Football in Malayalam

2021ലെ അവസാന ഫുട്ബോൾ റാങ്കിങ് പുറത്തുവിട്ട് ഫിഫ, തുടർച്ചയായ നാലാം വർഷവും ബെൽജിയം തലപ്പത്ത്

Sreejith N
Belgium v Denmark - UEFA Nations League
Belgium v Denmark - UEFA Nations League / Isosport/MB Media/GettyImages
facebooktwitterreddit

2021ലെ അവസാനത്തെ ഫുട്ബോൾ റാങ്കിങ് പുറത്തു വിട്ടപ്പോൾ തുടർച്ചയായ നാലാം വർഷവും ഒന്നാം സ്ഥാനത്തു തുടർന്ന് ബെൽജിയം നാഷണൽ ടീം. കോവിഡ് മഹാമാരി മൂലം 352 മത്സരങ്ങൾ മാത്രം നടന്ന 2020നെ അപേക്ഷിച്ച് 1116 മത്സരങ്ങൾ നടന്നുവെന്ന റെക്കോർഡ് സ്വന്തമാക്കിയ വർഷമാണ് 2021. 2020നു മുൻപ് ഏറ്റവും കുറവ് മത്സരങ്ങളുണ്ടായ വർഷം 323 മാച്ചുകൾ മാത്രം നടന്ന 1987 ആണ്.

ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ നാല് വർഷവും ഫിഫ റാങ്കിങ്ങിൽ തങ്ങളുടെ ആധിപത്യം വിട്ടു കൊടുക്കാൻ ബെൽജിയൻ തയ്യാറായിട്ടില്ല. ഇക്കാലയളവിൽ ഒരു കോപ്പ അമേരിക്ക കിരീടം നേടുകയും മറ്റൊരു കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഫൈനൽ കളിക്കുകയും ചെയ്‌ത ബ്രസീലിന്റെ വെല്ലുവിളി അതിജീവിച്ചാണ് ഇപ്പോഴും റെഡ് ഡെവിൾസ് ഒന്നാം സ്ഥാനത്തു തുടരുന്നത്.

ഒന്നാം സ്ഥാനത്തു നിൽക്കുന്ന ബെൽജിയവുമായി വെറും 2.1 പോയിന്റിന്റെ വ്യത്യാസത്തിലാണ് ബ്രസീൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത് എന്നതിനാൽ അടുത്ത വർഷം ഒന്നാം സ്ഥാനം പിടിച്ചെടുക്കാൻ കഴിയുമെന്ന് കാനറികൾക്ക് പ്രതീക്ഷയുണ്ട്. ബെൽജിയത്തിനു 1828.45 പോയിന്റുള്ളപ്പോൾ ബ്രസീലിനു 1826.35 പോയിന്റാണുള്ളത്. 1786.15 പോയിന്റുള്ള ഫ്രാൻസ് ഇവർക്ക് കുറച്ച് പിന്നിലായി മൂന്നാം സ്ഥാനത്തു നിൽക്കുന്നു.

ഫിഫ റാങ്കിങ്ങിലെ ടോപ് 10 ടീമുകളും പോയിന്റും:

1. ബെൽജിയം (1828.45 പോയിന്റ്)

2. ബ്രസീൽ (1826.35 പോയിന്റ്)

3. ഫ്രാൻസ് (1786.15 പോയിന്റ്)

4. ഇംഗ്ലണ്ട് (1755.52 പോയിന്റ്)

5. അർജന്റീന (1750.51 പോയിന്റ്)

6. ഇറ്റലി (1740.77 പോയിന്റ്)

7. സ്പെയിൻ (1704.75 പോയിന്റ്)

8. പോർച്ചുഗൽ (1660.25 പോയിന്റ്)

9. ഡെൻമാർക്ക് (1654.54 പോയിന്റ്)

10. നെതർലാൻഡ്‌സ് (1653.73 പോയിന്റ്)

ആദ്യ പത്തു സ്ഥാനങ്ങളിൽ ഉള്ളവർക്ക് കഴിഞ്ഞ തവണത്തെ റാങ്കിങ്ങിനു ശേഷം ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധേയമാണ്. അതേസമയം ഇന്ത്യ റാങ്കിങ്ങിൽ 104ആം സ്ഥാനത്താണ്. 2022 ഫെബ്രുവരി 10നാണു ഫിഫ അടുത്ത റാങ്കിങ് പുറത്തു വിടുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit