Football in Malayalam

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കു വേണ്ടി താരങ്ങളെ വിട്ടുകൊടുക്കാൻ ലീഗുകൾ തയ്യാറാകണമെന്ന് ഫിഫ പ്രസിഡന്റ്

Sreejith N
71st FIFA Virtual Congress & Council Meeting
71st FIFA Virtual Congress & Council Meeting / Pool/Getty Images
facebooktwitterreddit

ലോകകപ്പ് യോഗ്യത മത്സരങ്ങളടക്കം അടുത്ത മാസം നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കു വേണ്ടി താരങ്ങളെ വിട്ടുകൊടുക്കാൻ ലീഗുകൾ തയ്യാറാകണമെന്ന് ഫിഫ പ്രസിഡന്റ് ജിയനി ഇൻഫാന്റിനോ. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ വെച്ചു നടക്കുന്ന മത്സരങ്ങൾക്ക് താരങ്ങളെ വിട്ടുകൊടുക്കില്ലെന്ന പ്രീമിയർ ലീഗിന്റെയും ലാ ലീഗയുടെയും തീരുമാനത്തിനു പിന്നാലെയാണ് ഇൻഫാന്റിനോ ഔദ്യോഗിക പ്രസ്‌താവനയിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.

ബ്രിട്ടനും സ്പെയിനും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ യാത്രാ നയത്തിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഏതാനും ദിവസത്തേക്ക് സെൽഫ് ഐസൊലേഷൻ നിർബന്ധമാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ദേശീയ ടീമിനൊപ്പം ചേരുന്ന താരങ്ങൾ തിരിച്ചെത്തി ടീമിനൊപ്പം ചേരാൻ വൈകുന്നത് മത്സരങ്ങളെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് അവരെ വിട്ടു കൊടുക്കില്ലെന്ന് ലീഗ് നേതൃത്വങ്ങൾ വ്യക്തമാക്കിയത്.

ആഗോള തലത്തിലുള്ള പ്രശ്‌നങ്ങളെ ഒറ്റക്കെട്ടായി നേരിട്ടുള്ള നമ്മൾ തുടർന്നും അതുതന്നെ ചെയ്യണമെന്നും അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് താരങ്ങളെ വിട്ടുകൊടുക്കേണ്ടത് അടിയന്തിര പ്രാധാന്യമുള്ള വിഷയമാണെന്നും പ്രസ്‌താവനയിൽ ഇൻഫാന്റിനോ വ്യക്തമാക്കുന്നു. എല്ലാ ലീഗുകളിൽ നിന്നും ക്ലബുകളിൽ നിന്നും ഇക്കാര്യത്തിൽ ഐക്യദാർഢ്യം പ്രതീക്ഷിക്കുന്നുവെന്നും ഏറ്റവും മികച്ച താരങ്ങൾ കളിക്കുന്ന ഈ രണ്ടു രാജ്യങ്ങൾക്ക് താരങ്ങളുടെ കായികസമഗ്രത പരിരക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്ന് വിശ്വസിക്കുന്നതായും പ്രസ്‌താവന പറയുന്നു.

ഇംഗ്ലണ്ടിലെ ക്വാറന്റൈൻ നിയന്ത്രണങ്ങളുടെ കാര്യത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ബോറിസ് ജോൺസണ് കത്തയച്ച് ആവശ്യമായ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്‌തിട്ടുണ്ടെന്നു വ്യക്തമാക്കിയ അദ്ദേഹം കളിക്കാർക്ക് അവരുടെ രാജ്യങ്ങളെ പ്രതിനിധീകരിക്കാനുള്ള അവസരം നഷ്‌ടമാക്കരുതെന്നും ആവശ്യപ്പെട്ടു. യൂറോ കപ്പിന്റെ അവസാന ഘട്ടങ്ങളിൽ ബ്രിട്ടീഷ് ഗവണ്മെന്റ് സ്വീകരിച്ചതിനു സമാനമായ തീരുമാനം ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും താരങ്ങളെ മോചിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇൻഫാന്റിനോക്കു പിന്നാലെ ആഫ്രിക്കൻ ഫുട്ബോൾ ഫെഡറേഷനും താരങ്ങളെ വിട്ടു നൽകാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. താരങ്ങൾ മത്സരങ്ങൾക്കു ശേഷം തിരിച്ചെത്തുമ്പോൾ മതിയായ ഇളവുകൾ നൽകാൻ ബ്രിട്ടീഷ് ഗവണ്മെന്റ് തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

facebooktwitterreddit