ഇന്റർനാഷണൽ ബ്രേക്കുകൾ വെട്ടിക്കുറയ്ക്കാൻ ഫിഫ ഒരുങ്ങുന്നു


ഇന്റർനാഷണൽ ബ്രേക്കുകൾ വെട്ടിക്കുറയ്ക്കാൻ ഫിഫ ഒരുങ്ങുന്നു. ഒരു വർഷത്തിൽ അഞ്ച് ഇന്റർനാഷണൽ ബ്രേക്കുകൾ ഉള്ളതിനെ നാലാക്കി കുറക്കാനാണ് ഫിഫ ഒരുങ്ങുന്നതെന്ന് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു. ഇതോടെ ഇന്റർനാഷണൽ ബ്രേക്കുകൾ ഒരെണ്ണമോ രണ്ടെണ്ണമോ ആക്കി കുറക്കാനുള്ള ആഴ്സൺ വെങ്ങറിന്റെ ശുപാർശ കൂടിയാണ് ഇല്ലാതായത്.
ഗ്ലോബൽ ഫുട്ബോൾ കലണ്ടറിൽ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി രണ്ടു ബദൽ സംവിധാനങ്ങളാണ് ഫിഫ കഴിഞ്ഞ വർഷം മുന്നോട്ടു വെച്ചത്. ഒന്നുകിൽ ഇന്റർനാഷണൽ മത്സരങ്ങളെല്ലാം എല്ലാ ഒക്ടോബറിലും സംഘടിപ്പിക്കുക, അതല്ലെങ്കിൽ ഒക്ടോബർ, മാർച്ച് മാസങ്ങളിൽ രണ്ടോ മൂന്നോ ആഴ്ച്ചകളെടുത്ത് മത്സരങ്ങൾ നടത്തുക എന്നതായിരുന്നു ഫിഫയുടെ ആശയം.
BREAKING: FIFA are set to slash international breaks | @MattHughesDM https://t.co/56Ze3cm0Aq pic.twitter.com/4nUv93Fsaa
— MailOnline Sport (@MailSport) April 9, 2022
എന്നാൽ ഇതിനെ നിരവധി ഫുട്ബോൾ അസോസിയേഷനുകൾ എതിർത്തതോടെയാണ് ആ പദ്ധതിയിൽ നിന്നും ഫിഫ പുറകോട്ടു പോകുന്നത്. ഇന്റർനാഷണൽ മത്സരങ്ങൾക്കു വിലയില്ലാതാക്കുന്ന സമീപനമാണ് അതെന്നും മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ വിൽക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും ഫുട്ബോൾ അസോസിയേഷനുകൾ വ്യക്തമാക്കിയിരുന്നു.
നാലാക്കി കുറക്കുന്ന ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങൾ നവംബർ, മാർച്ച്, ജൂൺ മാസങ്ങളിലും ശരത്കാലത്തിന്റെ തുടക്കത്തിൽ ഒരു ടീമിന് നാല് മത്സരങ്ങൾ കളിക്കുന്ന രീതിയിൽ നടത്താനുമാണ് ഫിഫ ഒരുങ്ങുന്നത്. നിലവിൽ അഞ്ച് ഇന്റർനാഷണൽ ബ്രേക്ക് വരുന്നതിൽ യുവേഫ ഉൾപ്പെടെയുള്ള അസോസിയേഷനുകൾക്ക് പ്രശ്നമൊന്നുമില്ലെങ്കിലും അത് നാലാക്കി കുറക്കാനുള്ള തീരുമാനം അവർ അംഗീകരിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.