ഫിഫ റാങ്കിങ്: ഫ്രാൻസിനെ പിന്തള്ളി അർജന്റീന, ബ്രസീൽ ഒന്നാം സ്ഥാനത്ത് തുടരുന്നു
By Vaisakh. M

ഇന്ന് പുറത്തിറക്കിയ ഏറ്റവും പുതിയ ഫിഫ റാങ്കിംഗ് പ്രകാരം ബ്രസീൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ലാറ്റിനമേരിക്കൻ എതിരാളിയായ അർജന്റീന ബെൽജിയത്തിന് തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.
ജൂണിൽ യുവേഫ നേഷൻസ് ലീഗിൽ കളിച്ച നാല് മത്സരങ്ങളിലും ഫ്രാൻസ് വിജയിക്കാത്തത് അർജന്റീനക്ക് നേട്ടമായി. ഫ്രാൻസിനെ പിന്തള്ളിയാണ് അർജന്റീന പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയത്. ഫ്രാൻസ് നിലവിൽ പട്ടികയിൽ നാലാം സ്ഥാനത്താണ്. ആദ്യ പത്തിൽ നിന്ന് നെതർലൻഡ്‌സ് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി.
South American vibes at the top of the #FIFARanking 🇧🇷🇦🇷
— FIFA World Cup (@FIFAWorldCup) June 23, 2022
Brazil and Argentina both in the top three for the first time in almost five years! pic.twitter.com/N7BlxODTMi
സ്‌പെയിൻ ആറാം സ്ഥാനത്തെത്തിയപ്പോൾ മെക്‌സിക്കോയെ പിന്തള്ളി ഡെൻമാർക്ക് പത്താം സ്ഥാനത്തേക്ക് ഉയർന്നു. ഇറ്റലി (7), പോർച്ചുഗൽ (9) എന്നിവർ ഓരോ സ്ഥാനങ്ങൾ വീതം താഴേക്ക് പോയി. മെക്സിക്കോ നിലവിൽ 12-ാം സ്ഥാനത്താണുള്ളത്.
ഇന്ത്യൻ ഫുട്ബോൾ ടീം അവരുടെ മികച്ച ഏഷ്യൻ കപ്പ് യോഗ്യതാ ക്യാമ്പെയ്‌നിന്റെ പിൻബലത്തിൽ ഫിഫ ലോക റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 104-ാം സ്ഥാനത്തേക്ക് ഉയർന്നു.
ഈ മാസം നടന്ന ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫിൽ കോസ്റ്റാറിക്കയോട് 0-1ന് തോറ്റതിനാൽ 2022 ഫിഫ ലോകകപ്പ് സ്ഥാനം നഷ്‌ടമായ ന്യൂസിലൻഡിന് (103-ാം സ്ഥാനം) താഴെയാണ് ബ്ലൂ ടൈഗേഴ്‌സിന്റെ സ്ഥാനം. എന്നിരുന്നാലും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ അംഗങ്ങൾക്കിടയിൽ ഇന്ത്യയുടെ റാങ്കിംഗ് ഇപ്പോഴും 19ആണ്.