Football in Malayalam

ഫുട്ബോളിൽ ഗോൾമഴ പെയ്യുമോ, വെങ്ങർ നിർദ്ദേശിച്ച ഓഫ്‌സൈഡ് നിയമം പരീക്ഷിക്കാൻ ഫിഫ ഒരുങ്ങുന്നു

Sreejith N
The Best FIFA Football Awards
The Best FIFA Football Awards / Pool/Getty Images
facebooktwitterreddit

ഫുട്ബോൾ ലോകം കണ്ട മികച്ച പരിശീലകരിൽ ഒരാളാണ് ആഴ്‌സൺ വെങ്ങറെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. ആഴ്‌സണലിനൊപ്പം നിരവധി വർഷങ്ങൾ തുടർന്ന് പ്രധാന കിരീടങ്ങൾ പലതും സ്വന്തമാക്കിയിട്ടുള്ള വെങ്ങർ ഇംഗ്ലീഷ് ക്ലബിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതിനു ശേഷം ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റിന്റെ മേധാവിയായി സേവനമനുഷ്ഠിക്കുകയാണ്.

ആക്രമണ ഫുട്ബോളിന്റെ വക്താവായ ആഴ്‌സൺ വെങ്ങർ അടുത്തിടെ നിർദ്ദേശിച്ച പുതിയ ഓഫ്‌സൈഡ് നിയമം ഏറെ ചർച്ചകൾക്ക് വിധേയമായിരുന്നു. ഇപ്പോൾ വെങ്ങർ നിർദ്ദേശിച്ച ഓഫ്‌സൈഡ് നിയമം ഫിഫ പരീക്ഷിക്കാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇംഗ്ലീഷ് മാധ്യമമായ ദി മിറർ ആണ് ഇക്കാര്യം പുറത്തു വിട്ടത്.

മുന്നേറ്റനിരയിലെ താരങ്ങളെ വളരെയധികം സഹായിക്കുന്നതാണ് വെങ്ങറുടെ പുതിയ ഓഫ്‌സൈഡ് നിയമം. ഇതുപ്രകാരം പന്ത് പാസ് ചെയ്യുന്ന സമയത്ത് താരങ്ങൾക്ക് ഗോളടിക്കാൻ അനുവാദമുള്ള ഏതെങ്കിലും ശരീരഭാഗം ഡിഫെൻസിവ് ലൈനിനൊപ്പം ഉണ്ടെങ്കിൽ അത് ഓഫ്‌സൈഡായി കണക്കു കൂട്ടില്ല. നിലവിൽ ഏതെങ്കിലും ഒരു ശരീരഭാഗം ഡിഫെൻസിവ് ലൈനിനു മുന്നിലാണെങ്കിൽ അത് ഓഫ്‌സൈഡായി കണക്കു കൂട്ടുകയാണ് ചെയ്യുന്നത്.

ചൈനയിലെ ഒരു ലീഗിലാണ് ഫിഫ വെങ്ങറുടെ പുതിയ നിർദേശം പരീക്ഷിക്കാൻ ഒരുങ്ങുന്നതെന്നാണ് മിറർ പറയുന്നത്. അതിൽ വിജയം നേടുകയോ സ്വീകാര്യതയുണ്ടാവുകയും ചെയ്‌താൽ ലോകമെമ്പാടും പുതിയ നിയമം ഫിഫ പരീക്ഷിച്ചേക്കും. എന്തായാലും പുതിയ നിയമം നിലവിൽ വരികയാണെങ്കിൽ അത് പ്രതിരോധനിര താരങ്ങളുടെ ജോലി വർധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

വെങ്ങറുടെ പുതിയ നിയമം മനസിലാക്കാൻ ഉദാഹരണമായി ഇഎസ്‌പിഎന്നിന്റെ ഡെയ്ൽ ജോൺസണും സ്കൈ സ്പോർട്സും നൽകിയ ചിത്രങ്ങൾ ചുവടെ ചേർക്കുന്നു. വെങ്ങറുടെ നിർദ്ദേശപ്രകാരം ഇത് രണ്ടും ഓഫ്‌സൈഡായി പരിഗണിക്കില്ല.

facebooktwitterreddit