Football in Malayalam

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾ മാറ്റി വെക്കണമെന്ന് ഫിഫയുടെ അഭ്യർത്ഥന

Sreejith N
Brazil v Argentina: Semi Final - Copa America Brazil 2019
Brazil v Argentina: Semi Final - Copa America Brazil 2019 / Chris Brunskill/Fantasista/Getty Images
facebooktwitterreddit

ഈ മാസം നടക്കാനിരിക്കുന്ന ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾ മാറ്റി വെക്കണമെന്ന് ഫിഫ അഭ്യർത്ഥിച്ചതായി റിപ്പോർട്ടുകൾ. കോവിഡ് ഭീഷണി മൂലമാണ് ഇത്തരമൊരു അഭ്യർത്ഥന ഫിഫ സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനോട് ആവശ്യപ്പെട്ടതെന്ന് ഹാവിയർ ലാൻസയെന്ന മാധ്യമപ്രവർത്തകന്റെ ട്വീറ്റ് അടിസ്ഥാനമാക്കി മുണ്ടോ ആൽബിസെലസ്റ്റ പുറത്തു വിട്ടു.

നിലവിൽ ലോകത്തിന്റെ പല ഭാഗത്തും കോവിഡ് വൈറസിനെതിരായ നിയന്ത്രണങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളും മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രക്ക് വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യൂറോപ്പിലെ നിരവധി താരങ്ങൾ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി സൗത്ത് അമേരിക്കയിലേക്ക് എത്തേണ്ടത്. ഇത് താരങ്ങളുടെ ആരോഗ്യസുരക്ഷയെ ബാധിക്കുമെന്നതു പരിഗണിച്ചാണ് ഫിഫ മത്സരം മാറ്റി വെക്കാൻ അഭ്യർത്ഥിച്ചത്.

ബ്രസീൽ, അർജന്റീന, യുറുഗ്വായ്, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങൾ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് പോകുന്നത് പല ക്ലബുകൾക്കും, പ്രത്യേകിച്ച് ഇംഗ്ലണ്ടിലെ ക്ലബുകൾക്ക് തിരിച്ചടിയാണ്. ബ്രിട്ടന്റെ കോവിഡ് നിയന്ത്രണങ്ങൾ പ്രകാരം റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർ പത്ത് ദിവസം ക്വാറന്റൈനിൽ തുടരേണ്ടി വരും. ഇത് മൂലം പല നിർണായക മത്സരങ്ങളും കളിക്കാർക്ക് നഷ്ടമാകാൻ സാധ്യതയുണ്ട്.

ഇതാദ്യമായല്ല കോവിഡ് മൂലം സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾ മാറ്റി വെക്കുന്നത്. കഴിഞ്ഞ വർഷം രണ്ടു തവണ മത്സരങ്ങൾ മാറ്റി വെച്ചിരുന്നു. കളികൾ മാറ്റിവെക്കാനുള്ള തീരുമാനമുണ്ടായാൽ ഈ മാസം നടക്കാനിരുന്ന അർജന്റീന-യുറുഗ്വായ്, അർജന്റീന-ബ്രസീൽ പോരാട്ടം കാണാൻ ആരാധകർ വീണ്ടും കാത്തിരിക്കേണ്ടി വരും.

facebooktwitterreddit