Football in Malayalam

ലാറ്റിനമേരിക്കൻ ടീമുകളെ ഉൾപ്പെടുത്തിയുള്ള യുവേഫ നാഷൻസ് ലീഗിനു തടയിടാൻ ഫിഫ ഒരുങ്ങുന്നു

Sreejith N
In this photo illustration, UEFA Nations League logo of a...
In this photo illustration, UEFA Nations League logo of a... / SOPA Images/GettyImages
facebooktwitterreddit

ലാറ്റിനമേരിക്കൻ ടീമുകളെ ഉൾപ്പെടുത്തി യുവേഫ നാഷൻസ് ലീഗ് സംഘടിപ്പിക്കാനുള്ള പദ്ധതികൾക്ക് ഫിഫ തടയിടാൻ ഒരുങ്ങുന്നുവെന്നു റിപ്പോർട്ടുകൾ. 2024 മുതൽ യുവേഫ നാഷൻസ് ലീഗിൽ സൗത്ത് അമേരിക്കയിൽ നിന്നുമുള്ള പത്തു ടീമുകൾ പങ്കെടുക്കും എന്ന പ്രഖ്യാപനം വന്ന് ഒരാഴ്‌ച തികയും മുൻപാണ് അതിനെതിരെ ഫിഫ രംഗത്തു വരാനൊരുങ്ങുകയാണെന്ന് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്യുന്നത്.

യുവേഫയുടെ പുതിയ നീക്കം ഇന്റർനാഷണൽ ഫുട്ബോളിനെ രണ്ടായി വിഭജിക്കുമെന്നാണ് ഫിഫ കരുതുന്നത്. യുവേഫയും കോൺമെബോളും ഒരു വിഭാഗവും മറ്റുള്ളവർ വേറൊരു വിഭാഗവും ആയി മാറിയേക്കും. ഇതിനു പുറമെ സൗഹൃദ മത്സരങ്ങളുടെ ഒരു ടൂർണമെന്റ് എന്ന നിലയിൽ നിന്നും മുന്നോട്ടു പോയാൽ നേഷൻസ് ലീഗിനുള്ള അനുമതി ഫിഫ റദ്ദാക്കണമെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

യുവേഫയും കോൺമെബോളും തമ്മിലുള്ള ബന്ധം ദൃഢമാകുന്നത് രണ്ടു വർഷം കൂടുമ്പോൾ ലോകകപ്പെന്ന ഫിഫയുടെ പദ്ധതിയിൽ ഇവർ വിട്ടുവീഴ്‌ച ചെയ്യാനുള്ള സാധ്യത കുറക്കുമെന്നതും ഇതിനു കാരണമായിട്ടുണ്ട്. രണ്ടു വർഷം കൂടുമ്പോൾ ലോകകപ്പെന്ന പദ്ധതിയെ തുടക്കം മുതൽ തന്നെ ഈ ഫെഡറേഷനുകൾ എതിർത്തിരുന്നു. അതേസമയം ദ്വിവത്സര ലോകകപ്പെന്ന തങ്ങളുടെ ആവശ്യത്തെ സംബന്ധിച്ച് ഇന്നു നടക്കുന്ന യോഗം വീണ്ടും ചർച്ച ചെയ്യും.

ഈ രണ്ടു ഫുട്ബോൾ ഫെഡറേഷനുകളും ഫിഫയുടെ ലോകകപ്പ് ആശയത്തെ എതിർക്കുമ്പോൾ മറ്റു ഫെഡറേഷനുകളിൽ നിന്നും അതിനു പിന്തുണ ലഭിക്കുന്നുണ്ട്. ഫിഫയിലെ 211 അംഗങ്ങളിൽ ഭൂരിഭാഗത്തിന്റെ പിന്തുണയും അവർക്ക് ഇക്കാര്യത്തിൽ ലഭിക്കുകയും ചെയ്യും. അതേസമയം തിരക്കേറിയ ഷെഡ്യൂൾ മുൻനിർത്തി രണ്ടു വർഷത്തിൽ ലോകകപ്പ് നടക്കുന്നതിനെ എതിർത്തവർ തന്നെയാണ് ഇപ്പോൾ യുവേഫ നാഷൻസ് ലീഗിനെ വിപുലപ്പെടുത്താൻ ഒരുങ്ങുന്നതെന്നതാണ് വിരോധാഭാസം.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit