Football in Malayalam

ലയണൽ മെസി ട്രാൻസ്‌ഫറിന്റെ ഭാഗമായി പിഎസ്‌ജിക്കുണ്ടായ സാമ്പത്തികനേട്ടങ്ങൾ അറിയാം

Sreejith N
FBL-FRA-LIGUE1-LORIENT-PSG
FBL-FRA-LIGUE1-LORIENT-PSG / SEBASTIEN SALOM-GOMIS/GettyImages
facebooktwitterreddit

ബാഴ്‌സലോണ വിട്ട ലയണൽ മെസിയെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാൻ പിഎസ്‌ജിക്കു കഴിഞ്ഞത് ഇക്കഴിഞ്ഞ കാലങ്ങളിലെ ഏറ്റവും മികച്ച ട്രാൻസ്‌ഫറുകളിൽ ഒന്നാണ്. ലീഗുമായും ടീമുമായും ഇണങ്ങിച്ചേർന്നു കൊണ്ടിരിക്കുന്ന മെസിക്ക് തന്റെ പ്രതിഭ അനുസരിച്ചുള്ള പ്രകടനം നടത്താൻ ഇതുവരെ കഴിഞ്ഞില്ലെങ്കിലും താരം വന്നതു കൊണ്ട് ഫ്രഞ്ച് ക്ലബിന് സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

പ്രമുഖ കായികമാധ്യമമായ ഗോളിന്റെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജി ഒരു മില്യണോളം മെസി ജേഴ്‌സികൾ ഇതുവരെ വിറ്റിട്ടുണ്ട്. താരത്തിന്റെ വരവ് ജേഴ്‌സി വിൽപ്പനയിൽ റെക്കോർഡ് നേട്ടമാണ് സൃഷ്‌ടിച്ചതെന്ന് സ്‌പോൺസർഷിപ്പ് ഡയറക്റ്ററായ മാർക് ആംസ്ട്രോങ് പറഞ്ഞിരുന്നു. കോവിഡ് മഹാമാരി മൂലം ജേഴ്‌സി കൂടുതൽ നിർമിക്കാൻ കഴിയാതിരുന്നത് വിൽപ്പനയെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബാഴ്‌സലോണയിൽ നിന്നും മെസി എത്തിയതോടെ ക്ലബ്ബിലേക്ക് സ്‌പോൺസർഷിപ്പ് ഡീലുകളുടെ ഒഴുക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓട്ടോഹീറോ, ക്രിപ്റ്റോ.കോം, സ്‌മോൾ ഗുഡ് തിങ്സ്, ഗൊറില്ലാസ് എന്നിങ്ങനെയുള്ള നിരവധി പേരുമായി കരാർ ഒപ്പിട്ടതിലൂടെ നിരവധി മില്യൺ യൂറോ പിഎസ്‌ജിക്ക് ലഭിച്ചിട്ടുണ്ട്. മുൻപൊരിക്കലും ഇല്ലാത്ത വിധമാണ് സ്‌പോൺസർഷിപ്പ് ഡീലുകൾ വരുന്നതെന്നും ആംസ്ട്രോങ് പറഞ്ഞു.

പിഎസ്‌ജിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും മെസി ട്രാൻസ്‌ഫർ വലിയ ചലനം സൃഷ്‌ടിച്ചിട്ടുണ്ട്. മെസി ട്രാൻസ്‌ഫർ ഔദ്യോഗികമായി സ്ഥിരീകരിച്ച് വെറും ഒരാഴ്‌ച കൊണ്ടു മാത്രം 20 മില്യൺ ആളുകളാണ് പിഎസ്‌ജിയുടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് പുതിയതായി എത്തിയത്. ഇതിനു പുറമെ ഓരോ മാസത്തിലും ഒരു മില്യൺ ആളുകൾ പുതിയതായി വന്നു കൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്‌ജിക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ആദ്യത്തെ പതിനഞ്ചു മത്സരങ്ങളിൽ നിന്നും ആറു ഗോളും അഞ്ച് അസിസ്റ്റും സ്വന്തമാക്കാൻ ലയണൽ മെസിക്ക് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ വരവോടെ പിഎസ്‌ജി കളിക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകൾക്ക് ഉയർന്ന ഡിമാൻഡാണെന്നും മുഴുവൻ ടിക്കറ്റുകളും മുൻകൂറായി തന്നെ വിറ്റു പോവുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit