Football in Malayalam

ഫുട്ബോൾ ഏജന്റുമാരെ മൂക്കുകയറിടാനുള്ള നിയമം നടപ്പിലാക്കാൻ ഫിഫ, ട്രാൻസ്‌ഫർ മാർക്കറ്റിൽ വലിയ മാറ്റങ്ങൾക്കു സാധ്യത

Sreejith N
FBL-FIFA-WC-2026
FBL-FIFA-WC-2026 / MICHAEL BUHOLZER/GettyImages
facebooktwitterreddit

താരങ്ങളുടെ ട്രാൻസ്‌ഫറുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വളരെ കൃത്യമായി നടപ്പിലാക്കാനും അവരുടെ കരിയർ ഉയർച്ചയിൽ എത്തിക്കാനും ഫുട്ബോൾ ഏജന്റുമാർ നടത്തുന്ന പ്രവർത്തനങ്ങൾ വലുതാണ്. എന്നാൽ അതിനൊപ്പം തന്നെ പല താരങ്ങളുടെയും ട്രാൻസ്‌ഫറിൽ നിന്നും വലിയ തുകയാണ് കമ്മീഷൻ ഇനത്തിൽ ഇവർക്കു ലഭിക്കുന്നത്. ഇതു ക്ലബുകളുടെ ട്രാൻസ്‌ഫർ നീക്കങ്ങളെ ബാധിക്കുകയും ചെയ്യുന്നു.

എന്നാൽ ജനുവരി മുതൽ താരങ്ങളുടെ ട്രാൻസ്‌ഫറുകളിൽ നിന്നും വലിയ തുക കമ്മീഷൻ ഇനത്തിൽ സ്വന്തമാക്കുന്ന ഏജന്റുമാരെ നിലക്കു നിർത്താനുള്ള നിയമം നടപ്പിലാക്കാൻ ഫിഫ ഒരുങ്ങുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതിയ നിയമപ്രകാരം താരങ്ങളുടെ ട്രാൻസ്‌ഫർ ഫീസിന്റെ ആറു ശതമാനം മാത്രമേ ഏജന്റുമാർക്ക് കമ്മീഷൻ ഇനത്തിൽ കൈപ്പറ്റാൻ പറ്റുകയുള്ളു.

അതിനു പുറമെ താരങ്ങളുടെ പ്രതിഫലത്തിന്റെ മൂന്നു ശതമാനം വരെ താരത്തിൽ നിന്നോ വാങ്ങുന്ന ക്ലബിൽ നിന്നോ ഏജന്റിനു ലഭിക്കുമെന്നും നിയമം അനുശാസിക്കുന്നു. ഈ രീതിയിൽ പണം കൈപ്പറ്റുന്നത് താരങ്ങളുടെ ഏജന്റുമാർക്ക് സ്വീകാര്യമല്ലെങ്കിൽ അവരുടെ ട്രാൻസ്‌ഫർ തുകയുടെ പത്തു ശതമാനം വിൽക്കുന്ന ക്ലബിൽ നിന്നും വാങ്ങാമെന്ന സംവിധാനവും ഫിഫ മുന്നോട്ടു വെക്കുന്നുണ്ട്.

അതേസമയം താരങ്ങളുടെ ട്രാൻസ്‌ഫറിൽ നിന്നും ലഭിക്കുന്ന ഈ തുക ഏജന്റുമാർക്ക് നേരിട്ട് ലഭിക്കുകയില്ല ചെയ്യുക. ക്ലിയറിങ് ഹൗസ് എന്ന പേരിലുള്ള ഫിഫയുടെ ഒരു സംവിധാനം വഴി ഈ തുക നിശ്ചിത പരിധിയിൽ കൂടിയിട്ടില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം ഏജന്റുമാർക്ക് വിതരണം ചെയ്യാനുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്.

ഈ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിനു മുൻപു തന്നെ കടുത്ത വിമർശനങ്ങൾ ഏജന്റുമാരിൽ നിന്നും ഉയരുന്നുണ്ട്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സൂപ്പർ ഏജന്റായ മിനോ റയോള വ്യക്തമാക്കി കഴിഞ്ഞു. അതേസമയം കഴിഞ്ഞ സീസണിൽ 450 മില്യൺ യൂറോയാണ് താരങ്ങളുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് ഏജന്റുമാർ നേടിയതെന്ന കണക്കു പുറത്തു വിട്ട ഫിഫ ഇതിനു നിബന്ധനകൾ വരുത്താനുള്ള പദ്ധതിയുമായി മുന്നോട്ടു പോവുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit