അണ്ടര്‍ 17 വനിതാ ലോകകപ്പ്: ഇന്ത്യയും ബ്രസീലും ഒരേ ഗ്രൂപ്പില്‍

ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പിന്റെ നറുക്കെടുപ്പ് പൂര്‍ത്തിയായി. കരുത്തരായ അമേരിക്ക, ബ്രസീല്‍ എന്നിവരുള്ള ഗ്രൂപ്പിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ഒപ്പം മൊറോക്കോയും ഇന്ത്യയുടെ ഗ്രൂപ്പിലുണ്ട്. ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലാണ് ലോകകപ്പിന്റെ നറുക്കെടുപ്പ് നടന്നത്. ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.
ഇന്ത്യ, ബ്രസീല്‍, മൊറോക്കോ, അമേരിക്ക, ജര്‍മനി, നൈജീരിയ, ചിലി, ന്യൂ സിലാന്‍ഡ്, സ്‌പെയിന്‍, കൊളംബിയ, മെക്‌സിക്കോ, ചൈന, ജപ്പാന്‍, ടാന്‍സാനിയ, കാനഡ, ഫ്രാന്‍സ് തുടങ്ങിയ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. നിലവിലെ ചാംപ്യന്മാര്‍ സ്‌പെയിനാണ്. നാല് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും. 2022 ഒക്ടോബര്‍ 11 മുതല്‍ ഒക്ടോബര്‍ 30 വരെ ഇന്ത്യയിലെ മൂന്ന് വ്യത്യസ്ത വേദികളിലായായാകും ടൂര്‍ണമെന്റ് നടക്കുക. ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയം, മര്‍ഗോവിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയം എന്നിവയാണ് മത്സരം നടക്കുന്ന വേദികള്‍.
The groups for the U-17 FIFA Women's World Cup are set 🔗 https://t.co/n4SfFx9ozC
— Sportstar (@sportstarweb) June 24, 2022
Full schedule: https://t.co/qrLyV5ichN pic.twitter.com/RzPQeJnZdf
ലോകകപ്പില്‍ പങ്കെടുക്കുന്നതിനുള്ള മുന്നൊരുക്കത്തിനായി ഇന്ത്യന്‍ വനിതാ ടീം ഇപ്പോള്‍ യൂറോപ്പില്‍ പര്യടനം നടത്തുകയാണ്. കഴിഞ്ഞ ദിവസം ഇറ്റലിക്കെതിരേ ഇന്ത്യന്‍ ടീം കളിച്ചിരുന്നു. ഇന്ന് രാത്രി 10ന് ചിലിക്കെതിരേയാണ് ഇന്ത്യയുടെ യൂറോപ്യന്‍ പര്യടനത്തിലെ രണ്ടാം മത്സരം. ഇറ്റലിക്കെതിരേയുള്ള മത്സരത്തില്‍ ഇന്ത്യ എതിരില്ലാത്ത ഏഴ് ഗോളിന് പരജയപ്പെട്ടിരുന്നു.