങ്ങളിൽ കളിയിലെ താരമാകാനും ഫ്രഞ്ച് താരത്തിനായി.
5. മൊഹമ്മദ് സലാ
അടുത്ത ബാലൺ ഡി ഓറിനു സാധ്യത കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ ബെൻസിമക്കൊപ്പമുള്ള സലാക്ക് ഫ്രഞ്ച് താരത്തിന്റെ അതെ റേറ്റിങ്ങാണ് ഇതുവരെയുള്ളത്. പ്രീമിയർ ലീഗിൽ 31 മത്സരങ്ങൾ കളിച്ചത്തിൽ നിന്നും 22 ഗോളുകളും പതിമൂന്ന് അസിസ്റ്റുകളുമായി തുടരുന്ന ഈജിപ്ഷ്യൻ താരം ഇംഗ്ലണ്ടിലെ ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്തുമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.