Football in Malayalam

നിലവിൽ ലോണിൽ കളിക്കുന്ന ഏറ്റവും മികച്ച അഞ്ചു താരങ്ങൾ

Sreejith N
FC Porto v Atletico Madrid: Group B - UEFA Champions League
FC Porto v Atletico Madrid: Group B - UEFA Champions League / Quality Sport Images/GettyImages
facebooktwitterreddit

വളരെ മികച്ച താരങ്ങളാണെങ്കിലും ചില ക്ലബുകളുടെയും പരിശീലകരുടെയും ശൈലിയുമായി ഒത്തുപോകാൻ ചില താരങ്ങൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. അങ്ങനെ സംഭവിക്കുന്ന സമയത്ത് ഈ താരങ്ങളെ ക്ലബുകൾ ലോണിൽ വിടുന്നതും സാധാരണയായി സംഭവിക്കുന്ന കാര്യമാണ്. കോവിഡ് മഹാമാരി മൂലം ക്ലബുകൾ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുന്ന സമയത്തും താരങ്ങളുടെ ലോൺ കരാറുകൾ വളരെയധികം നടക്കുന്നുണ്ട്.

ഇതിനു പുറമെ കൂടുതൽ മത്സരസമയം ലഭിക്കാനും വേതനബിൽ കുറക്കാനുമെല്ലാം ലോൺ കരാറുകൾ നടക്കാറുണ്ട്. നിലവിൽ നിരവധി താരങ്ങൾ പല ക്ലബുകളിൽ നിന്നും മറ്റു ക്ളബുകളിലേക്ക് ചേക്കേറി ലോൺ കരാറിൽ കളിക്കുന്നുണ്ട്. അതിൽ ഏറ്റവും മികച്ച അഞ്ചു താരങ്ങളുടെ പട്ടികയാണ് ഇവിടെ വെളിപ്പെടുത്തുന്നത്.

1. അന്റോയിൻ ഗ്രീസ്‌മൻ

Antoine Griezmann
Rayo Majadahonda v Atletico Madrid - Spanish Copa del Rey / Soccrates Images/GettyImages

2019ൽ 120 മില്യൺ യൂറോ നൽകിയാണ് അന്റോയിൻ ഗ്രീസ്‌മനെ അത്ലറ്റികോ മാഡ്രിഡിൽ നിന്നും ബാഴ്‌സലോണ സ്വന്തമാക്കിയത്. എന്നാൽ തന്റെ പ്രതിഭ പൂർണമായും പുറത്തെടുക്കാൻ പരാജയപ്പെട്ട താരം 102 മത്സരങ്ങളിൽ നിന്നും 35 ഗോളുകളാണ് നേടിയത്. ബാഴ്‌സലോണ അഭിമുഖീകരിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടാൻ ഇക്കഴിഞ്ഞ സമ്മറിലാണ് ബാഴ്‌സലോണ ഗ്രീസ്‌മനെ ലോൺ കരാറിൽ അത്ലറ്റികോ മാഡ്രിഡിനു തന്നെ നൽകിയത്. 2023ൽ താരത്തെ നാൽപതു മില്യൺ യൂറോക്ക് അത്ലറ്റ്‌കോ മാഡ്രിഡിന് സ്വന്തമാക്കാൻ കഴിയുമെന്ന ഉടമ്പടി കരാറിലുണ്ട്.

2. ഫെഡറികോ ചിയേസ

Federico Chiesa
AS Roma v Juventus - Serie A / Giuseppe Bellini/GettyImages

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഫെഡറിക്കോ ചിയേസ ഫിയോറെന്റീനയിൽ നിന്നും രണ്ടു വർഷത്തെ ലോൺ കരാറിലാണ് യുവന്റസിൽ കളിക്കുന്നത്. കഴിഞ്ഞ യൂറോ കിരീടം ഇറ്റലിക്ക് സ്വന്തമാക്കി നൽകുന്നതിൽ നിർണായക പങ്കു വഹിച്ച താരത്തെ വാരിയബിൾസ് അടക്കം അമ്പതു മില്യൺ നൽകി ലോൺ അവസാനിക്കുമ്പോൾ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ യുവന്റസിനു കഴിയും.

3. അൽവാരോ മൊറാട്ട

Alvaro Morata
AC Milan v Juventus - Serie A / Emilio Andreoli/GettyImages

നിരവധി ലോൺ കരാറുകളിലൂടെ മുന്നോട്ടു നീങ്ങിയ ഒരു കരിയറാണ് അൽവാരോ മൊറാട്ടയുടേത്. നിലവിൽ സ്‌പാനിഷ്‌ ക്ലബ് അത്ലറ്റികോ മാഡ്രിഡ് താരമായ മൊറാട്ട ഇപ്പോൾ യുവന്റസിലാണ് ലോണിൽ കളിക്കുന്നത്. തന്റെ പ്രതിഭ പൂർണമായും പുറത്തെടുക്കാൻ താരത്തിന് കഴിയുന്നില്ലെങ്കിലും ഇപ്പോഴും യൂറോപ്പിലെ മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് താരമെന്നതിൽ യാതൊരു സംശയവുമില്ല.

4. ക്രിസ്റ്റ്യൻ റൊമേരോ

Cristian Romero
Tottenham Hotspur v Vitesse: Group A - UEFA Europa Conference League / Sebastian Frej/MB Media/GettyImages

നിലവിൽ അർജന്റീനയിൽ കളിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും മികച്ച പ്രതിരോധതാരമെന്നെ പേരെടുത്ത ക്രിസ്റ്റ്യൻ റൊമേരോ കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം അർജന്റീനക്ക് നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ചിരുന്നു. നിലവിൽ അറ്റലാന്റയിൽ നിന്നും ടോട്ടനത്തിൽ ലോണിൽ കളിക്കുന്ന താരം മാസങ്ങളോളമായി പരിക്കേറ്റു പുറത്താണ്.

5. മാനുവൽ ലോകാടെല്ലി

Manuel Locatelli
AC Milan v Juventus - Serie A / Marco Luzzani/GettyImages

ഈ ലിസ്റ്റിലുള്ള, യുവന്റസിൽ ലോണിൽ കളിക്കുന്ന മൂന്നാമത്തെ താരമാണ് മാനുവൽ ലോകാടെല്ലി. യൂറോയിൽ ഇറ്റാലിയൻ ടീമിന്റെ കുതിപ്പിൽ പങ്കാളിയായിരുന്ന ലോകാടെല്ലി സാസുവോളോയിൽ നിന്നാണ് ലോൺ കരാറിൽ യുവന്റസിലെത്തിയത്. ഈ സീസണിൽ 16 സീരി എ മത്സരങ്ങളിൽ ആദ്യ ഇലവനിലിറങ്ങിയ താരം മൂന്നു ഗോളും രണ്ട് അസിസ്റ്റും യുവന്റസിനായി സ്വന്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit