Football in Malayalam

അർജന്റീന-ബ്രസീൽ മത്സരം സസ്‌പെൻഡ് ചെയ്‌ത സംഭവത്തിൽ ഔദ്യോഗിക പ്രതികരണവുമായി ഫിഫ

Sreejith N
Brazil vs. Argentina suspended amid health concerns
Brazil vs. Argentina suspended amid health concerns / Anadolu Agency/Getty Images
facebooktwitterreddit

അർജന്റീനയും ബ്രസീലും തമ്മിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരം നിർത്തിവെപ്പിച്ച സംഭവത്തിൽ ഫിഫയുടെ ഔദ്യോഗിക പ്രതികരണം. മത്സരത്തിനുണ്ടായിരുന്ന റഫറിമാരുടെയും മറ്റു പ്രധാന ഒഫിഷ്യൽസിന്റെയും റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും അതു വിശകലനം ചെയ്‌തതിനു ശേഷം ബാക്കി നടപടികൾ കൈക്കൊള്ളുമെന്നും ഫിഫ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.

ബ്രസീലിലെ കൊറിന്ത്യൻസ് അരീനയിൽ വെച്ച് ഇന്നലെ നടന്ന മത്സരമാണ് ബ്രസീലിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് നിർത്തിവെപ്പിച്ചത്. അർജന്റീന ടീമിലുണ്ടായിരുന്ന നാലു താരങ്ങൾ ബ്രസീലിലെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന കാരണമുയർത്തി ഹെൽത്ത് ഒഫിഷ്യൽസ് മൈതാനത്തെത്തി മത്സരം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

"ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ആരാധകർക്ക് ഫുട്ബോളിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടം ആസ്വദിക്കാൻ കഴിയാത്ത തരത്തിൽ ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യത മത്സരം സസ്‌പെൻഡ് ചെയ്‌ത സംഭവത്തിൽ സംഭവത്തിൽ ഫിഫ ഖേദം പ്രകടിപ്പിക്കുന്നു."

"മാച്ച് ഒഫിഷ്യൽസിന്റെ പ്രാഥമിക റിപ്പോർട്ട് ഫിഫക്ക് ലഭിച്ചിട്ടുണ്ട്. ഫിഫയുടെ അച്ചടക്ക സമിതി ഈ വിവരങ്ങൾ വിശകലനം ചെയ്‌തതിനു ശേഷം വേണ്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്." ഫിഫ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റു ചെയ്‌ത പ്രസ്‌താവനയിൽ വ്യക്തമാക്കി.

നിർത്തിവെച്ച മത്സരം വീണ്ടും നടത്തുമോയെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. അർജന്റീന താരങ്ങൾ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുവെന്ന് തെളിഞ്ഞാൽ ബ്രസീൽ വിജയിച്ചതായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഗോൾ റിപ്പോർട്ടു ചെയ്യുന്നു.

നിലവിൽ രണ്ടു രാജ്യങ്ങളും അവരുടെ അടുത്ത ലോകകപ്പ് യോഗ്യത മത്സരത്തിന് ഒരുങ്ങുകയാണ്. ബ്രസീൽ പെറുവിനെയും അർജന്റീന ബൊളീവിയയെയുമാണ് നേരിടുന്നത്.

facebooktwitterreddit