അണ്ടര്‍ 17 വനിതാ ലോകകപ്പ്: വേദികള്‍ പ്രഖ്യാപിച്ചു

ഇന്ത്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പിനുള്ള വേദികള്‍ ഫിഫയും ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മറ്റിയും ചേര്‍ന്ന് പ്രഖ്യാപിച്ചു. മൂന്ന് വേദികളിലായാണ് ടൂർണമെന്റ് നടക്കുക. ഭൂവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ഒക്ടോബര്‍ 30ന് നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തിലായിരിക്കും ടൂര്‍ണമെന്റിന്റെ കിരീടപ്പോരാട്ടം നടക്കുക.
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നവി മുംബൈയിലെ സ്റ്റേഡിയത്തിലും ഗോവയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലുമായി നടക്കും. സെമി ഫൈനല്‍ മത്സരങ്ങള്‍ക്കെല്ലാം ഗോവ വേദിയാകും.
ഒക്ടോബര്‍ 11ന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ഇന്ത്യയുടെ മൂന്ന് മത്സരങ്ങളും ഒഡിഷയുടെ തലസ്ഥാന നഗരമായ ഭൂവനേശ്വറിലെ കലിങ്ക സ്‌റ്റേഡിയത്തിലാണ് നടക്കുക.
ഒക്ടോബര്‍ 11,14,17 എന്നീ തിയ്യതികളിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം ഇപ്പോള്‍ സ്വീഡിഷ് പരിശീലകന്‍ തോമസ് ഡെന്നര്‍ബിയുടെ കീഴില്‍ ഒഡിഷയില്‍ പരിശീലനത്തിലാണ്. അണ്ടർ 17 വനിതാ ലോകകപ്പ് ടൂര്‍ണമെന്റ് ഇന്ത്യയില്‍ നേരത്തെ നടത്താന്‍ നിശ്ചയിച്ചതായിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് റദ്ദ് ചെയ്യുകയായിരുന്നു.
തുടര്‍ന്നാണ് ഇന്ത്യക്ക് വീണ്ടും ലോകകപ്പ് നടത്താന്‍ അവസരം ലഭിച്ചത്. ജൂണ്‍ 24ന് ഔദ്യോഗികമായുള്ള നറുക്കെടുപ്പ് നടക്കും. തുടര്‍ന്നായിരിക്കും മുഴുവന്‍ ടീമുകളുടെയും മത്സരക്രമവും പ്രഖ്യാപിക്കുക. ഇന്ത്യയുള്‍പ്പെടെ 16 രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം ആദ്യമായാണ് ലോകകപ്പ് ഫുട്‌ബോളില്‍ പന്തുതട്ടുന്നത്. നേരത്തെ പുരുഷന്‍മാരുടെ അണ്ടര്‍ 17 ലോകകപ്പും ഇന്ത്യയില്‍ നടന്നിരുന്നു.