അടുത്ത സീസണിലെ തന്റെ പദ്ധതിയിലില്ലാത്ത അഞ്ചു താരങ്ങളെ പ്രീ സീസൺ ടൂറിൽ നിന്നും ഒഴിവാക്കി സാവി
By Sreejith N

കഴിഞ്ഞ സീസണിൽ കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോയ ബാഴ്‌സക്ക് ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അതിനെ മറികടന്ന് വരുന്ന സീസണിലെ പദ്ധതികൾക്കു വേണ്ട താരങ്ങളെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ക്രിസ്റ്റൻസെൻ, കെസീ, റഫിന്യ, ലെവൻഡോസ്‌കി എന്നിവരെ സ്വന്തമാക്കിയ ബാഴ്‌സ ഒസ്മാനെ ഡെംബലെയുമായി കരാർ പുതുക്കുകയും ചെയ്‌തു.
പുതിയ താരങ്ങളെത്തിയതോടെ സ്‌ക്വാഡിൽ നിന്നും ഏതാനും താരങ്ങളെ ഒഴിവാക്കേണ്ടത് ബാഴ്‌സലോണയെ സംബന്ധിച്ച് അനിവാര്യമായ കാര്യമാണ്. അമേരിക്കയിൽ വെച്ചു നടക്കുന്ന പ്രീ സീസൺ ടൂറിൽ നിന്നും ഏതാനും താരങ്ങളെ ഒഴിവാക്കി അടുത്ത സീസണിലെ തൻറെ പദ്ധതികളിൽ ഇല്ലാത്ത കളിക്കാർ ആരൊക്കെയാണെന്ന് സാവി വ്യക്തമായ സൂചന നൽകിയിട്ടുണ്ട്.
അഞ്ചു ബാഴ്‌സലോണ താരങ്ങളെയാണ് പ്രീ സീസൺ ടൂറിനുള്ള ടീമിൽ നിന്നും സാവി ഒഴിവാക്കിയത്. റിക്വി പുയ്‌ജ്, ഓസ്‌കാർ മിൻഗുയെസ, നെറ്റോ. ഉംറ്റിറ്റി, മാർട്ടിൻ ബ്രൈത്ത്വൈറ്റ് എന്നിവരാണ് സാവി തഴഞ്ഞ താരങ്ങൾ. അതേസമയം കഴിഞ്ഞ സീസണിൽ ലോണിൽ ഗളത്സരയിൽ കളിച്ച മിറാലം പ്യാനിച്ചിനെ സാവി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ അഞ്ചു താരങ്ങൾ തന്റെ പദ്ധതികളിൽ ഇല്ലെന്ന് സാവി വ്യക്തമായ സന്ദേശം നൽകുമ്പോൾ മിറാലം പ്യാനിച്ചിന് കഴിവു തെളിയിക്കാനുള്ള അവസരം സാവി നൽകുന്നുണ്ട്. മികച്ച പ്രകടനം നടത്താൻ കഴിഞ്ഞാൽ താരം ടീമിനൊപ്പം തുടരും. ബുസ്‌ക്വറ്റ്‌സിന് പകരക്കാരൻ ഡിഫൻസീവ് മിഡ്‌ഫീൽഡർ എന്ന നിലയിൽ ബാഴ്‌സ ബി താരമായ മാർക്ക് കസാഡോയും ടീമിലുണ്ട്.
പ്രീ സീസണിലെ ആദ്യത്തെ മത്സരത്തിൽ ബാഴ്‌സലോണ ഇന്റർ മിയാമിയെയാണ് നേരിടുക. ജൂലൈ ഇരുപതിനു ശേഷം നടക്കുന്ന ആ മത്സരത്തിനു ശേഷം റയൽ മാഡ്രിഡ്, യുവന്റസ്, ന്യൂയോർക്ക് റെഡ്‌ബുൾസ് എന്നിവർക്കെതിരെയും ബാഴ്‌സലോണ മത്സരങ്ങൾ കളിക്കും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.